കണ്ണൂര്‍: ന്യൂമാഹി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍ ഏഴു പേര്‍ കസ്റ്റഡിയില്‍. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍, പ്രദേശത്ത് നേരത്തെയുണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരെയാണ് നിലവില്‍ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. വീട്ടുമുറ്റത്താണ് കൊലപാതകം നടന്നത്. രാഷ്ട്രീയ കൊലപാതകമാണോയെന്നു സ്ഥിരീകരിക്കാറായിട്ടില്ല. കഴിഞ്ഞദിവസം പ്രകോപന പ്രസംഗം നടത്തിയ ബിജെപി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ലിജേഷിനെയും കസ്റ്റഡിയിലെടുക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.
ഹരിദാസന് ഇരുപതിലേറെ തവണ വെട്ടേറ്റെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അരയ്ക്കു താഴെയാണ് മുറിവുകളേറെയും. ഒരേ ഇടത്ത് വീണ്ടും വെട്ടി മുറിവുകളുടെ എണ്ണം കണക്കാക്കാനാകാത്ത വിധം ശരീരം വികൃതമാക്കി. ഇടതുകാല്‍ മുട്ടിനു താഴെ വെട്ടിമാറ്റി.
വലതുകാല്‍ മുട്ടിനു താഴെ നാലിടങ്ങളില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. ഇടതു കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്.
മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. മീന്‍പിടിത്തം കഴിഞ്ഞു വീട്ടിലെത്തിയഹരിദാസിനെ ബന്ധുക്കളുടെ മുന്നിലാണു വെട്ടിക്കൊന്നത്. കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസാണെന്നാണു സിപിഎമ്മിന്റെ ആരോപണം.
ഹരിദാസിനെ ആക്രമിച്ചത് അഞ്ചംഗ സംഘമാണെന്നും ഇതില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞതായും സഹോദരൻ സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഘത്തിലെ രണ്ടു പേര്‍ പരിസരത്തുള്ളവരാണെന്നും ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരെ അക്രമികള്‍ വാള് വീശി ഭീഷണിപ്പെടുത്തിയതായും സുരേന്ദ്രന്‍ പറഞ്ഞു.
ക്ഷേത്രത്തിലുണ്ടായ തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും അതു സംസാരിച്ച് പരിഹരിച്ചെങ്കിലും തുടര്‍ന്നും അടിയുമുണ്ടായതായും സുരേന്ദ്രന്‍ പറഞ്ഞു. ക്ഷേത്രത്തിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ ഹരിദാസനും തനിക്കും ഭീഷണിയുണ്ടായിരുന്നെന്നും ഇതുകാരണം കുറച്ച് ദിവസം പണിക്കു പോയിരുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.