തിരുവന്തപുരം: സംസ്ഥാനത്ത് ചൂടു കൂടുന്ന സാഹചര്യത്തിൽ ഇന്നും മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ച രണ്ടുമുതൽ നാലുഡിഗ്രി സെൽഷ്യസ് വരെ ചൂടുകൂടുമെന്ന് അറിയിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ വെള്ളിയാഴ്ച കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ശരാശരിയിലും 3 ഡിഗ്രി ചൂട് കൂടിയിരുന്നു. 37.3 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയ ആലപ്പുഴയിൽ 4.6 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ദീർഘകാല ശരാശരിയിൽ കൂടുതലായിരുന്നു. കോട്ടയത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 37 ഡിഗ്രി സെൽഷ്യസ് ആയിരുന്നു പകൽതാപനില. 3.5 ഡിഗ്രി സെൽഷ്യസ് കൂടുതൽ. തിരുവനന്തപുരത്ത് വലിയ വർധനയുണ്ടായില്ല. 34.1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു പകൽ താപനില.

Read More: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്നു കടുത്ത ചൂട്

തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുളള വരണ്ട കാറ്റ് സംസ്ഥാനത്തേക്ക് എത്തുന്നതും കടൽക്കാറ്റ് കുറഞ്ഞതുമാണ് സംസ്ഥാനത്തെ താപനില പെട്ടെന്ന് ഉയരാൻ കാരണമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ചൂട് ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 12 മണിക്കും 3 മണിക്കും ഇടയിൽ പുറത്തിറങ്ങുന്നവർ കയ്യിൽ വെളളം കരുതണം. നിർജലീകരണത്തിനുളള സാധ്യത ഒഴിവാക്കാനുളള മുൻകരുതലുകൾ സ്വീകരിക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഈ മാർഗ നിർദേശങ്ങൾ പിന്തുടരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ, പൊതുസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് 12 മണിക്കും 3 മണിക്കും ഇടയിൽ നിർബന്ധിത വിശ്രമം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇവരുടെ ജോലി സമയം രാവിലെ 7 മണിക്കും രാത്രി 7 മണിക്കും ഇടയിലായി ക്രമീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഈ മാസം 20-ാം തീയതിക്കുശേഷം ചെറിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. എന്നാൽ ചൂടിൽ വലിയ കുറവുണ്ടാകില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook