കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീപിടിച്ചതോടെ അനിശ്ചിതത്വത്തിലായ കൊച്ചി നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരവുമായി എറണാകുളം ജില്ലാ കലക്ടര്‍. മാലിന്യനീക്കം ഇന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. താല്‍ക്കാലിക പുനഃരുദ്ധാരണ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും തീരുമാനമായി.
ഒരാഴ്ച നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് താത്കാലിക പരിഹാരം കണ്ടെത്തിയത്. പ്ലാന്റിന്റെ സുരക്ഷയും സൗകര്യവും വര്‍ദ്ധിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലാണ് മാലിന്യ നീക്കം പുനഃസ്ഥാപിക്കാന്‍ തീരുമാനമായത്. മാലിന്യനീക്കത്തിനുള്ള ശാസ്ത്രീയ രീതികള്‍ അവലംബിച്ചും ക്യാമറ, ലൈറ്റ്, സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം എന്നിവ കൂട്ടി പ്ലാന്റിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചും അപകടം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേ സമയം തുറന്ന വാഹനത്തില്‍ മാലിന്യം എത്തിച്ചാല്‍ നഗരസഭകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പുതിയ തീരുമാനം. ദ്രവ മാലിന്യങ്ങള്‍ പ്ലാന്റില്‍നിന്നും സമീപത്തെ ജലാശയങ്ങളിലേക്ക് ഒഴുക്കുന്നത് തടയുക, പ്ലാന്റിന് ചുറ്റുമതില്‍ നിര്‍മിക്കുക തുടങ്ങിയ വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിന്റെ ആവശ്യങ്ങളും യോഗത്തില്‍ അംഗീകരിക്കപ്പെട്ടു. അതിനാല്‍ ഇനി മാലിന്യനീക്കം തടഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിനില്ലെന്ന് പഞ്ചായത്തും പ്രതികരിച്ചു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്ത്. മാലിന്യം സംസ്‌കരിക്കാന്‍ ശാശ്വത പരിഹാരം വേണമെന്നും ബ്രഹ്മപുരം പ്ലാന്റ് ഈ വിധത്തില്‍ ഇനിയും മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നുമുളള ശക്തമായ നിലപാടിലാണ് പഞ്ചായത്ത്. പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നായിരുന്നു അവരുടെ ആവശ്യം.