scorecardresearch

‘തരൂര്‍ വിമത പ്രവര്‍ത്തനം നടത്തുമെന്ന് കരുതുന്നില്ല’; വിവാദത്തില്‍ പ്രതികരിച്ച് താരിഖ് അന്‍വര്‍

കെപിസി സി നിലപാടിനെയും പ്രതിപക്ഷ നേതാവിന്റെ നിലപാടുകളെയും പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു

‘തരൂര്‍ വിമത പ്രവര്‍ത്തനം നടത്തുമെന്ന് കരുതുന്നില്ല’; വിവാദത്തില്‍ പ്രതികരിച്ച് താരിഖ് അന്‍വര്‍

ന്യൂഡല്‍ഹി:ശശി തരൂരിന്റെ കേരള സന്ദര്‍ശനത്തെ തുടര്‍ന്നുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കെപിസി സി നിലപാടിനെയും പ്രതിപക്ഷ നേതാവിന്റെ നിലപാടുകളെയും പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു നേതാവും പാര്‍ട്ടിയെ ധിക്കരിക്കാന്‍ പാടില്ല. നിര്‍ദേശങ്ങള്‍ അനുസരിക്കണം. തരൂര്‍ വിമത പ്രവര്‍ത്തനം നടത്തുമെന്ന് കരുതുന്നില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

കേരള രാഷ്ട്രീയത്തില്‍ എത്തിയത് മുതല്‍ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലെന്നാണ്‌ ശശി തരൂര്‍ പ്രതികരിച്ചത്. വിഭാഗീയതയുടെ എതിരാളിയാണ് ഒരു ഗ്രൂപ്പും സ്ഥാപിക്കാന്‍ പോകുന്നില്ല.ഒരു ഗ്രൂപ്പുകളിലും വിശ്വാസം ഇല്ല. കോണ്‍ഗ്രസിന് വേണ്ടിയാണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തരൂരിനോടുള്ള എതിര്‍പ്പില്‍ രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും വി.ഡി.സതീശനും ഒരുപക്ഷത്താണ്. പാര്‍ട്ടക്കകത്ത് എല്ലാ നേതാക്കള്‍ക്കും കൃത്യമായ ഇടമുണ്ട്. ഇനി ഒരു വിഭാഗിയതയ്ക്ക് കൂടി കോണ്‍ഗ്രസിന് ബാല്യമില്ല. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഒരു ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സതീശന്‍ വ്യക്തമാക്കിയത്. നിലപാട് പരസ്യമാക്കിയിട്ടില്ലെങ്കിലും എ ഗ്രൂപ്പിന്റെ മാനസിക പിന്തുണ തരൂരിനുണ്ട്. വിവാദം അനാവശ്യമായിരുന്നുവെന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. പ്രവര്‍ത്തകരുടെ വികാരം തിരിച്ചറിഞ്ഞാകണം തരൂരിനെതിരെയുള്ള പ്രതികരണമൊന്നും കെ .സുധകാരന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

അതേസമയം തരൂരിന്റെ മലബാര്‍ പര്യടനത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍ പാണക്കാട്ടെത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ തരൂരിനെ സ്വീകരിക്കാനെത്തിയിരുന്നു. എം കെ രാഘവന്‍ എംപിയും ഒപ്പമുണ്ടായിരുന്നു. തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് ഗുണം ചെയ്‌തേക്കുമെന്നാണ് ലീഗിന്. എന്നാല്‍ ലീഗുമായുള്ള തരൂരിന്റെ സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നം ചര്‍ച്ച ചെയ്തില്ലെന്നും അത്തരമൊരു പതിവ് ലീഗിനില്ലെന്നുമാണ് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Tariq anwar shashi tharoor congress