scorecardresearch

ഐടി മേഖലയിൽ “പിരിച്ചുവിടൽ വൈറസ്”, ആശങ്കയിലാഴ്ന്ന് ടെക്കികൾ

കൊച്ചിയിൽ ജോലി പോയത് 1200 പേർക്ക് തിരുവനന്തപുരം ടെക്നോപാർക്കിൽ പുറത്തായത് 1000 പേർ”- ഐടി രംഗത്ത് സംഭവിച്ചത് ഇതാണ്. ടെക്കികൾ നിലവിലത്തെ സാഹചര്യത്തോട് പ്രതികരിക്കുന്നു

ഐടി മേഖലയിൽ “പിരിച്ചുവിടൽ വൈറസ്”, ആശങ്കയിലാഴ്ന്ന് ടെക്കികൾ

“ആദ്യമൊന്നും ഇത്രയ്ക്ക് പ്രശ്നമാകുമെന്ന് കരുതിയിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ആരെപ്പോൾ പുറത്ത് പോകുമെന്ന കാര്യത്തിൽ ഒരു പിടിയുമില്ല. ജോലിയിലെ മികവ് എത്ര തന്നെയുണ്ടെങ്കിലും കമ്പനികൾ തിരഞ്ഞെടുക്കുന്നത് ആരെയുമാകാമെന്നാണ് സ്ഥിതി” ഐടി രംഗത്ത് പത്ത് വർഷമായി ജോലി ചെയ്യുന്ന ടെക്നോപാർക്കിൽ നിന്നുള്ള റെനീഷ് വി.കെ പറഞ്ഞു. “ഒരാഴ്ച മുൻപാണ് കമ്പനി സാമ്പത്തികമായി പ്രതിസന്ധിയിലാണെന്നും തൊഴിൽമികവ് നോക്കി പിരിച്ചുവിടൽ നടപടികൾ ഉണ്ടാകുമെന്നും എല്ലാവർക്കും ഇ മെയിൽ കിട്ടിയത്. അതിന് ശേഷം ഓഫീസിലാകെ ഇത് മാത്രമാണ് സംസാരം. കഠിനാധ്വാനത്തിന് പോലും ഇത്തരം ഘട്ടങ്ങളിൽ തൊഴിൽ സുരക്ഷിതത്വം ഉറപ്പു നൽകാനാവില്ല”, തന്റെ നിസഹായ അവസ്ഥ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

“ഇൻഫോപാർക്കിലെ പല കമ്പനികളും പിരിച്ചുവിടൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. ആഗോള തലത്തിൽ നടക്കുന്ന പിരിച്ചുവിടലിന്റെ ഒരു ഭാഗം കൊച്ചിയിൽ നിന്നുമുണ്ട്. അത് തന്നെയാണ് തിരുവനന്തപുരത്തെയും സ്ഥിതി” ആലപ്പുഴ സ്വദേശിയായ കെ.അഖിൽ വ്യക്തമാക്കുന്നു. ദീർഘകാലം കൊച്ചി ഇൻഫോപാർക്കിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്ത അഖിൽ ഈയടുത്താണ് തിരുവനന്തപുരത്ത് ടെക്നോപാർക്കിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി നേടി മാറിയത്.

“മെയ്-ജൂൺ മാസങ്ങളിലാണ് കമ്പനികൾ ശമ്പളവർദ്ധനവ് നടപ്പിലാക്കുന്നത്. ഈ സമയത്താണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നത്. കൊച്ചിയിൽ സി ടി എസിൽ മാത്രം 200 പേർക്ക് കമ്പനി വിട്ട് ഒഴിയേണ്ടി വന്നിട്ടുണ്ട്. ഏറിയും കുറഞ്ഞും വിവിധ ഐടി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ജോലി നഷ്ടമായിട്ടുണ്ട്.” കൊച്ചി ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന മൂവാറ്റുപുഴ സ്വദേശി അശ്വിൻ(പേര് യഥാർത്ഥമല്ല) പറഞ്ഞു. ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്കായി ലൈബ്രറി അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയ സംഘത്തിലെ ഒരാളാണ് ഇദ്ദേഹം.

“കൊച്ചിയിൽ ഇപ്പോൾ പിരിച്ചുവിടപ്പെട്ടത് 30000-40000 രൂപയ്‌ക്കിടയിൽ വേതനം പറ്റുന്നവരാണ്. എല്ലാ കമ്പനികളിലും കൂടി കൊച്ചിയിൽ ഏതാണ് 1000-1200 പേർ പുറത്ത് പോയിട്ടുണ്ടെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ അറിയാൻ പറ്റിയത്. പറഞ്ഞും കേട്ടുമുള്ള വിവരമാണ്. സത്യത്തിൽ ഇതിൽ കൂടുതലാകാനേ വഴിയുള്ളൂ” അശ്വിൻ പറഞ്ഞു. “സാധാരണ ഒരു ലക്ഷം രൂപയും അതിന് മുകളിലേക്കും വേതനം വാങ്ങുന്നവരൊക്കെയാണ് ഈ നിർബന്ധിത രാജിക്ക് ഇരയാകുന്നതെങ്കിലും ഇത്തവണ സാധാരണ അസോസിയേറ്റുമാർ വരെ ഇതിന്റെ ഇരകളായി.” അദ്ദേഹം വിശദമാക്കി.

ഏതാണ്ട് 1500 പേർക്ക് കൊച്ചിയിലും 1000 നും 1200 നും ഇടയിൽ ടെക്നോപാർക്കിലെ ജീവനക്കാർക്കും ഇപ്പോഴത്തെ കമ്പനികൾ വിടേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്.

ഇപ്പോഴത്തെ പിരിച്ചുവിടലിന് പല കാരണങ്ങളാണ് കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രസർക്കാർ വിജയമെന്ന് പ്രഖ്യാപിച്ച നോട്ട് നിരോധനം, സാമ്പത്തിക മാന്ദ്യം, അമേരിക്കയിൽ ട്രംപിന്റെ ഭരണനയം അങ്ങിനെ പലതും. സീനിയർ അസോസിയേറ്റുമാരിൽ തുടങ്ങിയ പിരിച്ചുവിടൽ നോട്ടീസ് വിതരണം ഇപ്പോൾ മധ്യനിരയിലുള്ള മാനേജർമാരിലാണ് എത്തിനിൽക്കുന്നത്. ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടയിൽ വേതനം പറ്റുന്ന ജീവനക്കാരിൽ നിന്നും ആനുപാതികമായ ഒരു വെട്ടിക്കുറയ്‌ക്കൽ ഉണ്ടാകും.

ലോകത്ത് ഐടി അനുബന്ധ തൊഴിൽ മേഖലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കൊച്ചിയും തിരുവനന്തപുരവും അടക്കം രാജ്യത്തെ എല്ലാ ഐടി കമ്പനികളിലും എത്തുന്നതിൽ 70 ശതമാനം പ്രൊജക്ടുകളും അമേരിക്കയിൽ നിന്നുള്ളതാണ്. യൂറോപ്യൻ രാജ്യങ്ങളാണ് ഈ കണക്കിൽ രണ്ടാം സ്ഥാനത്ത്.

രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ കോഗ്നിസന്റ് ആറായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്ന വാർത്ത പരന്നതോടെയാണ് ഐടി മേഖലയിലെ പിരിച്ചുവിടലിനെ കുറിച്ച് ലോകം അറിഞ്ഞത്. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ ഐടി മേഖലയിലെ വിവിധ കമ്പനികളിലായി 60000-70000 നും ഇടയിൽ ആളുകൾക്ക് ജോലി നഷ്ടമായിട്ടുണ്ട്. “കൊച്ചിയിൽ നിന്നുള്ള നല്ല ശതമാനം പേരും ഇപ്പോൾ പോയിരിക്കുന്നത് ബെംഗലൂരുവിലും ചെന്നൈയിലുമാണ്. അവിടെ ജോലി തേടി നടക്കുകയാണ് അവർ” എന്ന് ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി എ.വരുൺ പറഞ്ഞു.

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം വരുത്തിയ നയപരമായ മാറ്റങ്ങളാണ് ഐടി കമ്പനികളുടെ നിലപാടിന് കാരണമെന്നാണ് വിലയിരുത്തൽ. ട്രംപിന്റെ ഭരണനയങ്ങളെ കുറിച്ച് ആദ്യം പുറത്തുവന്ന വാർത്തകൾ വലിയ തോതിൽ ചർച്ചയായത് ശമ്പള വർദ്ധനവ് അടുത്തതോടെയാണ്. “ടി.സി.എസിൽ സീനിയർ അസോസിയേറ്റായിരുന്നു ഞാൻ. പെർഫോമൻസ് മോശമാണെന്ന് കാരണം പറഞ്ഞാണ് രാജി വയ്‌ക്കാൻ ആവശ്യപ്പെട്ടത്. രാജിവയ്‌ക്കുകയാണെങ്കിൽ രണ്ട് മാസത്തെ വേതനം തരാമെന്ന് പറഞ്ഞു. മെയ് 8 നാണ് രാജിവച്ചത്. ചെന്നൈയിൽ സുഹൃത്തുക്കളുണ്ട്. അവിടെ ഏതെങ്കിലും സ്ഥാപനത്തിൽ കയറാമെന്ന പ്രതീക്ഷയിലാണ്” തൃശൂർ സ്വദേശി ആർ.രാഹുൽ പറഞ്ഞു.

അമേരിക്കയിലെ യുവാക്കൾക്ക് ജോലി ലഭ്യമാക്കുന്നതിനുള്ള നടപടിയാണ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്നത്. ഇതിനായി ഇവിടുത്തെ തൊഴിൽ നിയമങ്ങളിൽ ഭേദഗതികൾ വരുത്തുന്നുണ്ട്. ഭേദഗതികളോടെ നിയമം കർശനമായി നടപ്പിലാക്കിയാൽ ഇന്ത്യയിൽ നിന്ന് എച്ച്1ബി വിസ പ്രകാരം അമേരിക്കയിൽ ജോലി ചെയ്യുന്നവർക്കടക്കം ഐ.ടി.കമ്പനികൾ ഉയർന്ന തുക വേതനം ലഭിക്കും. ഇപ്പോഴത്തെ നിലയിൽ നിന്ന് വളരെ കൂടുതൽ തുക കമ്പനികൾക്ക് ചെലവഴിക്കേണ്ടി വരും.

“എച്ച്1ബി വിസ വഴി വിദേശത്തേക്ക് പോകുന്ന ഐടി ജീവനക്കാർക്ക് നാട്ടിൽ 50000 രൂപയാണ് ലഭിക്കുന്നതെങ്കിൽ, അമേരിക്കയിൽ 5-6 ലക്ഷം രൂപ വരെയാണ് മാസം ലഭിക്കുക. ഇതിനേക്കാൾ കൂടുതൽ ഇനി ഇന്ത്യക്കാർക്ക് നൽകേണ്ടി വരും. ഇതേ വേതനത്തിൽ അമേരിക്കക്കാർക്കും ജോലി നൽകണം. കമ്പനികൾ ആൾക്കാരെ പിരിച്ചുവിട്ടില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ” അഖിൽ ചൂണ്ടിക്കാട്ടി. “ഇപ്പോഴുണ്ടായിരിക്കുന്ന പിരിച്ചുവിടൽ നടപടികൾക്കിടെ പലർക്കും തൊഴിൽ നിയമം അനുസരിച്ചുള്ള വേതനം നൽകിയിട്ടില്ലെ”ന്ന് ബെംഗലൂരുവിൽ പ്രവർത്തിക്കുന്ന ഐ.ടി. ആന്റ് ഐ.ടി.ഇ.എസ് യൂണിയൻ ജോയിന്റ് സെക്രട്ടറിയായ ജോസി പറഞ്ഞു.

“ഇവർക്ക് ലേബർ കമ്മിഷണർ വഴി അർഹമായ സാമ്പത്തിക സഹായം ലഭ്യമാക്കാനാണ് ഞങ്ങളുടെ ശ്രമം. എന്നാൽ ഭൂരിഭാഗം പേരും ഞങ്ങളെ സമീപിക്കാൻ തന്നെ തയ്യാറല്ല. ഏതെങ്കിലും തരത്തിൽ “ബ്ലാക് മാർക്” വീണാൽ പിന്നെ ജോലിക്ക് കിട്ടാൻ പ്രയാസമാകുമെന്നാണ് എല്ലാവരും കരുതുന്നത്.

“അമേരിക്കയിലെ പുതിയ നയങ്ങൾ കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ്. അതുകൊണ്ട് പരമാവധി സാമ്പത്തിക നേട്ടം ഇന്ത്യയിൽ നിന്നടക്കം അവർക്ക് ഉണ്ടാക്കണം. അതുകൊണ്ടാണ് മൂന്ന് മാസത്തെ വേതനം നൽകാതെ എല്ലാവരോടും നിർബന്ധിച്ച് രാജിവയ്പ്പിക്കുന്നത്.” ജോസി വിശദീകരിച്ചു.

” ഇന്ത്യക്കാർ വളരെയധികം കഠിനാദ്ധ്വാനം ചെയ്യുന്നവരാണ്. അമേരിക്കൻ ജീവനക്കാരേക്കാൾ രണ്ടിരട്ടിയോ മൂന്നിരട്ടിയോ ആകും ഇന്ത്യയിൽ നിന്നുള്ള ഉൽപ്പാദനം. ഒരു പ്രൊജക്ടിൽ തന്നെ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളുടെ മറ്റിടങ്ങളിലുളളവരുടേതിനേക്കാൾ കൂടുതലാണ്. പക്ഷെ അവിടുത്തെ കമ്പനികളാണ് പ്രൊജക്ട് നൽകുന്നത്. അവിടുത്തെ സർക്കാർ പറയുന്ന കാര്യം അവർക്ക് അനുസരിച്ചേ പറ്റൂ. അതിന്റെ പ്രയാസം ഇന്ത്യയിലുള്ള ചെറുപ്പക്കാരാണ് അനുഭവിക്കേണ്ടി വരിക.” റെനീഷ് ചൂണ്ടിക്കാട്ടി.

അമേരിക്കയിലെ ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് രേഖകൾ പ്രകാരം പത്ത് വർഷത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്ക് ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയ ശേഷം തൊഴിലില്ലായ്മ വളർച്ചയിലുണ്ടായി. 4.4 ശതമാനത്തിലെത്തി നിൽക്കുകയാണ് ഇത്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ഇത് തുടർച്ചയായി താഴേക്ക് പോവുകയാണ്. അമേരിക്കയിലെ 4.4 കോടി പേരിൽ നിന്നായി 1.3 ട്രില്യൺ ഡോളർ വിദ്യാഭ്യാസ വായ്പ ഇനത്തിൽ പിരിഞ്ഞുകിട്ടാനുണ്ടെന്നാണ് ഫോബ്സ് മാസിക പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് കടുത്ത തൊഴിൽ നടപടികളിലേക്ക് ഭരണകൂടം കടക്കുന്നതും.

“അമേരിക്കയിൽ തദ്ദേശീയരായ യുവാക്കൾക്ക് ജോലി കൊടുക്കേണ്ടി വരുന്നത് സ്ഥാപനങ്ങളെ സംബന്ധിച്ച് വലിയ സാമ്പത്തിക ബാധ്യതയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പരമാവധി ചിലവ് കുറച്ചാലേ അവർക്ക് അമേരിക്കയിൽ സർക്കാർ നിർദ്ദേശിക്കുന്ന വിധത്തിൽ മുന്നോട്ട് പോകാനും സാധിക്കൂ.” ബെംഗലൂരുവിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി സനൂപ്(പേര് യഥാർത്ഥമല്ല) പറഞ്ഞു.

എന്നാൽ ഇപ്പോഴുണ്ടായിരിക്കുന്ന സാമ്പത്തിക ബാധ്യതയിൽ നിന്ന് കരകയാൻ കമ്പനികൾ സ്വീകരിക്കുന്ന വഴികളാണ് സംഘടിതമായി പൊരുതാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ജോസി പറഞ്ഞു. “ചില കമ്പനികൾ മാത്രമേ മൂന്ന് മാസത്തെയോ രണ്ടു മാസത്തെയോ വേതനം നൽകുന്നുള്ളൂ. ലാഭം കൂടുതൽ കാണിക്കാൻ ഒന്നും നൽകാതെ പറഞ്ഞ് വിടുന്നവരുമുണ്ട്. ഇത്തരം കമ്പനികളിൽ നിന്ന് ഒഴിയേണ്ടി വരുന്നവർക്ക് നിയമ സഹായം ലഭ്യമാക്കുക, സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക, വേറെ ജോലി കണ്ടെത്താൻ സഹായിക്കു കമ്പനികളിൽ നിന്ന് വാങ്ങി നൽകുക തുടങ്ങിയ കാര്യങ്ങളാണ് ഞങ്ങൾ ചെയ്യുന്നത്” ജോസി വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Tech professionals dismiss from companies kochi infopark technopark