scorecardresearch

ചികിത്സാപ്പിഴവ്; വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം ഗൗരവതരമെന്ന് ആരോഗ്യ മന്ത്രി

ഫുട്ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർഥിക്കാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ തുടർന്ന് കൈ നഷ്ടപ്പെട്ടത്

ചികിത്സാപ്പിഴവ്; വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം ഗൗരവതരമെന്ന് ആരോഗ്യ മന്ത്രി

തലശേരി: തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവിനെത്തുടർന്ന് വിദ്യാർഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം ഗൗരവതരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പിഴവുകളുണ്ടെന്നു കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും അന്വേഷിച്ച് റിപ്പോർട്ട്‌ നൽകാൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയുടെ കുടുംബം നൽകിയ പരാതി ഹെൽത്ത്‌ സർവീസ് ഡയറക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട്‌ കിട്ടുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ഫുട്ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർഥിക്കാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെത്തുടർന്ന് ഒരു കൈ നഷ്ടപ്പെട്ടത്. തലശേരി ചേറ്റംകുന്ന് നാസാ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബൂബക്കർ സിദ്ധിഖിന്റെ മകൻ പതിനേഴുകാരനായ സുൽത്താനാണ് ദുരനുഭവമുണ്ടായത്.

ഒക്ടോബർ 30 ന് വൈകിട്ടാണ് അപകടമുണ്ടായത്. വീടിനു സമീപമുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വീണ് കൈയ്യിലെ എല്ല് പൊട്ടുകയായിരുന്നു. ഉടൻ തന്നെ തലശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്താൻ അധികൃതർ തയാറായത്. അപ്പോഴേക്കും കയ്യിലേക്കുളള രക്തയോട്ടം നിലച്ചിരുന്നതിനാൽ മെഡിക്കൽ കോളജിലേക്കു മാറ്റി. കുട്ടിയുടെ കൈ മുഴുവനായി മുറിച്ചു മാറ്റണമെന്ന് പറഞ്ഞതോടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അവിടെവച്ച് കൈ മുട്ടിനുതാഴേക്കു മുറിച്ചു മാറ്റി.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കൈ മുറിച്ചുമാറ്റാന്‍ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും ബന്ധുക്കൾ പരാതി നൽകിയിരുന്നു.

അതേസമയം, ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് തലശേരി ജനറൽ ആശുപത്രിയുടെ വിശദീകരണം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്നാം ദിവസം തന്നെ കയ്യിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കമ്പാർട്ട്മെന്റ് സിൻഡ്രോം എന്ന അവസ്ഥ വന്നു. സർജറി ചെയ്തെങ്കിലും നീർക്കെട്ട് മാറാത്തതിനാൽ കൈ തുന്നിക്കെട്ടിയിരുന്നില്ല.

അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന വിവരം ബന്ധുക്കളോട് പറഞ്ഞിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയിൽപ്പെട്ടത്. അതിനൊപ്പം ബ്ലീഡിങ്ങും ഉണ്ടായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് വിട്ടുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thalassery hospital treatment mistake enquiry started says health minister veena george