കൊടുങ്ങല്ലൂര്‍: അവസാനകാലത്തുണ്ടായ ദൗര്‍ഭാഗ്യകരമായ ചില അനൗചിത്യങ്ങളുടെ പേരിലല്ല എം.എന്‍ വിജയൻ ഓര്‍മിക്കപ്പെടേണ്ടത് , മറിച്ച് അദ്ദേഹത്തിന്റെ സംഭാവനകളെ മുന്‍ നിര്‍ത്തിയാകണമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അഭിപ്രായപ്പെട്ടു. മതിലകം കളല്‍പറമ്പ് വായനശാലയുടെ പ്രഥമ എം.എന്‍ വിജയന്‍ സ്മാരക പുരസ്‌കാരം സച്ചിദാനന്ദന് നൽകുകയായിരുന്നു അദ്ദേഹം.
എം.എന്‍ വിജയന്‍ കേരളത്തിനും ഇടതുപക്ഷത്തിനും നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അവര്‍ മനുഷ്യസമൂഹത്തിനു നല്‍കിയ ആകെ തുകയുടെ അടിസ്ഥാനത്തിലാണ് ഓര്‍ക്കേണ്ടത്.

അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഫാസിസത്തിനെതിരായ പോരാട്ടങ്ങളില്‍ മുന്നണിപ്പോരാളിയായി നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ വരെ വന്ന് യോജിപ്പും വിയോജിപ്പും പറയാന്‍ കഴിയുമായിരുന്ന ഏക വ്യക്തിയായിരുന്നു എം.എന്‍ വിജയനെന്ന് ബേബി പറഞ്ഞു. പാര്‍ട്ടി അത്രയും ആദരവും സ്‌നേഹവും അദ്ദേഹത്തിനു നല്‍കിയിരുന്നു. ഇടതുപക്ഷത്തിന്റെ ഹൃദയത്തിന്റെ ഉള്ളിലായിരുന്നു മാഷിന്റെ സ്ഥാനം. ഫാസിസത്തിന്റെ വിപത്ത് ആസന്നമാണെന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ കൊടുങ്കാറ്റു പോലെയായിരുന്നു അദ്ദേഹം ആഞ്ഞടിച്ചത്. കലാ-സാംസ്‌കാരിക -സാഹിത്യ രംഗങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഭാവിയിലേക്കുള്ള മൂല്ല്യവത്തായ ഈടുവെപ്പായിരിക്കുമെന്നും വിജയന്‍ മാഷിന്റെ പേരിലുള്ള പുരസ്‌കാരം സച്ചിദാനന്ദനു സമര്‍പ്പിക്കുന്നത് സാംസ്‌കാരിക സമരമാണെന്നും ബേബി വ്യക്തമാക്കി.

ജനകീയാസൂത്രണം, നാലാംലോകം എന്നീ വിവാദ വിഷയങ്ങളിൽ സി പി എമ്മിനെ ശക്തമായി വിമർശിച്ചിരുന്ന പ്രൊഫ. എം എൻ വിജയനെ അവസാന കാലത്ത് സി പി എം ശക്തമായി എതിർത്തിരുന്നു. ദേശാഭിമാനി ആഴ്ചപതിപ്പിന്റെ പത്രാധിപരായിരുന്ന എം എൻ വിജയൻ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സ്ഥാനം രാജിവച്ച് സി പി എമ്മിന്റെ നിലപാടുകളെ ശക്തമായി എതിർത്തിരുന്നു. അദ്ദേഹം നിര്യാതനായിട്ട് പത്ത് വർഷം തികയുമ്പോഴാണ് സി പി എം നേതാവ് അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രകീർത്തിച്ച് പരസ്യമായി രംഗത്തെത്തുന്നത്.

ഇതേ സമയം ഈ പുരസ്‌കാര സമർപ്പണം എം എൻ. വിജയനോടുളള അവഹേളനമാണെന്ന് പറഞ്ഞ്  അധിനിവേശ പ്രതിരോധ സമിതി  കുറ്റപ്പെടുത്തി. ” ജീവിച്ചിരുന്നപ്പോൾ വിജയൻ മാഷിനെ കൂട്ടംകൂടി അധിക്ഷേപിച്ചവർ, അദ്ദേഹത്തിന്റെ പേരിൽ പുരസ്‌കാരം ഏർപ്പെടുത്തി, അവഹേളനങ്ങൾക്കു ചുക്കാൻ പിടിച്ചയാളെ കൊണ്ട്തന്നെ സമ്മാനിക്കുന്നത് പ്രതിഷേധാർഹമാണ്” അധിനിവേശ പ്രതിരോധ സമിത തൃശൂർ ജില്ലാ സെക്രട്ടറി കിഷോർ കുമാർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.