ന്യൂഡല്‍ഹി: കേരളത്തിന് സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞ് തായ്‌ലൻഡ് അംബാസഡര്‍ ചുടിന്റോണ്‍ സാം. സാധ്യമായ മൂന്നു വഴികളിലൂടെയും നോക്കി, എന്നാല്‍ ഒടുവില്‍ താന്‍ കീഴടങ്ങിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കേരളത്തിന് വിവിധ രാജ്യങ്ങള്‍ സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്തിരുന്നു. യുഎഇയ്ക്കും ജപ്പാനും പുറെ തായ്‌ലൻഡും കേരളത്തിന് സഹായം വാഗ്‌ദാനം ചെയ്തു. ഇക്കാര്യം ഇന്ത്യ ഗവണ്‍മെന്റിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ വിദേശ സഹായം ആവശ്യമില്ലെന്ന് പറഞ്ഞ് കേന്ദ്രം ഇത് തള്ളി. ഒടുവില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തായ്‌ലന്‍ഡ് സ്വകാര്യ കമ്പനികള്‍ക്കു കേരളത്തെ സഹായിക്കാന്‍ അനുവാദം കൊടുത്തു. സഹായം കൈമാറുന്ന സമയത്തു തായ്‌ അംബാസഡര്‍ ഉണ്ടാകരുതെന്നായിരുന്നു കേന്ദ്രത്തിന്റെ നിബന്ധന.

‘കേരള പ്രളയ ദുരിതാശ്വാസം- പ്രയത്‌നം -1: ജി ടു ജി (സര്‍ക്കാര്‍തലത്തില്‍) സഹായം വാഗ്‌ദാനം ചെയ്തു- മാന്യമായി തള്ളി. 2. ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്ത തായ് കമ്പനികള്‍ മുഖേന ബി ടു ജി (ബിസിനസ് ടു സര്‍ക്കാര്‍) സഹായം വാഗ്‌ദാനം ചെയ്തു- ഇപ്പോള്‍ കൈമാറാനായിട്ടില്ലെന്ന് മറുപടി. 3. ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്ത തായ് കമ്പനികള്‍ നേരിട്ട് ഞാനില്ലാതെ വാഗ്‌ദാനം ചെയ്തു” ചുടിന്റോണ്‍ സാം ട്വീറ്റ് ചെയ്തു. താന്‍ കീഴടങ്ങി എന്ന പോസ്റ്ററും ട്വീറ്റിന്റെ കൂടെയുണ്ട്. ഇനി എന്ത് ചെയ്യണമെന്ന് കമ്പനിക്ക് തീരുമാനിക്കാമെന്നും സാം വ്യക്തമാക്കി.

പ്രളയസമയത്തു തന്നെ തായ്‌ലൻഡ് സഹായം വാഗ്‌ദാനം ചെയ്യുകയും കേന്ദ്ര സര്‍ക്കാര്‍ നിരസിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി വിദേശസഹായം സ്വീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയെന്ന് ഓഗസ്റ്റ് 22ന് അംബാസഡര്‍ ട്വീറ്റ് ചെയ്തിരുന്നു. തങ്ങളുടെ ഹൃദയം നിങ്ങളോടൊപ്പമാണെന്നും അദ്ദേഹം കുറിച്ചിരുന്നു. യുഎഇ വാഗ്‌ദാനം ചെയ്ത 700 കോടി രൂപ, ഖത്തര്‍, മാലിദ്വീപ് രാജ്യങ്ങള്‍ വാഗ്‌ദാനം ചെയ്ത തുക എന്നിവയും കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് പരസ്യമായ പ്രതികരണവുമായി തായ് അംബാസഡര്‍ രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.