താനൂർ: മലപ്പുറം താനൂരിൽ കഴിഞ്ഞ ദിവസമുണ്ടായ ലീഗ്-സിപിഐഎം സംഘർഷത്തെത്തുടർന്ന് ആർഡിഒ സർവ്വകക്ഷി സമാധാന യോഗം വിളിച്ചു.
താനൂർ കടപ്പുറത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ നിരവധി വീടുകളാണ് തകർത്തത് നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മുസ്ലീം ലീഗിന്റെയും സിപിഐഎമ്മിന്റെയും 32 ഓളം പ്രവർത്തകരെ പൊലീസ്​ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. സ്ഥലത്ത് സ്വൈര്യ ജീവിതം പുനസ്ഥാപിക്കുന്നതിന് വേണ്ടിയാണ് ആർഡിഒ സർവ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ ജില്ലാ കളക്ടറും എസ്പിയും പങ്കെടുക്കുന്നുണ്ട്.

അക്രമികൾ തകർത്ത ഓട്ടോറിക്ഷ

ഒരു വര്‍ഷത്തോളമായി ഇവിടെ നിലനില്‍ക്കുന്ന മുസ്‌ലിം ലീഗ്- സിപിഎം രാഷ്ട്രീയ പോരിന്റെ ഭാഗമായാണ് ഞായറാഴ്ച രാത്രി താനൂരിലെ ചാപ്പപടി, കോര്‍മന്‍ കടപ്പുറം പ്രദേശങ്ങളില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് താനൂരില്‍ നിന്നും സമീപ സ്റ്റേഷനുകളില്‍ നിന്നും എത്തിയ പൊലീസിനു നേര്‍ക്കും കനത്ത ആക്രമണമുണ്ടായി. ആക്രമികളെ തുരത്താന്‍ പൊലീസിനു മൂന്ന് റൗണ്ട് ആകാശത്തേക്ക് വെടിയുതിര്‍ക്കേണ്ടി വന്നു. എങ്കിലും രാത്രി വൈകിയും സംഘര്‍ഷങ്ങള്‍ക്ക് അയവുണ്ടായിരുന്നില്ല. തിങ്കളാഴ്ച പകലോടെ തൃശൂരില്‍ നിന്നും പാലക്കാട്ടു നിന്നും അധിക സേനയെ എത്തിച്ച് പ്രശ്‌നബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചു. ഇതിനുപിന്നാലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടായിട്ടുണ്ട്.

അക്രമത്തിൽ തകർത്ത ലോറി

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ