തിരുവനന്തപുരം: പുതുച്ചേരി വാഹന റജിസ്ട്രേഷൻ തട്ടിപ്പിൽ സുരേഷ് ഗോപി എംപിക്കെതിരെ എഫ്ഐആർ സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ സമർപ്പിച്ചത്. സുരേഷ് ഗോപി വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. 2010ൽ റജിസ്റ്റർ ചെയ്ത വാഹനത്തിനായി സുരേഷ് ഗോപി സമർപ്പിച്ചത് 2014ലെ വാടകച്ചീട്ടാണ്. വ്യാജ മേല്‍വിലാസത്തിന്മേല്‍ പുതുച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്തുകൊണ്ടാണ് നടന് നികുതി വെട്ടിപ്പ് നടത്താന്‍ ശ്രമിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
നികുതി വെട്ടിക്കാന്‍ ശ്രമിച്ചതിന്റെ വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്ന് സുരേഷ് ഗോപി മോട്ടോര്‍ വാഹന വകുപ്പിന് രേഖകള്‍ കൈമാറിയിരുന്നെങ്കിലും തൃപ്തികരമായിരുന്നില്ല. എംപിയായതിന് ശേഷവും അതിന് മുന്പുമായി രണ്ട് വാഹനങ്ങളാണ് പുതുച്ചേരിയില്‍ സുരേഷ് ഗോപി റജിസ്റ്റര്‍ ചെയ്തിട്ടുളളത്.
പുതുച്ചേരിയില്‍ എല്ലൈപിളള ചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്മന്റ്സ് -3 സി എ എന്ന വിലാസത്തിലാണ് സുരേഷ് ഗോപി വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇങ്ങനെയൊരു വിലാസത്തില്‍ ഒരു വീടോ അപ്പാര്‍ട്ട്മെന്റോ ഈ സ്ഥലത്തില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. വ്യാജ മേല്‍വിലാസത്തില്‍ വാഹനം റജിസ്റ്റര്‍ ചെയ്തത് വഴി 40 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്.