മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തിന് കാരണമായ അറ്റ്ലാന്റിക്ക് എന്ന ബോട്ടിന്റെ ഉടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയതായി ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് അറിയിച്ചു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ബോട്ടിന് പെര്‍മിറ്റ് എങ്ങനെ ലഭിച്ചുവെന്നത് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണത്തിന് സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു. കൊണ്ടോട്ടി എ എസ് പി വിജയ് ഭാരത്, താനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ജീവന്‍ ജോര്‍ജ് എന്നിവരും സംഘത്തിലുണ്ട്. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
രഹസ്യകേന്ദ്രത്തില്‍ വച്ചായിരിക്കും ചോദ്യം ചെയ്യലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അപകടസമയത്ത് ബോട്ട് ഓടിച്ചിരുന്ന താനൂര്‍ ഒട്ടുംപുറം സ്വദേശിയായ ദിനേശനും ജീവനക്കാരനായ രാജനും ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരിച്ചിലും അന്വേഷണസംഘം നടത്തുന്നുണ്ട്. താനൂര്‍ ഡി വൈ എസ് പി വി. വി. ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
അതേസമയം, തൂവല്‍ തീരത്ത് ഇന്നും എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരും. ആരെയും കണ്ടെത്താനുള്ളതായി വ്യക്തമായ വിവരം ഇല്ലെങ്കിലും ഇന്ന് കൂടി തിരച്ചില്‍ നടത്തി അവസാനിപ്പിക്കാനാണ് തീരുമാനം. അപകടത്തിന് ശേഷം ആരെയും കാണാതായതായുള്ള പരാതികള്‍ പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.
അപകടത്തിന് ശേഷം ഒളിവില്‍ പോയ നാസറിനെ ഇന്നലെ താനൂരില്‍ നിന്നായിരുന്നു പിടികൂടിയത്. നാസറിന്റെ ഉടമസ്ഥതിയിലുള്ള കാര്‍ നേരത്തെ കൊച്ചിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കാറില്‍ നിന്നും നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. ഹൈക്കോടതിയില്‍നിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. ഇവരില്‍ നിന്നും നാസറിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പൊലീസ് അന്വേഷണത്തിന് പുറമെയാണിത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനമായി. ഇന്നലെ താനൂരില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതുവരെ അപകടത്തില്‍ 22 പേരാണ് മരണപ്പെട്ടത്. എട്ട് പേര്‍ ചികിത്സയിലും കഴിയുന്നുണ്ട്. രണ്ട് പേര്‍ ആശുപത്രി വിട്ടതായും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.