മലപ്പുറം: താനൂരിൽ സ്വകാര്യ ബസ് മേൽ പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ് 15 പേർക്ക് പരിക്ക്. തിരൂരില്‍നിന്ന് താനൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് ദേവദാർ റെയിൽവേ മേൽ പാലത്തിൽ വച്ച് നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞത്.
ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ബസ് മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടെ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് അപകടത്തിൽപെടുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.
പാലത്തിന്റെ ഉയരം കുറഞ്ഞ ഭാഗത്തിൽനിന്നാണ് ബസ് മറിഞ്ഞതെന്നത് അപകടത്തിന്റെ ആഘാതം കുറച്ചു. പരിക്കേറ്റ യാത്രക്കാരെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
ബസ് പൂർണമായും മറിഞ്ഞിരുന്നു. യാത്രക്കാർ ബസ്സിനടിയിൽ കുടുങ്ങിയോ എന്ന സംശയം വന്നതോടെ ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി പരിശോധിക്കുകയും ആരും ബസ്സിനടിയിൽ പെട്ടുപോയിട്ടില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു.