മലപ്പുറം: താനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ ഒരാൾകൂടി പിടിയിൽ. ഇതോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം മൂന്നായി. നാല് പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. അഞ്ചുടി സ്വദേശി ത്വാഹയാണ് ഏറ്റവും ഒടുവിൽ പിടിയിലായത്. അവശേഷിക്കുന്ന ഒരാൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
ഇന്നലെയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവർത്തകനുമായ ഇസ്ഹാഖിനെ കൊലപ്പെടുത്തിയത്. വീട്ടിൽ നിന്നും കവലയിലേക്ക് വരുന്ന വഴി പ്രതികൾ ഇസ്ഹാഖിനെ അക്രമിക്കുകയായിരുന്നു. ശരീരത്തിൽ വെട്ടേറ്റ ഇസ്ഹാഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നിലനിർത്താനായില്ല.
നേരത്തെ കൊലപാതക കേസില്‍ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്നുമാണ് പ്രതികളുടെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
അതേസമയം കേസിൽ പി.ജയരാജനെതിരെ ഗുരുതര ആരോണങ്ങളുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. കൊലപാതകം നടക്കുന്നതിന് മുമ്പ് പി. ജയരാജന്‍ അഞ്ചുടിയില്‍ എത്തി ഒരു വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ഇപ്പോള്‍ അറസ്റ്റിലായ പ്രതികളും പങ്കെടുത്തിരുന്നുവെന്നും ഫിറേസ് ആരോപിച്ചു. അത്കൊണ്ട് തന്നെ കൊലപാതകത്തില്‍ പി. ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്നും പി. കെ ഫിറോസ് ആവശ്യപ്പെട്ടു.