താമരശേരി: കിടപ്പുമുറിയിൽ തൊട്ടിലിൽ ഉറക്കിക്കിടത്തിയ പെൺകുഞ്ഞിനെ വീടിനുപിറകുവശത്തുള്ള കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ പിതൃസഹോദരഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് കുഞ്ഞിനെ കിണറ്റിനകത്ത് കണ്ടെത്തിയത്. മാതാവ് ഷമീന കുഞ്ഞിനെ ഉറക്കിക്കിടത്തി കുളിമുറിയിൽ കുളിക്കാൻ കയറിയ സമയം കുഞ്ഞിന്റെ പിതാവിന്റെ ജേഷ്ഠന്റെ ഭാര്യ ജസീല കുഞ്ഞിനെയെടുത്ത് കിണറ്റിലിടുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഷമീനയോട് ജസീലയ്ക്കുള്ള അസൂയയും വൈരാഗ്യവുമാണ് കൊലയ്ക്കു കാരണമെന്നും ഡിവൈഎസ്‌പി പറഞ്ഞു. ഷമീനയും കുഞ്ഞും ജസീലയും ജസീലയുടെ രണ്ടരവയസ്സുള്ള മകനും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്.

സഹോദര ഭാര്യ ഷമീനയോടുള്ള പകയാണ് കൃത്യം നടത്താന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വീട്ടില്‍ നിന്നു പ്രതിക്ക് പരിഗണന ലഭിക്കാത്തതും തികഞ്ഞ അവഗണനയും നേരിടുന്നതിനെ തുടര്‍ന്ന് പ്രതി കടുത്ത മാനസിക ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നതായും ഇതാണ് കൊലപാതകത്തിന് ജസീലയെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. വീട്ടിലെ ജോലികൾ ജസീലയ്ക്ക് കൂടുതൽ എടുക്കേണ്ടിവരുന്നെന്ന തോന്നലിൽനിന്നാണ് ഷമീനയോട് വൈരാഗ്യമുണ്ടാകാൻ കാരണമെന്നാണ് ചോദ്യംചെയ്യലിൽ പൊലീസിനു വ്യക്തമായത്.

സംഭവദിവസം രാവിലെ ഷമീന ഈങ്ങാപ്പുഴയിലെ ബന്ധുവീട്ടിൽ കുഞ്ഞുമായി പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതുകണ്ട് മനസ്സിൽ തോന്നിയ നീരസമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ പെട്ടെന്നുള്ള കാരണമായത്. ഷമീന കുഞ്ഞിനെ ഒരുക്കിയശേഷം കുളിക്കാൻ കയറിയപ്പോൾ ജസീല വീടിനുപിറകിൽ മീൻ മുറിക്കുകയായിരുന്നു. അതിനിടയിൽ കയറിവന്ന് കുഞ്ഞിനെയെടുത്ത് കിണറ്റിലിട്ടശേഷം വീണ്ടും മീൻ മുറിക്കുന്നത് തുടരുകയായിരുന്നു. ഷമീന കുളികഴിഞ്ഞെത്തിയപ്പോൾ കുഞ്ഞിനെ കാണാതിരുന്നതിനെത്തുടർന്ന് തിരഞ്ഞുനടന്നപ്പോൾ കിണറ്റിൽ കുഞ്ഞിനെ കണ്ടെത്തിയതും ജസീലയായിരുന്നു. വെള്ളം കോരാൻ നോക്കുമ്പോൾ കിണറ്റിൽ കുട്ടിയെ കണ്ടെന്നാണ് ജസീല പറഞ്ഞത്.

പത്തു ദിവസത്തിനകം പുതിയ വീട്ടിലേക്ക് താമസം മാറുവാനുള്ള ഒരുക്കത്തിലായിരുന്നു ജസീലയും ഭര്‍ത്താവ് അബ്ദുള്‍ ഖാദറും. സംഭവം നടന്നത് മുതല്‍ വീട്ടുകാരെ പൊലീസ് നിരന്തരം ചോദ്യം ചെയ്ത് വന്നിരുന്നു. ഇതിനിടെ പ്രതിയുടെ മൊഴിയില്‍ സംശയം ഉള്ളതായി സംഭവ ദിവസം തന്നെ പൊലീസിന് ബോധ്യപ്പെട്ടിരുന്നു.

വെള്ളത്തിൽ മുങ്ങി കുഞ്ഞ് മരിച്ചതായാണ് പോസ്റ്റ്‌മോർട്ടം നടത്തിയ മെഡിക്കൽ കോളേജിലെ ഡോക്ടർ പൊലീസിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ജസീല കുറ്റം സമ്മതിച്ചത്. ജസീലയുടെ ഭർത്താവ് അബ്ദുൽ ഖാദർ ഗൾഫിലായിരുന്നു. നാട്ടിലെത്തിയിട്ട് രണ്ടു മാസമായതേയുള്ളൂ. ഭർത്താവ് ഗൾഫിലായിരിക്കുമ്പോൾ ജസീല ഭർതൃവീട്ടിൽ നിൽക്കാറില്ലായിരുന്നു.

കത്തറമ്മലിലെ സ്വന്തം വീട്ടിലേക്ക് പോകാറാണ് പതിവ്. ഭർത്താവും മക്കളുമൊത്ത് വേറെ താമസിക്കാൻ കാരാടി പറച്ചിക്കോത്ത് ഇവർ പുതിയ വീടുണ്ടാക്കി ഒന്നരമാസംമുമ്പ് പാലുകാച്ചൽ ചടങ്ങ് നടത്തിയിരുന്നു.

സിഐ അഗസ്റ്റ്യൻ, എസ്‌ഐ സായൂജ്കുമാർ, എഎസ്ഐമാരായ വി.കെ.സുരേഷ്, അനിൽകുമാർ, രാജീവ് ബാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിബിൽ ജോസഫ്, ഷീബ എന്നിവർ ചേർന്നാണ് പ്രതിയെ ചോദ്യം ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.