കൊച്ചി: സോഷ്യൽ മീഡിയയിലെ മൊബൈൽ ആപ്ലിക്കേഷനുകൾ നിരീക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സർക്കാർ. സോഷ്യൽ മീഡിയയിലെ വീഡിയോ ആപ്ലിക്കേഷനായ ‘ടെലഗ്രാം’ ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂർ ലോ സ്കൂളിലെ വിദ്യാർഥിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയുമായ അഥീന സോളമൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജയിലാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ് മന്ത്രാലയം സത്യവാങ്‌മൂലം സമർപ്പിച്ചത്.

ഗുഗിൾ പ്ലേ സ്റ്റോറിൽ 2.8 ദശലക്ഷം മൊബൈൽ ആപ്ലിക്കേഷനുകൾ ലഭ്യമാണെന്നും ദിനംപ്രതി ആപ്ലിക്കേഷനുകളുടെ എണ്ണം വർധിച്ചു വരികയാണെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു. ലോകത്ത് എവിടെ നിന്നും ഒരാൾക്ക് പ്ലേ സ്റ്റോറിൽ ആപ്ലിക്കേഷൻസ് അപ്‌ലോഡ് ചെയ്യാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം ഈ ഏപ്രിൽ മാസത്തോടെ 451 ദശലക്ഷം കടന്നുവെന്നും ഉപയോക്താക്കളെ നിരീക്ഷിക്കുക എളുപ്പമല്ലെന്നും സർക്കാർ വ്യക്തമാക്കി.

Read Also: ടെലഗ്രാം ഇന്ത്യയിൽ നിരോധിക്കണം; കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഒളികാമറ ഉപയോഗിച്ചു പകർത്തുന്ന ദൃശ്യങ്ങളുമാണ് ടെലഗ്രാമിലെ ഉള്ളടക്കമെന്നും ഇത് സദാചാര വിരുദ്ധത പ്രോൽസാഹിപ്പിക്കുന്നതാണന്നും ഹർജിയിൽ പറയുന്നു. 2013 ൽ റഷ്യയിൽ ആരംഭിച്ച ടെലഗ്രാം ആപ്ലിക്കേഷന് കേരളത്തിൽ മാത്രം 13 ലക്ഷം ഉപയോക്താക്കളുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായാണ് ടെലഗ്രാം ആപ്പിന്റെ പ്രവർത്തനമെന്നും സർക്കാരിന് നിയന്ത്രണമില്ലെന്നും അന്വേഷണ ഏജൻസികൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്നില്ലെന്നും ഹർജിയിൽ പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, വാർത്താ വിതരണ മന്ത്രാലയം, സംസ്ഥാന പൊലീസ് മേധാവി, സൈബർ ഡോം എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയത്.

Read Also: ടെലഗ്രാം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ തടയാൻ ഇൻഫർമേഷൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകണമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ വിദ്യാർഥിനി നോഡൽ ഓഫീസർക്ക് പരാതി നൽകിയിട്ടില്ലെന്നും സർക്കാർ സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി.

മൊബൈൽ ആപ്ലിക്കേഷനുകളിലെ അശ്ലീല ഉള്ളടക്കം തടയാനാവുമെന്നും പോസ്റ്റ് ചെയ്യുന്നവരെ കണ്ടെത്താൻ സാങ്കേതിക വിദ്യയുണ്ടെന്നുമാണ് ഹൈക്കോടതിയുടെ നിലപാട്. തടയാൻ കഴിയില്ലെന്ന് പറയുന്നത് പ്രോൽസാഹിപ്പിക്കലാണെന്നും കേസിന്റെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook