കൊച്ചി: സുൽത്താൻ ബത്തേരി സർവജന സ്കൂളിൽ വിദ്യാർഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി അധ്യാപകർ ഹൈക്കോടതിയിൽ. പ്രധാനാധ്യാപകൻ കെ.കെ.മോഹനനും പ്രൈമറി അധ്യാപകൻ സി.പി.ഷജിലുമാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. പാമ്പുകടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ്ല ഷെറിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ലെന്നാണ് അധ്യാപർക്കെതിരായ കേസ്.
സംഭവത്തിൽ പ്രിൻസിപ്പലിനെയും ഹെഡ്മാസ്റ്ററെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കുട്ടിക്കു യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപകന് സി.പി.ഷജില്‍ കുമാറിനെയും അകാരണമായി ചികിത്സ വൈകിപ്പിച്ചെന്ന ആരോപണത്തെത്തുടർന്ന് ഡോക്ടറെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Also Read: ഷഹ്ലയുടെ മരണം: പ്രിന്‍സിപ്പലിനും ഹെഡ്മാസ്റ്റർക്കും സസ്പെന്ഷന്; പിടിഎ പിരിച്ചുവിട്ടു
സംഭവം നടക്കുമ്പോള്‍ താന്‍ സ്റ്റാഫ് റൂമിലായിരുന്നുവെന്നാണ് ഷജില്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. പാമ്പുകടിയേറ്റെന്ന് ഷഹല പരാതിപ്പെട്ടപ്പോള്‍ ക്ലാസ് മുറി പരിശോധിച്ചിരുന്നെന്നും എന്നാല്‍ പാമ്പിനെ കണ്ടെത്താനായില്ലെന്നുമാണ് ഷജിലിന്റെ വാദം. കൂടാതെ കുട്ടികളോട് ക്ലാസില്‍ പോകാന്‍ ആവശ്യപ്പെട്ടത് രംഗം ശാന്തമാക്കാനും ഷഹലയ്ക്ക് ശുദ്ധവായു കിട്ടാനുമാണെന്നും ഷജില്‍ പറയുന്നു.
അതേസമയം, മറ്റൊരു അധ്യാപകന് പറയുമ്പോഴാണ് താൻ കാര്യം അറിഞ്ഞതെന്നാണ് വൈസ് പ്രിന്‍സിപ്പലിന്റെ വാദം. ഷഹലയുടെ പിതാവ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതിന്റെ പുറകെ ബൈക്കില്‍ താനും പോയതായും വൈസ് പ്രിന്‍സിപ്പൽ പറയുന്നു.
ബത്തേരി സര്‍വജന ഗവ. ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്ന ആയിഷയുടെയും മകള്‍ ഷഹ്ലയ്ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റത്. ക്ലാസ് മുറിയിലെ കോണ്‍ക്രീറ്റ് തറയില്‍ ചുമരിനോട് ചേര്‍ന്ന് രണ്ടു മാളങ്ങളുണ്ട്. ഇതിലൊന്നില്‍നിന്നാണു പാമ്പ് കടിച്ചത്. സ്കൂളിന് വീഴ്ച പറ്റിയെന്നാണ് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞത്. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ലഭിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.