Live

Kerala Rain Weather Updates: ടൗട്ടെ കേരളതീരം തൊട്ടില്ല, വടക്കൻ കേരളത്തിൽ മഴ തുടരുന്നു

Kerala Rain Weather Updates: തെക്കൻ കേരളത്തിലെ ചില ജില്ലകളിൽ തെളിഞ്ഞ കാലാവസ്ഥയാണ്

kerala weather, മഴ, kerala rain, ന്യൂന മർദം, Arabian Sea, Low pressure, rain, ie malayalam, ഐഇ മലയാളം

Kerala Rain Weather Updates: തിരുവനന്തപുരം: ടൗട്ടെ കേരളതീരം തൊട്ടില്ലെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്തെങ്ങും കനത്ത മഴയാണ് ലഭിച്ചത്. വടക്കൻ കേരളത്തിൽ മഴ ഇപ്പോഴും തുടരുന്നു. മധ്യ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇടവിട്ട് പെയ്യുന്നുണ്ട്. തെക്കൻ കേരളത്തിലെ ചില ജില്ലകളിൽ തെളിഞ്ഞ കാലാവസ്ഥയാണ്.

കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മേയ് 16 മുതല്‍ മേയ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30-40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കു കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് ഇന്ന് പുലർച്ചെ കൂടുതൽ ശക്തിപ്രാപിച്ചു അതിശക്ത ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്നു വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നലകിയിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകളായ കണ്ണൂർ, കാസറഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Read Also: അതിതീവ്ര മഴ: വലിയ പ്രളയ ഭീതിയുടെ സാഹചര്യമില്ലെന്നു മുഖ്യമന്ത്രി

ന്യൂനമർദം കേരളതീരത്ത് നിന്ന് അകലെ ആയതിനാൽ തെക്കൻ കേരളത്തിൽ മഴ കുറയും. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും, 17ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും, 18ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും മേയ് 19ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, മധ്യകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ശക്തമായ ടൗട്ടെ ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 11 കിമീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് ഇന്ന് രാവിലെ 05.30 ന് മധ്യകിഴക്കൻ അറബിക്കടലിൽ 15.0 ഡിഗ്രി അക്ഷാംശത്തിലും 72.7 ഡിഗ്രി രേഖാംശത്തിലും എത്തിയിരിക്കുന്നു. ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 130 കിമീ തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് 450 കിമീ തെക്കു മാറിയും, തെക്കു-തെക്കു കിഴക്കു ദിശയിൽ വെറാവൽ (ഗുജറാത്ത് ) തീരത്തു നിന്ന് 700 കിമീയും പാക്കിസ്ഥനിലെ കറാച്ചിയിൽ നിന്നും 840 കിമീ തെക്കു കിഴക്കു ദിശയിലാണ് ചുഴലിക്കാറ്റ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.

Live Updates
1:37 (IST) 16 May 2021
കോഴിക്കോട് ജില്ലയിൽ ഒരു മരണം; ഒൻപത് ക്യാമ്പുകൾ തുറന്നു

കോഴിക്കോട് ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് കൊയിലാണ്ടി, കോഴിക്കോട്, വടകര താലൂക്കുകളിലായി ഒൻപത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി. മഴക്കെടുതികളിൽ ഒരാൾ മരിച്ചു. അരിക്കുളം വില്ലേജിൽ ഊരള്ളൂർ ചേമ്പും കണ്ടി മീത്തൽ യശോദ (71) തെങ്ങ് വീണു മരിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര).

12:07 (IST) 16 May 2021
ടൗട്ടെ അടുത്ത 12 മണിക്കൂറിൽ അതിതീവ്രചുഴലിക്കാറ്റായി മാറും

തീവ്രചുഴലിക്കാറ്റായി മാറിയ 'ടൗട്ടെ' അടുത്ത 12 മണിക്കൂറിൽ അതിതീവ്രചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന 'ടൗട്ടെ', 18-ാം തീയതി രാവിലെയോടെ ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നും, അന്ന് ഉച്ച തിരിഞ്ഞോ, വൈകിട്ടോടെയോ, പോ‍ർബന്ദറിനും നാലിയയ്ക്കും ഇടയിൽ തീരം തൊടുമെന്നുമാണ് കണക്കുകൂട്ടൽ.

11:31 (IST) 16 May 2021
വടക്കൻ കേരളത്തിൽ മഴ തുടരുന്നു

ടൗട്ടെ കേരളതീരം തൊട്ടില്ലെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്തെങ്ങും കനത്ത മഴയാണ് ലഭിച്ചത്. വടക്കൻ കേരളത്തിൽ മഴ ഇപ്പോഴും തുടരുന്നു. മധ്യ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇടവിട്ട് പെയ്യുന്നുണ്ട്. തെക്കൻ കേരളത്തിലെ ചില ജില്ലകളിൽ തെളിഞ്ഞ കാലാവസ്ഥയാണ്.

10:15 (IST) 16 May 2021
കാറ്റും മഴയും വയനാട് ജില്ലയിൽ കെ.എസ്.ഇ.ബിക്ക് 11.31 ലക്ഷം നഷ്ടം

വയനാട് ജില്ലയിൽ തുടർച്ചയായുണ്ടായ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് കനത്ത നാശനഷ്ടം. 11,36,000 രൂപയുടെ നാശനഷ്ടമാണുണ്ടായത്.90 വൈദ്യുതി പോസ്റ്റുകൾ പൂർണ്ണമായും തകർന്നു. 7,56,000 രൂപയുടെ നഷ്ടമാണ് ഈയിനത്തിൽ കണക്കാക്കുന്നത്. ചെരിഞ്ഞ വൈദ്യുത തൂണുകൾ നേരെയാക്കുന്നതിന് 1,10, 000 രൂപയുടെ ചെലവ് വരും. തകരാറിലായ ട്രാൻസ്ഫോർമർ നന്നാക്കുന്നതിന് 1,50,000 രുപയുടെ ചെലവ് വരും. മറ്റിനങ്ങളിൽ 1,20,000 രുപയും ചെലവ് വരും. ശക്തമായ കാറ്റിൽ ഒട്ടെ റെ പ്രദേശങ്ങളിൽ വൈദ്യുത ലൈൻ തകർന്നിരുന്നു. യഥാസമയം വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ കെ.എസ്.ഇ.ബി സ്വീകരിച്ചു. കോവിഡ് കാലത്തെയും അതിജീവിച്ചാണ് സമയബന്ധിതമായി കെ.എസ്.ഇ.ബി വൈദ്യുതി തടസ്സം നീക്കുന്നതിന് നിതാന്തമായ പരിശ്രമം നടത്തുന്നത്.

10:14 (IST) 16 May 2021
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം 2021 മെയ് 17 രാത്രി 11:30 വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും (3 മുതൽ 4.5 മീറ്റർ വരെ ഉയരത്തിൽ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

9:02 (IST) 16 May 2021
ചെല്ലാനം മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾക്കു നാവികസേന രംഗത്ത്

ചെല്ലാനം മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾക്കു നാവികസേന രംഗത്തിറങ്ങി. നീന്തൽ വിദഗ്ധരായ സേനാ സംഘം വാഹനങ്ങളിലും ബോട്ടുകളിലുമായാണു രംഗത്തിറങ്ങിയത്. ചെല്ലാനത്ത് നിരവധി വീടുകളിൽ വെള്ളം കയറിയതോടെ പലരും ദുരിതാശ്വാസ ക്യാംപുകളിലേക്കു താമസം മാറ്റി. കടൽഭിത്തി തകർന്നു കിടക്കുന്ന ചെല്ലാനം ബസാർ, കമ്പനിപ്പടി, മാലാഖപ്പടി, കണ്ണമ്മാലി തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത മഴയ്ക്കൊപ്പം കടൽക്ഷോഭം ശക്തമായത്.

8:25 (IST) 16 May 2021
സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ എട്ടു ജില്ലകളിൽ ഇന്ന് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

8:03 (IST) 16 May 2021
കേരളത്തിൽ മേയ് 19 വരെ മഴ തുടരും

മേയ് 16 മുതല്‍ മേയ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30-40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

7:01 (IST) 16 May 2021
ബേപ്പൂരിൽ നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ട് കാണാനില്ല; തിരച്ചിൽ തുടരുന്നു

കോഴിക്കോട് ബേപ്പൂരിൽ നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ട് കാണാതായി. മേയ് അഞ്ചിന് കടലിൽ പോയ അജ്മീർ ഷാ എന്ന ബോട്ടാണ് കാണാതായത്. കെ.പി ഷംസു എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ബോട്ടിൽ 15 മത്സ്യ തൊഴിലാളികളാണ് ഉള്ളത്. മൂന്ന് ദിവസം മുന്നേ ഇവരെ ഗോവ തീരത്ത് കടത്തായി വിവരമുണ്ട്. കോസ്റ്റ് ഗാർഡ് ബോട്ടിനായി അന്വേഷണം തുടങ്ങി.

6:37 (IST) 16 May 2021

കേരളത്തിലെ വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസം രാവിലെ 8 മണി മുതൽ ഇന്ന് രാവിലെ 8 മണിവരെ രേഖപ്പെടുത്തിയ മഴയുടെ അളവ്

6:17 (IST) 16 May 2021

കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (KSEB) ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം

5:53 (IST) 16 May 2021
പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും: ജാഗ്രതാ നിര്‍ദ്ദേശം

മഴ തുടരുന്ന സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു വിടാന്‍ അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. 419.41 മീറ്ററിനു മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്നാലാണ് സ്പില്‍വേ ഷട്ടറുകള്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുക. വെള്ളം തുറന്നു വിടുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരു കരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണെമെന്നും നിര്‍ദ്ദേശമുണ്ട്. പുഴയില്‍ മത്സബന്ധനം, അനുബന്ധ പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 418.05 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 424 മീറ്ററാണ്. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് നല്‍കാന്‍ ഇടമലയാര്‍ ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

4:31 (IST) 16 May 2021
വയനാട് വീടിനുമേൽ മരം വീണു യുവതിക്ക് പരുക്കേറ്റു

വയനാട് പേരിയ ഇരുമനത്തൂർ കരടിക്കുഴി കുറ്റിവൾ വീട്ടിൽ കേളുവിന്റെ വീടിനുമേൽ മരം വീണു ഭാഗികമായി കേടുപറ്റി. മകൾ അഞ്ജന (19)യ്ക്ക് പരുക്കേറ്റു. ചുണ്ടേൽ ഒലിവ്മല പള്ളിക്കു സമീപം ചിന്നൻ, സുന്ദരൻ എന്നിവരുടെ വീടുകൾക്കു സമീപത്തു നിന്നു മണ്ണിടിഞ്ഞു ചെറിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വീട്ടുകാർ ബന്ധുവീട്ടുകളിലേക്ക് മാറി.

4:23 (IST) 16 May 2021

ശക്തമായ കടൽ ക്ഷോഭത്തിൽ തകർന്ന കോഴിക്കോട് കാപ്പാട് ബീച്ച്

3:49 (IST) 16 May 2021
കോഴിക്കോട് കടൽഭിത്തി തകർന്നു; 100 ഓളം വീടുകൾക്ക് കേടു പറ്റി

കോഴിക്കോട് വടകര അഴിത മുതൽ കുരിയാടി വരെയുള്ള 4 കിലോ മീറ്റർ നീളത്തിലുള്ള കരിങ്കൽഭിത്തി ശക്തമായ തിരയടിച്ചിലിൽ തകരുകയും താഴ്ന്നു പോവുകയും ചെയ്തു. ഭിത്തിക്ക് പുറത്തേക്ക് തിരയടിച്ച് 100 ഓളം വീടുകൾക്ക് ഭാഗികമായി കേടു പറ്റി. വലിയ തോതിൽ തെർമോ കോൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രദേശത്ത് അടിഞ്ഞുകൂടിയിട്ടുണ്ട്. 310 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. അഴിയൂർ, ഒഞ്ചിയം . മാടാക്കര ഭാഗങ്ങളിലും ശക്തമായ തിരയടിച്ചിലിൽ നിരവധി പേർ മാറി താമസിച്ചു.

3:20 (IST) 16 May 2021
പഴശ്ശി ഡാം ഇന്ന് 12 മണിയോടെ ഭാഗികമായി തുറക്കും

പഴശ്ശി ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ സുരക്ഷിതത്വം കണക്കിലെടുത്ത് ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് ( മെയ്‌ 16) ഉച്ചക്ക് 12 മണിക്ക് ഭാഗികമായി തുറക്കുവാൻ ജില്ലാ കലക്ടർ അനുമതി നൽകി. നിലവിൽ പഴശ്ശി ഡാമിലെ ജലനിരപ്പ് 24.55m ആണ്. ഓരോ മണിക്കൂറിലും 10 സെൻ്റീമീറ്റർ ജലനിരപ്പ് ഉയരുന്നുണ്ട്.

പടിയൂർ, ഇരിക്കൂർ, നാറാത്ത്, കൂടാളി പാപ്പിനിശ്ശേരി, വളപ്പട്ടണം, കല്യാശ്ശേരി ,മയ്യിൽ, മലപ്പട്ടം, ചെങ്ങളായി എന്നീ ഗ്രാമ പഞ്ചായത്തുകൾ, ആന്തൂർ, മട്ടന്നൂർ ഇരിട്ടി മുനിസിപ്പാലിറ്റികൾ എന്നീ പ്രദേശത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. പോലീസ് ,ഫയർ സർവീസ്, റവന്യൂ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷൻമാർ, സെക്രട്ടറിമാർ എന്നിവർക്ക്‌ ആവശ്യമായ നടപടികൾക്ക്‌ നിർദേശം നൽകി.

Web Title: Tauktae cyclone kerala rain weather live updates may 16

The moderation of comments is automated and not cleared manually by malayalam.indianexpress.com