പാലക്കാട്: മണ്ണാര്‍ക്കാട് എംഇഎസ് കോളേജില്‍ കോളേജ് യൂണിയന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രചാരണബോര്‍ഡുകളും തോരണങ്ങളും അധ്യാപകര്‍ രാത്രി നശിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മണ്ണാര്‍ക്കാട് എംഇഎസ് കോളേജ് യൂണിയന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കോളേജില്‍ യൂണിയന്റെയും എസ്എഫ്‌ഐയുടെയും പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പ്രചാരണ ബോര്‍ഡുകളും തോരണങ്ങളും അപ്രത്യക്ഷമായി. രാവിലെ പ്രിന്‍സിപ്പലിന് മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പരാതിയുമായെത്തിയതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.

സെക്യൂരിറ്റിയുടെ സഹായത്തോടെ കോളേജിലെ അധ്യാപകര്‍ തന്നെയാണ് പ്രചാരണബോര്‍ഡുകള്‍ നശിപ്പിച്ചതെന്ന് വ്യക്തമായത്. കോളേജില്‍ സംഘര്‍ഷമുണ്ടാക്കാനും തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അക്രമരാഷ്ട്രീയം നടത്തുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു അധ്യാപകരുടേതെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു.

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആരോപണവിധേയനായ അധ്യാപകനെ സ്റ്റാഫ് അഡ്വൈസറുടെ ചുമതലയില്‍ നിന്ന് നീക്കിയിട്ടുണ്ട്. കഴിഞ്ഞ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ യൂണിയന്‍ ഭരണം പിടിച്ചെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ