തിരുവനന്തപുരം: രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന ടെക്‌നോ പാര്‍ക്ക് ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍. കടന്നു പിടിക്കാന്‍ ശ്രമിച്ചയാളെ യുവതി കത്തികൊണ്ട് കുത്തുകയും മൊബൈലില്‍ ചിത്രം പകർത്തി പൊലീസിന് കൈമാറുകയും ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴക്കൂട്ടം കിഴക്കുംഭാഗം പുതുവല്‍ പുത്തന്‍വീട്ടില്‍ മുരുകേശനാണ് പിടിയിലായത്. ടെക്‌നോ പാർക്കിലെ വനിതാ ജീവനക്കാര്‍ മാത്രം താമസിക്കുന്ന വീടിന്റെ ജനാലയിലൂടെ, ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു പ്രതി. തുടര്‍ന്ന് തൊട്ടടുത്തുണ്ടായിരുന്ന കത്തിയുപയോഗിച്ച് ഇയാളെ യുവതി കുത്തുകയായിരുന്നു.

കുത്തേറ്റതോടെ പ്രതി പിന്മാറി. തുടര്‍ന്ന് ഇയാളുടെ ചിത്രം യുവതി മൊബൈലില്‍ പകര്‍ത്തുകയും തുമ്പ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം സൈബര്‍സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍.അനില്‍കുമാറിന്റേയും തുമ്പ എസ്‌ഐ പ്രതാപചന്ദ്രന്റേയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

മുമ്പും ഇത്തരത്തില്‍ പ്രതി ആരെയെങ്കിലും അക്രമിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. പ്രതിയെ വഞ്ചിയൂര്‍ കോടതിയില്‍ ഹജരാക്കുകയും കോടതി ഇയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ