കൊച്ചി: ലഷ്‌കര്‍ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിനെയും (39) ഒപ്പമുണ്ടായിരുന്ന വയനാട് ബത്തേരി സ്വദേശിയായ യുവതിയെയും വിട്ടയച്ചു. പൊലീസും കേന്ദ്ര ഏജന്‍സികളും ഇരുവരെയും 24 മണിക്കൂര്‍ ചോദ്യം ചെയ്തു. എന്നാല്‍, സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയില്ല. ഇതേ തുടര്‍ന്നാണ് ഇരുവരെയും വിട്ടയച്ചത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ റഹീമിനെ എറണാകുളം ജില്ലാ കോടതി സമുച്ചയത്തിൽ നിന്നു ശനിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്.
ലഷ്‌കറെ തയിബ ഭീകരരെ തമിഴ്‌നാട്ടിലേക്ക് എത്താന്‍ സഹായിച്ചെന്ന സംശയത്തിലാണ് റഹീമിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളം ജില്ലാ കോടതിയില്‍ കീഴടങ്ങാനായി എത്തിയ റഹീമിനെ പൊലീസ് നാടകീയമായി പിടികൂടുകയായിരുന്നു. ശ്രീലങ്കയില്‍ നിന്നും ഭീകരര്‍ കോയമ്പത്തൂരില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായ തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നതാണ്. ആരാധനാലയങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമടക്കം ആളുകള്‍ കൂടുന്ന ഇടത്തെല്ലാം സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്.
Read Also: അഭിമാനമാണ് സിന്ധു; അഭിനന്ദിച്ച് പിണറായി വിജയന്‍
ആറംഗ ഭീകര സംഘത്തെ തമിഴ്‌നാട്ടിലെത്താന്‍ സഹായിച്ചത് റഹീമാണെന്നാണ് സംശയമുണ്ടായിരുന്നത്. ഇതോടെയാണ് ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചത്. റഹീമിനൊപ്പം ഒരു യുവതിയുമുണ്ടായിരുന്നുവെന്നും വിവരം ലഭിച്ചിരുന്നു. ഈ യുവതിയെ ഇന്നലെ രാവിലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റഹീമിനെ കുറിച്ചു പൊലീസിനു ലഭിച്ച രഹസ്യവിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) പരിശോധിച്ചു.