തിരുവനന്തപുരം: അധ്യാപകദിനത്തിൽ മാതൃകയായി ഒരു കൂട്ടം അധ്യാപകർ. പ്രളയക്കെടുതിയിൽ വലഞ്ഞ കേരളത്തിന് കൈതാങ്ങുമായി എത്തിയിരിക്കുകയാണ് അധ്യാപകർ. സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയവരിൽ 24 അദ്ധ്യാപകർ തങ്ങൾക്ക് ലഭിച്ച അവാർഡ് തുകയും, മറ്റൊരു അവാർഡ് ജേതാവായ സപ്ന ഒരു മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ആകെ 2,65,900 രൂപ ലഭിച്ചിട്ടുണ്ട്. ഈ അദ്ധ്യാപകരെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അഭിനന്ദിച്ചു.

സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാൻ സർക്കാർ ഒരുങ്ങുമ്പോഴാണ് അധ്യാപികയായ സപ്ന ഒരു മാസത്തെ ശമ്പളം നൽകി മാതൃകയായത്.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാർ ജീവനക്കാർ ഒരു മാസത്തെ വേതനം നൽകണമെന്ന് മന്ത്രി തോമസ് ഐസക് ആണ് അറിയിച്ചത്. തയ്യാറല്ലാത്ത ജീവനക്കാർ അക്കാര്യം എഴുതി നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഒരു തവണയായോ 10 മാസമായോ ശമ്പളം നൽകാൻ സൗകര്യമുണ്ട്. ഇങ്ങനെ നൽകുന്ന പണത്തിന് ആദായനികുതി ഇളവുണ്ടാകും. ലീവ് സറണ്ടർ തുകയായി നൽകാൻ താൽപര്യമുള്ളവർക്ക് അതും ചെയ്യാം. പിഎഫ് വായ്പയെടുത്തും ദുരിതാശ്വാസത്തിനു നൽകാൻ താൽപര്യമുള്ളവർക്ക് അങ്ങനെയും നൽകാം. വിവിധ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച് രണ്ടുമൂന്നു ദിവസത്തിനകം ഇതു സംബന്ധിച്ചു സർക്കാർ ഉത്തരവിറങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ