തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. 16 മുതൽ 20 വരെയാണ് മേള നടക്കുക. ഉദ്ഘാടനചിത്രങ്ങളായി അമേരിക്കന്‍ ഡോക്യുമെന്ററി ലൈഫ് അനിമേറ്റഡും ബംഗാളി ഹ്രസ്വചിത്രമായ സഖി സോണയും പ്രദര്‍ശിപ്പിച്ചു.

കലാ സൃഷ്ടികളെ വിലക്കുന്നത് കാടത്തമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. രോഹിത്ത് വെമുല, ജെഎൻയു, കാശ്മീർ വിഷയങ്ങൾ ഇതിവൃത്തമാക്കിയ ഹ്വസ്വചിത്രങ്ങൾ വിലക്കിയ നിലപാടിനെതിരായിരുന്നു പിണറായി വിജയന്റെ പ്രസ്താവന.

പത്രപ്രവര്‍ത്തകനായ റോണ്‍ സസ്‌കിന്ദ് ഓട്ടിസം ബാധിച്ച മകനെക്കുറിച്ച് എഴുതിയ പുസ്തകത്തെ ആസ്പദമാക്കി റോജര്‍ റോസ് വില്യംസ് സംവിധാനം ചെയ്ത് ലൈഫ് അനിമേറ്റഡിന് മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. വിവിധ ചലച്ചിത്ര മേളകളിലായി ഇരുപത്തഞ്ചോളം പുരസ്‌കാരങ്ങളാണ് ഈ ചിത്രം നേടിയിട്ടുള്ളത്. റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരം നേടിയ സഖിസോണ പ്രാന്തിക ബസുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. മിത്തും യാഥാര്‍ത്ഥ്യവും എങ്ങനെ സഹവര്‍ത്തിക്കുന്നു എന്ന് കാണിക്കുന്ന ഈ ചിത്രം സ്ത്രീവിമോചന ആശയങ്ങളുടെ ശക്തമായ അടിയൊഴുക്കുകള്‍ പങ്കുവെയ്ക്കുന്നു.

മേളയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രഞ്ജന്‍ പാലിത് ഛായാഗ്രഹണകലയെക്കുറിച്ച് ശില്പശാല നടത്തും. ജൂണ്‍ 18 ന് ഹോട്ടല്‍ ഹൊറൈസണില്‍ രാവിലെ 10.30 മുതല്‍ 1.30 വരെയാണ് ശില്പശാല. മുപ്പത് വര്‍ഷമായി ഡോക്യുമെന്ററി രംഗത്തും ഛായാഗ്രഹണ മേഖലയിലും പ്രവര്‍ത്തിക്കുന്ന രഞ്ജന്‍ പാലിത് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും പരിശീലനം നേടിയ വ്യക്തിയാണ്. ഫീച്ചർ ഫിലിം ഉൾപ്പെടെ 30 ഓളം ഡോക്യുമെന്ററികൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ