/indian-express-malayalam/media/media_files/uploads/2018/07/textile.jpg)
തിരുവനന്തപുരം: വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ അടക്കമുളള സ്ത്രീ തൊഴിലാളികൾക്ക് ആശ്വാസമായി സർക്കാർ തീരുമാനം. ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ ഇരിക്കാൻ സൗകര്യം ഏർപ്പെടുത്തുന്ന നിയമഭേദഗതിക്ക് സർക്കാർ അംഗീകാരം നൽകി. ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്‌ടിൽ ഭേദഗതി വരുത്തിയാണ് ജീവനക്കാർക്ക് ഇരിക്കാൻ സൗകര്യം ഒരുക്കുന്നത്.
ടെക്‌സ്റ്റൈയിൽ മേഖലയിൽ ഇരിക്കാൻ അനുവദിക്കാതെ 12 മണിക്കൂറോളം സ്ത്രീകൾ ജോലി ചെയ്യേണ്ടി വരുന്നുണ്ട്. ഇത്രയും മണിക്കൂർ ജോലി ചെയ്യുമ്പോഴും അവർക്ക് തുച്‌ഛമായ വേതനമാണ് ലഭിക്കുന്നത്. തങ്ങൾക്ക് ഇരിപ്പിടം നൽകണമെന്ന് ആവശ്യപ്പെട്ട് തുണിക്കടകളിലെ ജീവനക്കാർ ഏറെക്കാലം സമരം ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് തൊഴിൽ വകുപ്പ് വിഷയത്തിൽ ഇടപെടുകയും നിയമത്തിൽ ഭേദഗതി വരുത്താനുളള നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കുകയും ചെയ്‌തത്.
പുതിയ നിയമ ഭേദഗതി പ്രകാരം ജീവനക്കാർക്ക് കസേര ഉറപ്പാക്കാനുളള ബാധ്യത തൊഴിലുടമയ്‌ക്കാണ്. ചട്ടങ്ങളിൽ വീഴ്‌ച വരുത്തിയാൽ പിഴ നൽകണം. തൊഴിലുടമ നൽകേണ്ടിയിരുന്ന പിഴ 5000 രൂപയായിരുന്നത് ഒരു ലക്ഷമാക്കി. 10000 എന്നത് രണ്ടു ലക്ഷമാക്കി. ലൈംഗിക പീഡനം തടയാനുളള കര്‍ശന വ്യവസ്ഥകളും കരട് ബില്ലിലുണ്ട്. ആഴ്‌ചയില്‍ ഒരു ദിവസം കടകള്‍ പൂര്‍ണമായി അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി തൊഴിലാളികള്‍ക്ക് ആഴ്‌ചയില്‍ ഒരു ദിവസം അവധി അനുവദിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി.
രാത്രി ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്. രാത്രി ഒന്‍പത് മണിക്കു ശേഷവും രാവിലെ ആറ് മണിക്കും മുമ്പുമുളള സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അഞ്ച് പേരെങ്കിലുമുളള ഗ്രൂപ്പുണ്ടെങ്കിലേ ഈ സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാന്‍ പാടുള്ളൂ. ഈ അഞ്ചു പേരില്‍ രണ്ടു സ്ത്രീകളെങ്കിലുമുണ്ടായിരിക്കണം. സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും സംരക്ഷണം നല്‍കുന്ന രീതിയിലേ രാത്രി ജോലി ചെയ്യിക്കാന്‍ പാടുളളൂ. രാത്രി ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ച് താമസ സ്ഥലത്തെത്താന്‍ ആവശ്യമായ വാഹന സൗകര്യം കടയുടമ ഏര്‍പ്പെടുത്തണം. നിലവിലെ നിയമപ്രകാരം രാത്രി ഏഴു മണിമുതല്‍ പുലര്‍ച്ചെ ആറ് മണിവരെയുളള സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാന്‍ പാടില്ല. ഈ വ്യവസ്ഥ ഒഴിവാക്കിയാണ് സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് സ്ത്രീകളെ രാത്രിയില്‍ ജോലിക്ക് നിയോഗിക്കാനുളള വ്യവസ്ഥ ഉള്‍പ്പെടുത്തുന്നത്. നിയമഭേദഗതി ഗവർണറുടെ അംഗീകാരത്തിനായി ഉടൻ സമർപ്പിക്കും.
ജീവനക്കാർക്ക് ഇരിക്കാനുളള അവസരം ഒരുക്കിയുളള നിയമഭേദഗതി സ്വാഗതാർഹമാണെന്ന് അസംഘടിത മേഖല തൊഴിലാളി യൂണിയൻ പ്രസിഡന്റും പെൺകൂട്ട് സംഘടനാ നേതാവുമായ വിജി പറഞ്ഞു. തുണിക്കടകളിൽ ഇരിപ്പിടം വേണമെന്ന് ആവശ്യപ്പെട്ട് 2014 ൽ നടന്ന 'ഇരിക്കൽ സമര'ത്തിന് നേതൃത്വം നൽകിയത് വിജിയാണ്.
''ഭേദഗതിയിൽ തൊഴിലാളികൾ സന്തുഷ്‌ടരാണ്. എന്നാൽ ഭേദഗതിയിൽ ഒരു ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ജീവനക്കാർക്ക് ഇടവേള സമയത്ത് ഇരിക്കാമെന്നാണ് ഉളളത്. ഏതാണീ ഇടവേളയെന്ന് വ്യക്തമല്ല. ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്‌ടിൽ നാലു മണിക്കൂറിൽ ഒരു മണിക്കൂർ വിശ്രമം പറയുന്നുണ്ട്. ഇടവേള എന്നു പറയുന്നത് ഇതാണോ അതല്ലെങ്കിൽ കസ്റ്റമേഴ്സ് ഇല്ലാത്ത സമയത്താണോ എന്നു വ്യക്തമല്ല. ഇക്കാര്യത്തിൽ വ്യക്തത വേണമെന്നും'' വിജി ആവശ്യപ്പെട്ടു. ആഴ്‌ചയിൽ അവധി ശമ്പളത്തോടെ നൽകണം. മിനിമം വേതനം ഉറപ്പുവരുത്തണം. ഇക്കാര്യങ്ങളൊക്കെ നടപ്പിലാക്കുമെന്ന് സർക്കാർ പറയുന്നുണ്ടെന്നും അതിൽ പ്രതീക്ഷയുണ്ടെന്നും വിജി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.