എല്ലാ ഹർത്താലുകളിൽ നിന്നും ഒഴിവാക്കപ്പെടുന്ന ചിലതുണ്ട്. പത്രം, പാൽ, ആശുപത്രി തുടങ്ങിയവ. അവശ്യ സർവീസ് എന്ന പരിഗണനയാാണ് ഇവയ്ക്ക് എല്ലാം ലഭിക്കുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് കാലമായി ജീവനുമായി പായുന്ന ആംബുലൻസുകളാണ് ഹർത്താലനുകൂലികളുടെ അക്രമത്തിന്റെ പ്രധാന ഇരകളാകുന്നത്. തലനാരിഴയ്ക്കാണ് ഹർത്താലനുകൂലികളുടെ അക്രമങ്ങളിൽപെട്ട ഈ വാഹനങ്ങളിലെ ജീവനുകൾ രക്ഷപ്പെട്ടത്. വാഹനങ്ങൾക്കു നേരെ നടക്കുന്ന അക്രമത്തിന് ഡ്രൈവർമാത്രമല്ല, വാഹനത്തിനൊപ്പമുളള ആരോഗ്യ പ്രവർത്തകരും രോഗിയും കൂട്ടിരിപ്പുകാരും ഇരയാകുന്ന സാഹചര്യത്തിലേയ്ക്ക് വരെ കാര്യങ്ങളെത്തി.

കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ നടന്ന ഹർത്താലുകളിൽ എട്ട് ആംബുലൻസുകളാണ് അക്രമത്തിനിരയായത്. ഈ അപകടകരമായ സാഹചര്യം നേരിടാനാകാതെ ആംബുലൻസ് ഡ്രൈവർമാർ ഹർത്താൽ ദിനങ്ങളിൽ നിന്നും സർവീസ്  ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തെ കുറിച്ച് ആംബുലൻസ് ഡ്രൈവർമാരും കേരളത്തിലെ രാഷ്ട്രീയ നേതാക്കളും തങ്ങളുടെ നിലപാട് ഐ ഇ മലയാളത്തിലൂടെ വ്യക്തമാക്കുന്നു.

ഈ വർഷം മാർച്ച് മുതൽ ഇതുവരെ നടന്ന ഹർത്താലുമായി ബന്ധപ്പെട്ട് എട്ട് ആംബുലൻസുകളാണ് സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. അവസാന ഹർത്താലിൽ മാത്രം രണ്ട് ആംബുലൻസുകൾക്കെതിരായ ആക്രമണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒന്ന് രജിസ്റ്റർ ചെയ്യാതെ പോവുകയും ചെയ്തുവെന്നത് ആംബുലൻസ് ഡ്രൈവേഴ്സ് ആന്റ് ടെക്നീഷ്യൻസ് അസോസിയേഷന്റെ കണക്കാണ്.

Bjp rokers, RSS Wrokers, Murder BJP, Murder RSS, പരിയാരം മെഡിക്കൽ കോളേജ് ആക്രമണം, ബിജെപി പ്രവർത്തകരുടെ അക്രമം, ബിജെപി ആക്രമണം, ആർഎസ്എസ് ആക്രമണം, പരിയാരം മെഡിക്കൽ കോളേജിനെതിരായ ആക്രമണം

പരിയാരം മെഡിക്കൽ കോളേജിലെ ആംബുലൻസ് ആർഎസ്എസ് പ്രവർത്തകർ തകർത്ത ശേഷം

ആംബുലൻസുകൾ ആക്രമിക്കപ്പെടുന്നത് അടുത്തകാലത്തായി ഒരു പതിവായി മാറിയിരിക്കുകയാണ്. ഹർത്താലുകൾക്കിടയിൽ  മാധ്യമങ്ങളിൽ നിന്ന് വലിയ തോതിലുള്ള മാധ്യമ കവറേജ് ലഭിക്കാൻ ആംബുലൻസുകൾക്കെതിരായ ആക്രമണങ്ങൾ സഹായിക്കുമെന്നാണ് അസോസിയേഷന്റെ ഭാരവാഹികൾ പറയുന്നത്.

Also Read: ഇനി ഹർത്താൽ ദിനത്തിൽ ആംബുലൻസുകളും പണിമുടക്കും

“ഇത് ഈ അടുത്ത കാലത്ത് തുടങ്ങിയ ശീലമാണ്. മരണവവേഗത്തിലാണ് ആംബുലൻസുകൾ പായുന്നത്. ഹർത്താൽ ദിവസത്തിലൊക്കെ ആക്രമിക്കപ്പെടില്ലെന്ന ധൈര്യത്തിൽ കൂടുതൽ വേഗത്തിലാവും വണ്ടി പോകുന്നത്. അപ്പോഴാവും ഒരു കല്ല് മുന്നിലെ ഗ്ലാസിൽ കൊള്ളുന്നത്. വണ്ടിയുടെ നിയന്ത്രണം പോകാൻ അത് ധാരാളം. ആംബുലൻസ് ഡ്രൈവറുടെ മാത്രമല്ല, വണ്ടിയിലുള്ള രോഗിയുടേയും ബന്ധുക്കളുടെയും ജീവനും കൂടി അപകടത്തിലാകും”, ആംബുലൻസ് ഡ്രൈവേഴ്സ് ആന്റ് ടെക്നീഷ്യൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അജിൽ വ്യക്തമാക്കി.

ഇടതു മുന്നണി കൺവീനർ വൈക്കം വിശ്വൻ

ഇത്തരമൊരു സാഹചര്യം എങ്ങിനെ ഉണ്ടായെന്ന് അറിയില്ലെന്നാണ് ഇടതുമുന്നണി കൺവീനറായ വൈക്കം വിശ്വൻ പ്രതികരിച്ചത്. “ഇതൊരു തെറ്റായ സമീപനമാണ്. പണ്ടുമുതൽക്കേ ഹർത്താലിൽ നിന്ന് പാലും പത്രവും ആശുപത്രികളും ഒഴിവാക്കിയതാണ്. ഇവയെ ആക്രമിക്കുന്ന പതിവില്ല. ഈയടുത്ത കാലത്താണ് ഇത്തരം പ്രവണതകൾ കണ്ടു തുടങ്ങിയത്. ഇടതുപക്ഷത്തിന്റെ പ്രവർത്തകരായാലും ബിജെപിയുടെ പ്രവർത്തകരായാലും യുഡിഎഫിന്റെ പ്രർത്തകരായാലും ശരി, ഇത് ചെയ്യരുത്,” വൈക്കം വിശ്വൻ ഇടതു മുന്നണിയുടെ നിലപാട് വിശദീകരിച്ചു.

തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കൊല്ലപ്പെട്ടതിനെ തുടർന്നാണ്  ബിജെപി സംസ്ഥാനവ്യാപകമായി കഴിഞ്ഞ ദിവസം ഹർത്താൽ നടത്തിയത്. ഇതിനിടെയാണ് പാലക്കാടും കൊല്ലത്തുമായി ആംബുലൻസുകൾക്കെതിരെ ആക്രമണം നടന്നത്. കൊല്ലത്ത് ആംബുലൻസിന്റെ മുൻവശത്തെ ഗ്ലാസ് എറിഞ്ഞുതകർത്തപ്പോൾ. പാലക്കാട് ആംബുലൻസിന്റെ നാല് വശവും പെയിന്റിളക്കി കേടുപാട് വരുത്തി. കണ്ണൂരിൽ നടന്ന ആക്രമണം പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.

ambulance, hartal

പരിയാരം മെഡിക്കൽ കോളേജിലായിരുന്നു ആദ്യത്തെ ആംബുലൻസ് ആക്രമണം ഈ വർഷം നടന്നത്. പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ ബിജുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചവരാണ് ആംബുലൻസ് അടിച്ചു തകർത്തത്. മെയ് 13 നായിരുന്നു ഈ ആക്രമണം.

ഈ വർഷം ഇതുവരെ 92 ഹർത്താലുകളാണ് സംസ്ഥാനത്ത് നടന്നത്. അതിൽ തന്നെ രണ്ടെണ്ണം സംസ്ഥാന വ്യാപകമായിരുന്നു. ഒന്ന് യുഡിഎഫിന്റെ നേതൃത്വത്തിലായിരുന്നു. ബിജെപി നേതൃത്വത്തിൽ നടന്ന ഹർത്താലിലാണ് അവസാനമായി മൂന്ന് ആംബുലൻസുകൾ ആക്രമിക്കപ്പെട്ടത്. 2016 ൽ സംസ്ഥാന വ്യാപകമായി നടന്ന മൂന്ന് ഹർത്താലടക്കം 360 ഹർത്താലുകളാണ് നടന്നത്. ഇതിൽ തന്നെ 180 എണ്ണം ജില്ല തലത്തിലും അസംബ്ലി തലത്തിലും നടന്ന ഹർത്താലുകളാണ്. ഹർത്താൽ ദിവസങ്ങളിൽ യാത്രാസഹായമൊരുക്കുന്ന ‘സേ നോ ടു ഹർത്താൽ’ സന്നദ്ധ സംഘടനയുടെ സ്ഥാപകനായ രാജു പി. നായർ നൽകിയ കണക്കുകളാണ് ഇവ.

ambulance, hartal

ഈയൊരു സാഹചര്യത്തിലാണ് ഇനിയും ഇത്തരം ആക്രമണങ്ങൾക്ക് ഇരയാകേണ്ടതില്ലെന്ന തീരുമാനം ആംബുലൻസ് ഡ്രൈവർമാർ കൈക്കൊണ്ടത്. അക്രമം ഇനിയും തുടർന്നാൽ ഹർത്താൽ ദിവസങ്ങളിൽ അത്യാവശ്യ സർവ്വീസുകളേ നടത്തൂ എന്ന് ആംബുലൻസ് ഡ്രൈവർമാരുടെ സംഘടന തീരുമാനിച്ചത്.

“ഇതൊരു മുന്നറിയിപ്പായി മാത്രമാണ് ഞങ്ങൾ പറഞ്ഞത്. ആംബുലൻസ് സർവ്വീസ് നിർത്തിയാൽ അത് സാധാരണക്കാരായ രോഗികളെയാണ് ബാധിക്കുകയെന്ന് ഞങ്ങൾക്ക് നന്നായി അറിയാം,” ആംബുലൻസ് ഡ്രൈവേഴ്സ് ആന്റ് ടെക്നീഷ്യൻസ് അസോസിയേഷന്റെ മറ്റൊരു നേതാവ് റിയാസ് ചൂണ്ടേക്കാട്ടിൽ വ്യക്തമാക്കി. “ആശുപത്രികളെ പോലെയല്ല സ്വകാര്യ വ്യക്തികളുടെ ആംബുലൻസ് പ്രവർത്തിക്കുന്നത്. ഹർത്താൽ ദിനത്തിലൊക്കെ ആക്രമിക്കപ്പെട്ടാൽ സ്വന്തം കൈയ്യിൽ നിന്ന് പണമിറക്കി നന്നാക്കണം. വലിയ ബാധ്യതയാണ് ഇതുവഴി വരുന്നത്,” അദ്ദേഹം ചൂണ്ടിക്കാട്ടി.

വി.മുരളീധരൻ

ഇക്കഴിഞ്ഞ ജൂലൈ 30 ന് നടന്ന ബിജെപി ഹർത്താലിനിടെ ആംബുലൻസുകൾ ആക്രമിക്കപ്പെട്ട കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ബിജെപി നേതാവ് വി.മുരളീധരൻ പറഞ്ഞു. “ഇത്തരം അക്രമങ്ങളെ ബിജെപി അനുകൂലിക്കുന്നില്ല. ഹർത്താലിൽ പങ്കെടുക്കേണ്ടാത്തവർക്ക് സഞ്ചാര സ്വാതന്ത്രം ഞങ്ങൾ അനുവദിക്കുന്നുണ്ട്. അകക്രമങ്ങൾ നിയന്ത്രിക്കേണ്ടതും സുരക്ഷയൊരുക്കേണ്ടതും പൊലീസാണ്. പക്ഷെ കേരളത്തിലെ പൊലീസിന് മനോബലം നഷ്ടപ്പെട്ടിരിക്കുന്ന സ്ഥിതിയാണ്,” മുരളീധരൻ കൂട്ടിച്ചേർത്തു.

ആക്രമണങ്ങൾ തുടർന്നാൽ ഇന്നു നടത്തുന്ന വിധത്തിൽ സർവ്വീസ് നടത്തേണ്ടതില്ലെന്ന ധാരണയിലാണ് ആംബുലൻസ് ഡ്രൈവേഴ്സ് ആന്റ് ടെക്നീഷ്യൻസ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ മൃതദേഹങ്ങൾ ഹർത്താൽ സമയത്ത് കൊണ്ടുപോകേണ്ടതില്ലെന്നും, ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളെ ഹർത്താൽ സമയം കഴിഞ്ഞ് മാത്രം ആശുപത്രി മാറ്റാമെന്നുമുള്ള തീരുമാനങ്ങൾ ഉണ്ട്. അതായത്, ഹർത്താൽ ദിവസങ്ങളിൽ മരണാസന്നരായി കിടക്കുന്ന രോഗികൾക്കൊഴിച്ച് മറ്റാർക്കും ആംബുലൻസ് സൗകര്യം ലഭിക്കില്ലെന്നർത്ഥം.

പി.പി.തങ്കച്ചൻ

പക്ഷെ, ഈ കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിനല്ല, പ്രാദേശിക നേതൃത്വങ്ങൾക്കാണ് കൂടുതൽ ഉത്തരവാദിത്വം എന്നാണ് യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ പറഞ്ഞത്. “പണ്ടു മുതലേ ഇക്കാര്യം എല്ലാവർക്കും അറിയുന്നതാണ്. ഒറ്റപ്പെട്ട നിലയിൽ മാത്രമാണ് ആക്രമണം നടക്കുന്നത്. രോഗികൾക്ക് നേരെ ആക്രമണം നടത്തുന്നത് സാമൂഹ്യ വിരുദ്ധരാണ്. ഇത്തരം അക്രമ ശ്രമങ്ങൾ ഒഴിവാക്കാൻ പ്രാദേശിക തലത്തിലാണ് കൂടുതൽ ഉത്തരവാദിത്തതോടെയും ജാഗ്രതയോടെയും പ്രവർത്തിക്കേണ്ടത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സൻ

ഹർത്താലേ വേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെപിസിസി അദ്ധ്യക്ഷൻ എംഎം ഹസ്സൻ പറഞ്ഞു. “എന്നാൽ ഇതൊഴിച്ചുകൂടാനാകാത്ത ഒരു സമരമാർഗ്ഗമാണ്. ഹർത്താലുകൾ അവസാനത്തെ സാധ്യതയായി മാത്രമേ ഉപയോഗിക്കാവൂ. പൊലീസ് അതിക്രമങ്ങൾക്കും മറ്റും ഹർത്താൽ ഇനി നടത്തില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഈ നിലയിലേക്ക് ഇതര രാഷ്ട്രീയ പാർട്ടികളും മുന്നോട്ട് വരണം. മാത്രമല്ല, ആംബുലൻസുകളും ആശുപത്രികളിലേക്കുള്ള രോഗികളുമായി പോകുന്ന വാഹനങ്ങളും ആക്രമിക്കപ്പെടുന്നത് തടയാൻ പ്രത്യേക നിർദ്ദേശവും താഴേത്തലങ്ങളിൽ നൽകാൻ സംസ്ഥാന നേതാക്കൾ തയ്യാറാകണം,”ഹസ്സൻ തന്റെ അഭിപ്രായം വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

ഹർത്താലുകളിൽ ആംബുലൻസുകളെ ആക്രമിക്കുന്ന പ്രവണത സിപിഎമ്മിന് ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. “മുൻ കാലങ്ങൾ മുതലേ സിപിഎം നേതൃത്വം നൽകിയ ഹർത്താലുകളിലൊന്നും ഇത്തരത്തിൽ ആംബുലൻസുകളെ ആക്രമിച്ചിരുന്നില്ല. ഒരു വാഹനവും ആക്രമിക്കരുതെന്നതാണ് ഞങ്ങളുടെ നിലപാട്. ആംബുലൻസ് ഡ്രൈവർമാർ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്. സിപിഎം ഇത്തരം ആക്രമങ്ങളെ ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇനി ചെയ്യുകയുമില്ല,”  അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾ എല്ലാവരും ഒന്നടങ്കം ഈ അതിക്രമങ്ങളെ അപലപിക്കുമ്പോഴും പൊലീസിന് അക്രമികളെ പിടികൂടാനാകുന്നില്ലെന്നതാണ് മറ്റൊരു വശം. ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് കേസുകളിൽ നടപടികൾ എപ്പോഴും കടലാസിൽ ഒതുങ്ങുന്നുവെന്ന പരാതി അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായ അജിൽ പറഞ്ഞു. പൊലീസ് സംരക്ഷണയിൽ മാത്രമേ ഇനി ഹർത്താൽ ദിനത്തിൽ സർവ്വീസ് നടത്തുകയുള്ളൂവെന്ന തീരുമാനവും ഇതിന്റെ പശ്ചാത്തലത്തിലാണ്.

എം.സ്വരാജ് എം.എൽ.എ

“മനുഷ്യത്വമുള്ളവർ ആംബുലൻസുകളെ ആക്രമിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം.സ്വരാജ് പറഞ്ഞു. “ആർഎസ്എസും ബിജെപിയും നടത്തിയ ഹർത്താലുകൾക്കിടയിലാണ് ആംബുലൻസുകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടത്. ഭീകര സംഘടനയെ പോലെയാണ് ഇവരുടെ ഇടപെടൽ. ഒരു വാഹനവും ആക്രമിക്കപ്പെടരുതെന്നാണ് ഡിവൈഎഫ്ഐയുടെ നിലപാട്. ഇനിയും ഹർത്താലുകൾക്കിടയിൽ ഇത്തരം അതിക്രമങ്ങൾ തുടർന്നാൽ ആംബുലൻസുകൾക്ക് സംരക്ഷണം നൽകുന്ന കാര്യം ഡിവൈഎഫ്ഐ ആലോചിക്കും,” സ്വരാജ് വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ഡീൻ കുര്യാക്കോസ്

തീർത്തും ജനാധിപത്യ വിരുദ്ധമായ കാര്യമാണ് ആംബുലൻസുകൾക്കെതിരായ അതിക്രമങ്ങളെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡീൻ കുര്യാക്കോസ് അഭിപ്രായപ്പെട്ടു. “സർക്കാരാണ് ആംബുലൻസുകൾക്ക് ഇത്തരം ഘട്ടങ്ങളിൽ സുരക്ഷയൊരുക്കേണ്ടത്. മുൻപില്ലാത്ത വിധം ആംബുലൻസുകൾക്കെതിരെ അതിക്രമങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും,” ഡീൻ അഭിപ്രായപ്പെട്ടു.

യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.പ്രകാശ് ബാബു

രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനുമെല്ലാം അപ്പുറത്ത് ഒറ്റക്കെട്ടായി എതിർക്കേണ്ടതാണ് ആംബുലൻസുകൾക്കെതിരായ അതിക്രമങ്ങൾ എന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു. “ബിജെപിയുടെ ഹർത്താലിനിടെ ഇത്തരം അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഇത് ആവർത്തിക്കാതിരിക്കാനുള്ള ഇടപെടൽ നടത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ മനുഷ്യജീവനാണ് വലുത്. മനുഷ്യത്വപരമായി രാഷ്ട്രീയത്തിനതീതമായുള്ള ഇടപെടൽ എല്ലാ ഭാഗത്ത് നിന്നും ഉയർന്നുവരണം”, പ്രകാശ് ബാബു പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.