വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറിൽ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ മുഖത്ത് അധ്യാപിക അടിച്ചതായി പരാതി. ക്ലാസിൽ ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് വണ്ടിപ്പെരിയാർ സർക്കാർ എൽപി സ്കൂൾ വിദ്യാർഥിയായ മൂന്നാം ക്ലാസുകാരന്റെ കരണത്ത് അധ്യാപിക അടിച്ചത്. ഇന്നലെയായിരുന്നു സംഭവം.
അധ്യാപിക ക്ലാസിൽ ഇല്ലാതിരുന്ന സമയത്ത് ചില കുട്ടികൾ ഡസ്ക്കിൽ കൊട്ടി ശബ്ദമുണ്ടാക്കി. ഈ സമയം അവിടെ എത്തിയ ജൂലിയറ്റ് എന്ന അധ്യാപിക ബഹളമുണ്ടാക്കിയത് താനാണെന്ന് പറഞ്ഞ് കരണത്തടിക്കുകയായിരുന്നെന്ന് കുട്ടി പറഞ്ഞു. വീട്ടിലെത്തിയപ്പോൾ അമ്മയോടാണ് കുട്ടി അധ്യാപിക മർദിച്ച വിവരം പറഞ്ഞത്.
വേദന മൂലം ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നതോടെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. സ്കൂളിലെ താൽക്കാലിക അധ്യാപികയാണ് ആരോപണ വിധേയയായ ജൂലിയറ്റ്.