പമ്പ: ശബരിമലയിൽ ആചാരലംഘനം നടന്നാൽ എന്തുചെയ്യണമെന്ന് തന്ത്രിക്കറിയാമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ. താൻ അതിനെ കുറിച്ച് തന്ത്രിക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് ഇത്. ഇപ്പോൾ വന്നിട്ടുള്ള സ്ത്രീകൾ നക്സൽ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരാണെന്നും ആറന്മുളയിൽ നിന്ന് തങ്കഅങ്കി ഘോഷയാത്ര ആരംഭിച്ച ഇന്ന് തന്നെ സ്ത്രീകൾ വന്നതിനു പിന്നിൽ മറ്റു പല ഉദ്ദേശ്യങളുണ്ടെന്നും ശശികുമാര വർമ്മ പറഞ്ഞു.

അതേസമയം, മനിതി സംഘത്തിന്റെ ശബരിമല ദർശനവുമായി നിരീക്ഷക സമിതി തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഹൈക്കോടതി നേരിട്ട് നിയമിച്ചിരിക്കുന്ന നിരീക്ഷിക സമിതിയുടെ നിർദേശങ്ങളനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമല ദർശനത്തിനെത്തിയ മനിതി സംഘത്തെ പമ്പയിൽ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് ഇരുവരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അയ്യപ്പ ദർശനത്തിന് ശേഷം മാത്രമേ മടങ്ങി പോകൂ എന്ന നിലപാടിലാണ്. പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ആളുകൾ എത്തുന്നുണ്ടെന്നും അയ്യപ്പ ദർശനത്തിന് ശേഷം മാത്രമേ മടങ്ങൂ എന്നും ഇവർ പൊലീസിനെ അറിയിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.