തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത്, പ്ലസ് ടു ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യപകരോട് ഡിസംബർ 17 മുതൽ സ്കൂളുകളിലെത്താൻ നിർദേശം. ഇത് സംബന്ധിച്ച ഉത്തരവ് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

50 ശതമാനം പേർ ഒരു ദിവസം എന്ന രീതിയിൽ ഡിസംബർ 17 മുതൽ സ്കൂളുകളിൽ ഹാജരാകണമെന്ന് സർക്കുലറിൽ പറയുന്നു. പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകൾ എന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.

ഇതുവരെ നടന്ന ഡിജിറ്റല്‍ ക്ലാസുകള്‍ പത്താം ക്ലാസിന് ജനുവരി 15ന് മുന്‍പും പന്ത്രണ്ടാം ക്ലാസിന് ജനുവരി 30ന് മുന്‍പും പൂര്‍ത്തിയാക്കണം. അതിനു ശേഷം റിവിഷന്‍ ക്ലാസുകളും പ്രാക്ടിക്കല്‍ ക്ലാസുകളും നടക്കും. ഇത് സ്‌കൂളുകളില്‍ വെച്ചാകും നടക്കുക. ഇതിനുള്ള ക്രമീകരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

രാജ്യത്ത് അൺലോക്ക് 0.5 ഘട്ടത്തിലേക്ക് എത്തിയപ്പോൾ സ്കൂളുകൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. എന്നാൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നിലവിൽ അത്തരം നടപടിയിലേക്ക് കടക്കേണ്ടതാണെന്ന് സംസ്ഥാന സർക്കാരിന്റെ നിലപാട്.

അതേസമയം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ട്യൂഷൻ സെന്ററുകൾ, കംപ്യൂട്ടർ സെന്ററുകൾ, നൃത്ത വിദ്യാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതിയായിരുന്നു.

ഒരേസമയം 50 ശതമാനം വിദ്യാര്‍ഥികളേയോ അല്ലെങ്കില്‍ പരമാവധി 100 പേരെ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ അനുമതിയുള്ളൂ. ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ പൊതു കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.