തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ മൂന്നുവര്‍ഷമായി പീഡനത്തിനിരയാക്കിയ കേസില്‍ 10 പേര്‍ അറസ്റ്റില്‍. തൊടുപുഴ സ്വദേശികളായ സുബ്രഹ്മണ്യന്‍, സുമേഷ്, സെബിന്‍, ബിബിന്‍, ലിബിന്‍, കിരണ്‍, ജിജീഷ്, ജിന്റോ, അനൗഷ് എന്നിവരെയും ഒരു പതിനേഴുകാരനെയുമാണ് പിടിച്ചത്. പ്രതികളിലൊരാള്‍ അപകടത്തില്‍ പരുക്കേറ്റു കിടപ്പിലായതിനാല്‍ അറസ്റ്റു രേഖപ്പെടുത്തിയിട്ടില്ല. പ്രതികള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

കഞ്ചാവുള്‍പ്പടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്ന പ്രതികള്‍, വിദ്യാർഥികള്‍ക്ക് 13 വയസ്സ് പ്രായമുള്ളപ്പോള്‍ മുതലാണ് പീഡനം ആരംഭിക്കുന്നത്. പിടിയിലായ പതിനേഴുകാരനാണ് സംഭവങ്ങളുടെ മുഖ്യ സൂത്രധാരന്‍ എന്നാണ് പൊലീസ് പറയുന്നത്. അശ്ലീലദൃശ്യങ്ങള്‍ കാട്ടി ഇയാള്‍ കുട്ടികളെ വശത്താക്കുകയായിരുന്നു. പിന്നീട് മറ്റുള്ളവരിലേക്കും കുട്ടികളെ എത്തിച്ചു. തുടര്‍ന്ന് പ്രതികളുടെ വീട്ടിലും വിവിധ സ്ഥലങ്ങളിലും പീഡിപ്പിച്ചു. എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ വീട്ടില്‍ പറയുമെന്ന് ഭീഷണിപ്പെടുത്തി.

പഠനത്തിലുള്ള കുട്ടികളുടെ അശ്രദ്ധ മനസ്സിലാക്കിയ അധ്യാപകര്‍ കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകര്‍ ബുധനാഴ്ച രാവിലെ തന്നെ വിവരം തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. പൊലീസ് പറഞ്ഞപ്പോഴാണ് വീട്ടുകാരും വിവരമറിയുന്നത്. പ്രതികള്‍ കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കോടതി റിമാന്‍ഡു ചെയ്തു. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ഹോമിലേക്കയച്ചു.

തൊടുപുഴ സിഐ എന്‍.ജി.ശ്രീമോന്റെ നിര്‍ദേശപ്രകാരം എസ്ഐ വി.സി.വിഷ്ണുകുമാര്‍, ജൂനിയര്‍ എസ്ഐ വിനോദ്, അഡീഷണല്‍ എസ്ഐ ജോസഫ്, എഎസ്ഐ അബി, സിപിഒമാരായ വിനോദ്, അഷ്റഫ്, രജനീഷ്, അന്‍സില്‍മോന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ