കൊച്ചി: മഞ്ഞു മൂടി കിടക്കുന്ന മൂന്നാറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഇതോടെ മഞ്ഞിൽ കുളിച്ച് നിൽക്കുന്ന മൂന്നാറിനെ ആസ്വദിക്കാൻ വിനോദ സഞ്ചാരികളുടെ തിരക്കാണ് മൂന്നാറിൽ. അടുത്തിടെ താപനിലയിൽ ഏറ്റക്കുറച്ചിൽ അനുഭവപ്പെട്ടിരുന്നു. എങ്കിലും രണ്ടാഴ്ചയോളമായി കടുത്ത തണുപ്പു തുടരുകയാണ് മൂന്നാറിൽ. വെള്ളിയാഴ്ച രാവിലെയാണ് മൂന്നാറില്‍ വീണ്ടും താപനില മൈനസ് നാലു രേഖപ്പെടുത്തിയത്

കഴിഞ്ഞ തിങ്കളാഴ്ചയ്ക്കു ശേഷം ഇതു രണ്ടാം തവണയാണ് മൂന്നാറിനു സമീപമുള്ള ചെണ്ടുവരയില്‍ താപനില മൈനസ് നാലു ഡിഗ്രി രേഖപ്പെടുത്തുന്നത്. ചിറ്റുവര, തെന്മല എന്നിവിടങ്ങളില്‍ താപനില വെള്ളിയാഴ്ച മൈനസ് രണ്ടു രേഖപ്പെടുത്തിയപ്പോള്‍ മൂന്നാര്‍ ടൗണ്‍, പഴയമൂന്നാര്‍, കന്നിമല എന്നിവിടങ്ങളില്‍ താപനില കഴിഞ്ഞ രണ്ടുദിവസമായി പൂജ്യത്തില്‍ തുടരുകയാണ്. അതേസമയം കാലങ്ങള്‍ക്കു ശേഷം തുടര്‍ച്ചയായ 12-ാം ദിവസമാണ് മൂന്നാറില്‍ കൊടുംതണുപ്പും മഞ്ഞുവീഴ്ചയും തുടരുന്നത്. സാധാരണയായി ഒന്നോ രണ്ടോ ദിവസം കനത്ത തണുപ്പും മഞ്ഞുവീഴ്ചയും തുടരുമെങ്കിലും പിന്നീട് താപനില ഉയരാറാണ് പതിവെങ്കില്‍ ഇതു തെറ്റിച്ചാണ് ഇത്തവണ രണ്ടാഴ്ചയോളമായി മഞ്ഞുവീഴ്ചയും കനത്ത തണുപ്പും തുടരുന്നതെന്നു മൂന്നാറിലുള്ളവര്‍ പറയുന്നു.

പ്രളയം മൂലം മങ്ങലേറ്റ മൂന്നാറിലെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉറവേകിയിരിക്കുകയാണ് .അതേസമയം തേയിലത്തോട്ടം മേഖലയെ സംബന്ധിച്ചിടത്തോളം കോടികളുടെ നഷ്ടമാണ് മഞ്ഞുവീഴ്ചയുണ്ടാക്കുന്നത്. മൂന്നാറിലെ പ്രമുഖ തേയില ഉല്‍പ്പാദകരായ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ 870 ഹെക്ടര്‍ സ്ഥലത്തെ തേയിലയാണ് തുടര്‍ച്ചയായ മഞ്ഞുവീഴ്ചയെത്തുടര്‍ന്നു കരിഞ്ഞുപോയതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഏതാണ്ട് 6.90 ലക്ഷം കിലോ തേയില ഉല്‍പ്പാദിപ്പിക്കാനുള്ള കൊളുന്താണ് ഇത്തരത്തില്‍ കരിഞ്ഞു പോയത്. മറ്റൊരു പ്ലാന്റേഷനായ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ ലോക്ക്ഹാര്‍ട്ട് എസ്‌റ്റേറ്റിലെ 60 ഹെക്ടര്‍ തേയിലയാണ് കനത്ത മഞ്ഞുവീഴ്ചയില്‍ കരിഞ്ഞുപോയത്.

കരിഞ്ഞ തേയിലത്തോട്ടങ്ങളിലൊന്ന്‌

പ്രതിദിനം പതിനായിരത്തോളം സഞ്ചാരികളാണ് ഇപ്പോള്‍ മഞ്ഞ് ആസ്വദിക്കാനെത്തുന്നതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. മൂന്നാറിലേക്കു സഞ്ചാരികളുടെ പ്രവാഹം വര്‍ധിച്ചിട്ടുണ്ടെങ്കിലും വിദേശികളും നോര്‍ത്ത് ഇന്ത്യക്കാരുമായ സഞ്ചാരികളുടെ പ്രവാഹം വളരെ കുറവാണ്. കേരളം സുരക്ഷിതമാണെന്ന സന്ദേശം അവിടങ്ങളില്‍ കാര്യമായി എത്താത്തതാണ് ഇതിനു കാരണം. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രചാരണം നടത്തേണ്ടതുണ്ട്, മൂന്നാര്‍ ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് വി വി ജോര്‍ജ് പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ