കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് താമരശ്ശേരി കട്ടിപ്പാറയിൽ ഉരുൾപൊട്ടി മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ച ഹസന്റെ കൊച്ചുമകള്‍ റിയ മറിയത്തിന്റെ മൃതദേഹമാണ് ഇന്ന് തിരച്ചിലിനിടെ കിട്ടിയത്. നാലു കുട്ടികളടക്കം എട്ടുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇനിയും ആറുപേരെ കൂടി കണ്ടെത്താനുണ്ട്.

വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാൻ (60), അബ്ദുറഹിമാന്റെ മകൻ കരിഞ്ചോല ജാഫർ(35) ജാഫറിന്റെ മകൻ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്‌ദുൾ സലീമിന്റെ മക്കളായ ദിൽന ഷെറിൻ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസൻ (65), ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തിരുന്നു. ഏഴുപേരുടേയും മൃതദേഹങ്ങൾ ഇന്നലെ തന്നെ വെട്ടിയൊഴിഞ്ഞതോട്ടം ജുമാമസ്ജിദിൽ സംസ്കരിച്ചു.

കരിഞ്ചോല മലയുടെ താഴെ താമസിക്കുന്ന നാലു വീട്ടുകാരാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്‌ച പുലർച്ചെ മൂന്നരയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ മഴയെത്തുടർന്ന് ഉരുൾപൊട്ടലുണ്ടായി.

ഈ മാസം 18 വരെ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുളളത്. മലയോര മേഖലയിലുളളവർക്കും തീരപ്രദേശങ്ങളിലുളളവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ