മലപ്പൂറം: താനൂരിലുണ്ടായ ബോട്ടപകടത്തില്‍ മരണപ്പെട്ടവരില്‍ ഒരു കുടുംബത്തിലെ 12 പേരും. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബാംഗങ്ങളാണ് മരിച്ചത്. ഇവരില്‍ ഒന്‍പത് പേര്‍ ഒരു വീട്ടില്‍ താമസിക്കുന്നവരാണ്. മൂന്ന് പേര്‍ ബന്ധുക്കളും.
പരപ്പനങ്ങാടി ആവിയിൽ ബീച്ച് കുന്നുമ്മലില്‍ സീനത്ത് (43), മക്കളായ ഹസ്‌ന (18), ഷഫല (13), ഷംന (12), ഫിദ ദിൽന (ഏഴ്), സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ ഷഹറ (എട്ട്), നൈറ (ഏഴ്), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു മരിച്ചത്.
സീനത്തിന്റെ ഭര്‍ത്താവ് സൈതലവിയുടെ ബന്ധുക്കളായ ജൽസിയ (45), ജരീർ (12), ജന്ന (എട്ട്) എന്നിവരാണ് മരണപ്പെട്ട മറ്റ് മൂന്ന് പേര്‍. കുടുംബത്തിലെ 15 പേരും ചേര്‍ന്നാണ് വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ ആരോഗ്യനില സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അപകടത്തില്‍ മരണസംഖ്യ 22 ആയി ഉയര്‍ന്നിട്ടുണ്ട്. മരിച്ചവരില്‍ ഏഴ് കുട്ടികളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റ 10 പേര്‍ ചികിത്സയിലാണ്, ഇതില്‍ ഏഴ് പേരുടെ നില അതീവഗുരുതരമായി തുടരുന്നു.
ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് താനൂര്‍ ഓട്ടുമ്പ്രം തൂവല്‍ തീരത്ത് ബോട്ടപകടം ഉണ്ടായത്. കരയില്‍ നിന്ന് 300 മീറ്റര്‍ അകലെ വച്ചാണ് അപകടമുണ്ടായത്. ബോട്ട് തലകീഴായാണ് മറിഞ്ഞത്. ആറ് പേരെ ഇതുവരെ രക്ഷപ്പെടുത്താനായെന്നാണ് വിവരം. ബോട്ടില്‍ നാല്‍പ്പതോളം പേരുണ്ടായിരുന്നതായാണ് വിവരം.
ബോട്ടിലുണ്ടായിരുന്നവരില്‍ പലരും ലൈഫ് ജാക്കറ്റ് ഇട്ടിരുന്നില്ലെന്നാണ് രക്ഷപെട്ടയാളുകളില്‍ നിന്നും ലഭിച്ച പ്രതികരണം. നിരവധി പേര്‍ ബോട്ടിന്റെ പല ഭാഗത്തേക്കും നടക്കുകയും ഇതോടെ ബോട്ടിന്റെ ബാലന്‍സ് തെറ്റുകയായിരുന്നു. ആദ്യം ബോട്ട് ഒരു വശത്തേക്കാണ് മറഞ്ഞത്. നിരവധി കുട്ടികളും ബോട്ടിലുണ്ടായിരുന്നു.
ബോട്ട് മറിഞ്ഞ മേഖലയിലെ ആഴക്കൂടുതലും ചെളി കൂടുതലായതും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയായി. പൊലീസ്, ഫയര്‍ ഫോഴ്സ്, മത്സ്യത്തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്.