ആദ്യം ‘നടപ്പ് തര്‍ജ്ജമ’; ഒടുവില്‍ രാഹുലിന്റെ തോളോട് ചേര്‍ന്നു നിന്ന് തര്‍ജ്ജമ ചെയ്ത് സതീശന്‍

പറഞ്ഞത് മനസിലാകാതെ നില്‍ക്കുന്ന സതീശനെ കണ്ട് എന്തു പറ്റിയെന്ന് രാഹുല്‍. കേള്‍ക്കുന്നില്ലെന്ന് സതീശന്റെ മറുപടി. ഇതോടെ സതീശനെ രാഹുല്‍ തനിക്ക് അരികിലേക്ക് വിളിച്ചു. മൈക്കുമായി സതീശന്‍ രാഹുലിന്റെ അരികിലെത്തി.

കൊച്ചി: കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കാനെത്തിയ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജ്ജമ ചെയ്തത് വിഡി സതീശനായിരുന്നു. രാഹുലിന്റെ പ്രസംഗം സതീശന്‍ തര്‍ജ്ജമ ചെയ്യുന്നതിനിടെ പലപ്പോഴും സാങ്കേതിക തടസം വില്ലനായെത്തി.

പുറത്തു നിന്നുള്ള ബഹളവും സാങ്കേതിക തടസവും കാരണം സതീശന് രാഹുലിന്റെ പ്രസംഗം കേള്‍ക്കാനായിരുന്നില്ല പലപ്പോഴും. ആദ്യം സ്‌റ്റേജിന്റെ അറ്റത്തായിരുന്നു സതീശന്‍ നിന്നിരുന്നത്. രാഹുല്‍ ഒരു വാചകം പറഞ്ഞ് പൂ‍ർത്തിയാക്കിയപ്പോൾ എന്താണ് അദ്ദേഹം പറഞ്ഞ‌തെന്ന് മനസ്സിലാകാതിരുന്ന സതീശൻ അൽപനേരം എന്തു പറയണമെന്നറിയാതെ നിന്നു. എന്തു പറ്റിയെന്ന് രാഹുല്‍. കേള്‍ക്കുന്നില്ലെന്ന് സതീശന്റെ മറുപടി. ഇതോടെ സതീശനെ രാഹുല്‍ തനിക്ക് അരികിലേക്ക് വിളിച്ചു. മൈക്കുമായി സതീശന്‍ രാഹുലിന്റെ അരികിലെത്തി.

രാഹുല്‍ പ്രസംഗം തുടര്‍ന്നു. സതീശന്‍ തര്‍ജ്ജമയും. പ്രശ്‌നം അവിടം കൊണ്ടും തീര്‍ന്നില്ല. വീണ്ടും സാങ്കേതിക തടസം, പ്രവര്‍ത്തകരുടെ ശബ്ദം. സതീശന്റെ തര്‍ജ്ജമ മുറിഞ്ഞു. സതീശന്‍ ഒന്നുകൂടെ അടുത്തേക്ക് മാറി നിന്നു തർജമ്മ തുടർന്നു. ഇതിനിടെ പലപ്പോഴും രാഹുല്‍ പറയാത്തത് വരെ സതീശന്‍ തര്‍ജ്ജമ ചെയ്തിരുന്നു.

വീണ്ടും കേള്‍ക്കാതെ വന്നതോടെ രാഹുലിന്റെ അടുത്തു നിന്നും സതീശന്‍ നേരെ പഴയ സ്ഥാനത്തേക്ക് പോയി.ഇത്തവണയും സാങ്കേതിക തടസം വില്ലനായി. ഇതോടെ രാഹുല്‍ സതീശനോട് തനിക്ക് അരികിലേക്ക് വരാന്‍ വീണ്ടും വിളിച്ചു. ഇത്തവണ വിളിച്ചത് തന്റെ മൈക്ക് പോയന്റിലേക്ക് തന്നെയായിരുന്നു.

തനിക്ക് സംസാരിക്കാനായി നല്‍കിയിരുന്ന രണ്ട് മൈക്കുകളിലൊന്ന് സതീശന് നല്‍കി രാഹുല്‍ പ്രസംഗം തുടര്‍ന്നു. രാഹുലിന്റെ തോളോട് ചേര്‍ന്നു നിന്ന് സതീശന്‍ തര്‍ജ്ജമയും തുടര്‍ന്നു. പ്രസംഗം അവസാനിച്ച് രാഹുല്‍ പോകവെ, തന്നെ ചതിച്ചത് സാങ്കേതിക തടസമാണെന്നും അതുകൊണ്ടാണ് തര്‍ജ്ജമ മുറിഞ്ഞു പോയതെന്നും സതീശന്‍ രാഹുലിനെ അറിയിച്ചു.

ഇതോടെ രാഹുല്‍ സതീശനെ അഭിനന്ദിച്ചു. മൈക്കിലൂടെ പ്രവര്‍ത്തകരോടായി സതീശന് കൈയ്യടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. രാഹുലിന്റെ പ്രസംഗത്തിന്റെ തൊട്ടടുത്ത് നടന്ന സതീശന്റെ നടപ്പ് തര്‍ജ്ജമ സോഷ്യല്‍ മീഡിയയിലും വൈറലായി മാറിയിരിക്കുകയാണെന്നതാണ് വാസ്തവം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Technical errors causes breaks in vd satheeshans translation of rahuls speech

Next Story
‘പോരാട്ടം തുടരും’; കാണാനെത്തിയ രാഹുല്‍ ഗാന്ധിക്ക് അസീമിന്റെ ഉറപ്പ്
The moderation of comments is automated and not cleared manually by malayalam.indianexpress.com