കണ്ണൂര്‍: മത്സ്യത്തൊഴിലാളിയായ സിപിഎം പ്രവര്ത്തകന് ഹരിദാസന്റെ കൊലപാതകത്തിന് പിന്നാലെ തലശേരിയില്‍ കനത്ത ജാഗ്രത. കൊലപാതകം നടന്ന മേഖലയിലും പരിസരങ്ങളിലുമായി പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. തുടര്‍ അക്രമങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് നടപടി. അതേസമയം, ഹരിദാസന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. സിപിഎം നേതാക്കളായ പി. ജയരാജന്, എം. വി. ജയരാജന്, എ. എന്‍. ഷംസീര്‍ തുടങ്ങിയര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
ഹരിദാസന് ഇരുപതിലേറെ തവണ വെട്ടേറ്റെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അരയ്ക്കു താഴെയാണ് മുറിവുകളേറെയും. ഒരേ ഇടത്ത് വീണ്ടും വെട്ടി മുറിവുകളുടെ എണ്ണം കണക്കാക്കാനാകാത്ത വിധം ശരീരം വികൃതമാക്കി. ഇടതുകാല് മുട്ടിനു താഴെ വെട്ടിമാറ്റി. വലതുകാല്‍ മുട്ടിനു താഴെ നാലിടങ്ങളിലും ഇടതു കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്.
ഹരിദാസനെ ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. മീന്‍പിടിത്തം കഴിഞ്ഞു വീട്ടിലെത്തിയഹരിദാസിനെ ബന്ധുക്കളുടെ മുന്നിലാണു വെട്ടിക്കൊന്നത്. കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസാണെന്നാണു സിപിഎമ്മിന്റെ ആരോപണം.
ഹരിദാസിനെ ആക്രമിച്ചത് അഞ്ചംഗ സംഘമാണെന്നും ഇതില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞതായും സഹോദരൻ സുരേന്ദ്രന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഘത്തിലെ രണ്ടു പേര് പരിസരത്തുള്ളവരാണെന്നും ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരെ അക്രമികള്‍ വാള് വീശി ഭീഷണിപ്പെടുത്തിയതായും സുരേന്ദ്രന് പറഞ്ഞു.
ക്ഷേത്രത്തിലുണ്ടായ തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും അതു സംസാരിച്ച് പരിഹരിച്ചെങ്കിലും തുടര്‍ന്നും അടിയുമുണ്ടായതായും സുരേന്ദ്രന് പറഞ്ഞു. ക്ഷേത്രത്തിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ ഹരിദാസനും തനിക്കും ഭീഷണിയുണ്ടായിരുന്നെന്നും ഇതുകാരണം കുറച്ച് ദിവസം പണിക്കു പോയിരുന്നില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
Also Read: നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമം; പ്രകോപനത്തില്‍ വീഴരുതെന്നും മുഖ്യമന്ത്രി