തിരുവനന്തപുരം: ഐടി കമ്പനികള്‍ക്ക് നല്‍കാന്‍ സ്വന്തമായി സ്ഥലമില്ല. സ്വകാര്യ കെട്ടിടമുടമകളുടെ സഹായം തേടി തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്. ടെക്‌നോപാര്‍ക്കില്‍ ഓഫീസ് സ്ഥലത്തിനുവേണ്ടിയുള്ള ഐടി കമ്പനികളുടെ ആവശ്യകത നിറവേറ്റാന്‍ വേണ്ടിയാണ് പുതിയ ആശയവുമായി അധികൃതരെത്തുന്നത്. ഈ പദ്ധതിയിലൂടെ തിരുവനന്തപുരം നഗരത്തിലേയും ടെക്‌നോപാര്‍ക്- ടെക്‌നോസിറ്റി ഇടനാഴിയിലേയും പൊതു, സ്വകാര്യ കെട്ടിട ഉടമകള്‍ക്ക് ഓഫീസ് സ്ഥലങ്ങള്‍ക്ക് ടെക്‌നോപാര്‍ക്കിന്റെ ബ്രാന്‍ഡ് ഉപയോഗിക്കാന്‍ അനുവാദം നല്‍കും. കെട്ടിടത്തിന്റെ പരിപാലനം ടെക്‌നോപാര്‍ക്ക് അധികൃതര്‍ക്ക് കൈമാറാനും സാധിക്കും.
ടെക്‌നോപാര്‍ക്കില്‍ ഓഫീസ് സ്ഥലത്തിനായി 150-ല്‍ അധികം കമ്പനികളാണ് ഇപ്പോള്‍ കാത്തിരിക്കുന്നതെന്ന് പാര്‍ക്ക് സിഇഒ പി എം ശശി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. ഈ കമ്പനികള്‍ക്കെല്ലാം കൂടി ആറ് ലക്ഷത്തോളം ചതുരശ്രഅടി സ്ഥലം ആവശ്യമുണ്ട്. എത്രയും വേഗം ലഭിക്കേണ്ടത് മൂന്ന് ലക്ഷം ചതുരശ്ര അടി സ്ഥലമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു തൊഴിലാളിക്ക് വേണ്ടി വരിക 80 സ്‌ക്വയര്‍ ഫീറ്റാണ്. അതിന്‍പ്രകാരം, 7,500 തൊഴിലവസരങ്ങളാണ് ടെക്‌നോപാര്‍ക്കില്‍ ഉണ്ടാകുക. നിലവില്‍ ടെക്‌നോപാര്‍ക്കില്‍ ഒരു കോടി സ്‌ക്വയര്‍ ഫീറ്റ് സ്ഥലമാണുള്ളത്. ടെക്‌നോപാര്‍ക്കില്‍ ആഗോള കമ്പനികളായ നിസ്സാന്‍ കോര്‍പറേഷന്‍, ഒറാക്കിള്‍, അലയന്‍സ്, ഏര്‍ണസ്റ്റ് ആന്റ് യംഗ് തുടങ്ങിയ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തിരുവനന്തപുരം നഗരത്തിലേയും കെട്ടിടങ്ങള്‍ക്ക് ടെക്‌നോപാര്‍ക്കിന്റെ ബ്രാന്‍ഡിങ് ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നത് വഴി പാര്‍ക്ക് കഴക്കൂട്ടത്തുനിന്നും നഗരത്തിലേക്കും വളരും.
Read Also: ബിജെപിയെ വെല്ലുവിളിക്കാൻ കഴിയുന്ന ഏക പാർട്ടി കോൺഗ്രസാണ്: ശശി തരൂർ
ടെക്‌നോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തില്‍ കോഡെവലപ്പേഴ്‌സ് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തിയാകാന്‍ കുറഞ്ഞത് ഒന്നൊര വര്‍ഷം എടുക്കുമെന്ന് സിഇഒ പറഞ്ഞു. പക്ഷേ, സ്ഥലത്തിനായി അപേക്ഷിച്ച കമ്പനികള്‍ക്ക് എത്രയും വേഗം സ്ഥലം ആവശ്യമാണ്.
ടെക്‌നോപാര്‍ക്കിന്റെ ഫേസ് ത്രീ പ്രത്യേക സാമ്പത്തിക മേഖലയാണെങ്കിലും പാര്‍ക്ക് ബ്രാന്‍ഡ് ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്ന കെട്ടിടങ്ങള്‍ക്ക് ഈ മേഖല ബാധകമാകില്ല. ഇങ്ങനെ ബ്രാന്‍ഡ് ഉപയോഗിക്കുന്നതിന് ഫീസ് നല്‍കണം. ടെക്‌നോപാര്‍ക്കിന്റെ അതേ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും സ്വകാര്യ കെട്ടിടങ്ങളിലും ഉണ്ടാകണം. അത് ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള സംവിധാനം ടെക്‌നോപാര്‍ക്ക് ഉണ്ടാക്കുമെന്ന് സിഇഒ പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു നീക്കമെന്ന് അദ്ദേഹം പറഞ്ഞു. മറ്റെവിടെയെങ്കിലും ഈ രീതി അവലംബിച്ചിട്ടില്ലെന്നാണ് അറിവെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതിനായി താല്‍പര്യമുള്ള കെട്ടിടമുടമകളില്‍ നിന്ന് ടെക്‌നോപാര്‍ക്ക് അധികൃതര്‍ താല്‍പര്യ പത്രം ക്ഷണിച്ചു.
അതേസമയം, ഈ നീക്കം ടെക്‌നോപാര്‍ക്കിന്റെ ബ്രാന്‍ഡ് മൂല്യത്തില്‍ ഇടിവുണ്ടാക്കാമെന്ന ആശങ്കയാണ് ടെക്‌നോപാര്‍ക്കില്‍ ഐടി കമ്പനികള്‍ നടത്തുന്നവര്‍ക്ക് പങ്കുവയ്ക്കാനുള്ളത്. ഇത് കമ്പനികളെ രണ്ടായി തിരിക്കും. കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെന്നും പുറത്ത് പ്രവര്‍ത്തിക്കുന്ന ടെക്‌നോപാര്‍ക്ക് കമ്പനികളെന്നും. ജനങ്ങള്‍ക്കിടയില്‍ ക്യാമ്പസിന് ഒരു വിലയുണ്ട്.
ഇപ്പോള്‍ ഐടി മേഖലയില്‍ തൊഴില്‍ തേടുന്നവര്‍ ടെക്‌നോപാര്‍ക്കിലെ കമ്പനികളില്‍ ജോലി നേടാനാണെന്ന് ശ്രമിക്കുന്നതെന്ന് ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. മികച്ച പ്രതിഭയുള്ളവര്‍ ഈ കമ്പനികളില്‍ ജോലിയില്‍ പ്രവേശിക്കുകയാണ് പതിവ്.
Read Also: ഈ പെണ്ണുങ്ങള്‍ എന്താണ് വായിക്കുന്നത്?
ടെക്‌നോപാര്‍ക്ക് എന്ന പേര് സ്വകാര്യ കെട്ടിട ഉടമകള്‍ ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ അവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഈ പേരുപയോഗിച്ച് ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ ആകും. ജോലി ലഭിച്ചശേഷമാകും ജീവനക്കാര്‍ വ്യത്യാസം മനസ്സിലാക്കുക.
കൂടാതെ ഇപ്പോള്‍ ടെക്‌നോപാര്‍ക്കില്‍ ഒരു കമ്പനി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ പുറത്ത് കമ്പനി നടത്താം. ഈ കമ്പനികള്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് വാടകയും മറ്റും കുറവായതാണ് ഒരു കാരണം. ഈ കെട്ടിടത്തിന് ടെക്‌നോപാര്‍ക്കിന്റെ പേര് ഉപയോഗിക്കാന്‍ അനുവാദം ലഭിച്ചാല്‍ വാടക വര്‍ദ്ധിപ്പിക്കാന്‍ കെട്ടിട ഉടമയ്ക്കാകും. ഇത്തരം കെട്ടിടങ്ങള്‍ക്കുള്ള ആവശ്യകത ഐടി കമ്പനികളില്‍ നിന്നും കൂടുന്നത് കൊണ്ടാണിത്. ഇത് ഐടി വ്യവസായം നടത്താനുള്ള ചെലവ് വര്‍ദ്ധിപ്പിക്കും.