കണ്ണൂര്‍: തലശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം. തലശേരി ബിഷപ് ഹൗസിൽ വച്ച് ബിജെപി നേതാക്കളുമായി ബിഷപ് ചര്‍ച്ച നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ തോമസ്, ജനറല്‍ സെക്രട്ടറി ജോസ് എ വണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നതായാണ് വിവരം.
റബറിന് കിലോയ്ക്ക് 300 രൂപയായി വര്‍ധിപ്പിച്ചാല്‍ ബിജെപിയെ സഹായിക്കുമെന്നും കേരളത്തിൽ നിന്ന് എംപി ഇല്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുതരുമെന്നുമായിരുന്നു ബിഷപ്പിന്റെ പ്രസ്താവന. ബിഷപ്പിന്റെ വാക്കുകളെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സ്വാഗതം ചെയ്തിരുന്നു.
“നരേന്ദ്ര മോദി സർക്കാരിലുള്ള വിശ്വാസമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. മോദി സർക്കാർ ഘട്ടംഘട്ടമായി റബർ വില കൂട്ടുകയാണ്. എന്നാൽ യുപിഎ സർക്കാർ റബർ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ല. കേന്ദ്ര സർക്കാർ കർഷകർക്ക് ഗുണമുണ്ടാകുന്ന നിലപാട് ശക്തിപ്പെടുത്തും. കേരളത്തിലെ എല്ലാ വിഭാഗങ്ങൾക്കും അത്താണി മോദി സർക്കാർ മാത്രമാണ്,” സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിലും എൻഡിഎ സഖ്യം അധികാരത്തിൽ വരുമെന്ന നരേന്ദ്ര മോദിയുടെ വാക്കുകൾ എല്ലാ വിഭാഗങ്ങളും ഏറ്റെടുക്കുകയാണ്. ഇതു മനസിലാക്കി തെറ്റായ പ്രചരണം നടത്തുകയാണ് ഇടതുപക്ഷവും കോൺഗ്രസും. ഇത് കേരളത്തിലെ ക്രൈസ്തവ സമൂഹം തള്ളിക്കളഞ്ഞത് നല്ല കാര്യമാണ്. നരേന്ദ്ര മോദി സർക്കാരിൻ്റെ ഭരണത്തിൽ വിശ്വാസി സമൂഹം സന്തുഷ്ടരാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.