മലപ്പുറം: താനൂര്‍ ഓട്ടുമ്പ്രം തൂവല്‍ തീരത്ത് വിനോദയാത്ര ബോട്ട് മുങ്ങിയുണ്ടായ അപകടം ബോട്ടിലെ അമിതഭാരം മൂലമാണെന്ന് പ്രാഥമിക നിഗമനം. വൈകുന്നേരം അഞ്ച് മണിയ്ക്ക് ശേഷം ബോട്ട് സര്‍വീസ് നടത്താന്‍ പാടില്ല എന്നാണ് നിര്‍ദേശം. എന്നാല്‍ താനൂരില്‍ ബോട്ട് അപകടത്തില്‍പ്പെട്ടത് രാത്രി ഏഴ് മണിക്ക് ശേഷമാണ്.
മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള യാത്ര മരണസംഖ്യ ഉയരുന്നതിലേക്ക് നയിച്ചു. രാത്രിയായതുകൊണ്ട് തന്നെ വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിനെ കാര്യമായി ബാധിച്ചിരുന്നു. ബോട്ടിലുണ്ടായിരുന്നു ആളുകളുടെ എണ്ണം കൃത്യമായി വ്യക്തമല്ല. 40 ടിക്കറ്റുകള്‍ നല്‍കിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
കുട്ടികളെ കൂടാതെയാണ് 40 ടിക്കറ്റുകളെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മത്സ്യബന്ധനബോട്ട് നവീകരിച്ചാണ് വിനോദസഞ്ചാരത്തിനായി ഉപയോഗിച്ചത്. 35 പേരെ വരെ പരമാവധി ബോട്ടില്‍ ഉള്‍ക്കൊള്ളാനാകുകയുള്ളെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ കൂടുതല്‍ ആളുകള്‍ കയറിയതോടെ ബോട്ട് ഒരു വശത്തേക്ക് ചെരിയുകയായിരുന്നു.
ബോട്ട് ചെരിഞ്ഞത് യാത്രക്കാരില്‍ പരിഭ്രാന്തിയുണ്ടാക്കുകയും ചെയ്തു. ഇതോടെ യാത്രക്കാര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയും ബോട്ടിന്റെ ബാലന്‍സ് നഷ്ടപ്പെടുകയും മറിയുകയുമായിരുന്നു. രണ്ട് തട്ടുള്ള ബോട്ടായതുകൊണ്ട് തന്നെ പലരും ബോട്ടിനുള്ള കുടുങ്ങിക്കിടന്നതും മരണം ഉയരുന്നതിന് കാരണമായി.
ഇന്നലെ അര്‍ദ്ധ രാത്രിക്ക് ശേഷമായിരുന്നു ബോട്ട് കരയ്ക്ക് അടുപ്പിക്കാനായത്. കരയ്ക്കടുപ്പിച്ച ബോട്ടിനുള്ളില്‍ നിന്നും നിരവധി പേരെ പുറത്തെടുത്തിരുന്നു. ബോട്ടിനുള്ളില്‍ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതിരുന്നതും തിരിച്ചടിയായി. യാത്രക്കാര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിരുന്നില്ലെന്നാണ് സംഭവസ്ഥലത്ത് ആദ്യമെത്തിയവര്‍ നല്‍കിയ വിവരം.
ബോട്ടുടമയായ താനൂർ സ്വദേശി നാസർ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. വിദോസഞ്ചാരത്തിനു വേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലായിരുന്നു.
അപകടത്തില്‍ മരണസംഖ്യ 22 ആയി ഉയര്‍ന്നിട്ടുണ്ട്. മരിച്ചവരില്‍ ഏഴ് കുട്ടികളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റ 10 പേര്‍ ചികിത്സയിലാണ്, ഇതില്‍ ഏഴ് പേരുടെ നില അതീവഗുരുതരമായി തുടരുന്നു.
മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ രാവിലെ ആറ് മണിയോടെ ആരംഭിച്ചു. തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മഞ്ചേരി മെഡിക്കല്‍ കോളജ് എന്നീ ആശുപത്രികളിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുന്നത് പത്ത് മണിക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വിട്ടുകൊടുക്കണമെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശം.