തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയം മറ്റൊരു ഓഖി ദുരന്തമാണെന്ന് താമരശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധസമിതി ചെയര്‍മാനുമായ റെമജിയോസ് ഇഞ്ചനാനിയില്‍. ഒരു ബാർ പോലും തുറക്കില്ലെന്ന് സർക്കാർ നൽകിയ വാഗ്‌ദാനത്തിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോഴത്തെ തീരുമാനം. തിരഞ്ഞെടുത്ത ജനങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയാണിതെന്നും ഇഞ്ചനാനിയല്‍ പറഞ്ഞു.

സർക്കാരിന് പണമില്ലെന്ന് കരുതി എങ്ങനെയും പണമുണ്ടാക്കാൻ ശ്രമിക്കരുത്. പാവപ്പെട്ടവരുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാർ പാവങ്ങളെ ചൂഷണം ചെയ്യുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന വാഗ്‌ദാനങ്ങളോട് സർക്കാർ നീതി പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഫലം പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഏപ്രിൽ രണ്ടിന് സമര പരിപാടികൾ നടത്തും. ഇതിൽ എല്ലാ ജനങ്ങളും അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തു പതിനായിരത്തിനു മുകളിൽ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതെന്നു കണക്കാക്കി അവിടെയെല്ലാം മദ്യശാലകൾ തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. പട്ടണസ്വഭാവമുള്ള പഞ്ചായത്തുകളിലും മദ്യവിൽപനശാലകൾ തുടങ്ങാമെന്നും ഇത്തരം പട്ടണങ്ങൾ ഏതൊക്കെയെന്നു സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്നും ഫെബ്രുവരി 24ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതു കണക്കിലെടടുത്താണ് പഞ്ചായത്തുകളിൽ ബാറുകൾ തുറക്കാനുളള സർക്കാർ ഉത്തരവ്.

നിലവിൽ 286 ബാറുകളാണു കേരളത്തിൽ പ്രവർത്തിക്കുന്നത്. സർക്കാർ ഉത്തരവ് പ്രാബല്യത്തിലാവുമ്പോൾ ഒട്ടുമിക്ക പഞ്ചായത്തുകളിലെയും മദ്യശാലകള്‍ തുറക്കും. കേരളത്തിലെ മിക്ക പഞ്ചായത്തുകളിലും പതിനായിരത്തിനു മേലാണു ജനസംഖ്യ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ