താനൂർ (മലപ്പുറം): ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം ജില്ലയിലെ താനൂര്‍ തീരദേശ മേഖലയില്‍ വീണ്ടും സംഘര്‍ഷം. ഒരു വര്‍ഷത്തോളമായി ഇവിടെ നിലനില്‍ക്കുന്ന മുസ്‌ലിം ലീഗ്- സിപിഎം രാഷ്ട്രീയ പോരിന്റെ ഭാഗമായാണ് ഞായറാഴ്ച രാത്രി താനൂരിലെ ചാപ്പപടി, കോര്‍മന്‍ കടപ്പുറം പ്രദേശങ്ങളില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് താനൂരില്‍ നിന്നും സമീപ സ്റ്റേഷനുകളില്‍ നിന്നും എത്തിയ പൊലീസിനു നേര്‍ക്കും കനത്ത ആക്രമണമുണ്ടായി. ആക്രമികളെ തുരത്താന്‍ പൊലീസിനു മൂന്ന് റൗണ്ട് ആകാശത്തേക്ക് വെടിയുതിര്‍ക്കേണ്ടി വന്നു. എങ്കിലും രാത്രി വൈകിയും സംഘര്‍ഷങ്ങള്‍ക്ക് അയവുണ്ടായിരുന്നില്ല. തിങ്കളാഴ്ച പകലോടെ തൃശൂരില്‍ നിന്നും പാലക്കാട്ടു നിന്നും അധിക സേനയെ എത്തിച്ച് പ്രശ്‌നബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചു. ഇതിനുപിന്നാലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടായിട്ടുണ്ട്.

അക്രമത്തിൽ തകർത്ത ലോറി

ഓട്ടോറിക്ഷകള്‍, ബൈക്കുകള്‍, കാറുകള്‍, ലോറികള്‍ എന്നിവ ഉള്‍പ്പെടെ നൂറോളം വാഹനങ്ങളാണ് പ്രദേശത്ത് ആക്രമിക്കപ്പെട്ടത്. 120-ഓളം വീടുകള്‍ക്ക് ഭാഗികമായി നശിപ്പിക്കപ്പെട്ടു. പത്തോളം വീടുകള്‍ ഏതാണ്ട് പൂര്‍ണമായി തീയിട്ടു നശിപ്പിച്ചിട്ടുണ്ട്. വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബേറ് ഉണ്ടായതായി പറയപ്പെടുന്നുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ചാപ്പപ്പടി, കോര്‍മന്‍ കടപ്പുറം, ഒട്ടുംപുറം, കമ്പനിപ്പടി എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന നാലു കിലോമീറ്റര്‍ ചുറ്റളവിലുള്ള തീരദേശ മേഖലയിലാണ് കനത്ത സംഘര്‍ഷമുണ്ടായത്. ഇതേ സമയം ഈ പ്രദേശത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ പൊലീസ് അടിച്ചുതകര്‍ത്തതായി പ്രദേശവാസികള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

അക്രമികൾ തകർത്ത ഓട്ടോറിക്ഷ

അക്രമസംഭവങ്ങളില്‍ 25-ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുതരമല്ല. പെലീസിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ തിരൂര്‍, താനൂര്‍ സിഐമാര്‍, താനൂര്‍ എസ്.ഐ, നാലു എ.എസ്.ഐമാര്‍ എന്നിവരുള്‍പ്പെടെ 12 പൊലീസുദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഘര്‍ഷ ബാധിത പ്രദേശത്ത് പൊലീസ് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 200 പൊലീസുകാരെ പട്രോളിങ്ങിനും പിക്കറ്റിങ്ങിനുമായി വിന്യസിച്ചിട്ടുണ്ട്. മൂന്ന് ഡിവൈഎസ്‌പിമാര്‍, അഞ്ച് സിഐമാര്‍, ആറ് എസ്ഐമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

അക്രമികൾ തീയിട്ട് നശിപ്പിച്ച മത്സ്യബന്ധന വല

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ പ്രദേശത്ത് ഒരു പ്രകോപനവുമില്ലാതെ തങ്ങള്‍ക്കു നേരെയും ശക്തമായ ആക്രമണം നടക്കുന്നതായി എസ്.വൈ.എസ് പ്രാദേശിക നേതാവ് പറഞ്ഞു. കാന്തപുരം വിഭാഗം സുന്നി സംഘടനകളായ എസ്.വൈഎസ്, കേരള മുസ്‌ലിം ജമാഅത്ത്, എസ്.എസ്.എഫ് എന്നീ സംഘടനകളുടെ ഓഫീസ് ഞായറാഴ്ച രാത്രി പൂര്‍ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഓഫീസിനു സമീപം സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപ വിലവരുന്ന മത്സ്യബന്ധന വല പൂര്‍ണമായി തീയിട്ടു നശിപ്പിച്ചു. പ്രദേശത്ത് സിപിഎമ്മിനേക്കാള്‍ അംഗബലമുള്ള തങ്ങളെ ആസൂത്രിതമായി മുസ്‌ലിം ലീഗ് ആക്രമിക്കുന്നതായും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പ്രാദേശിക നേതാവ് ആരോപിച്ചു.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് താനൂര്‍ തീരദേശ മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായത്. മാസങ്ങളുടെ ഇടവേളകളില്‍ ഇവിടെ കനത്ത സംഘര്‍ഷങ്ങള്‍ പതിവായിരിക്കുകയാണ്. നേരത്തെ പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ നടന്ന സമാധാന ശ്രമങ്ങള്‍ ഒരു പരിധി വരെ ഫലം ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം നിലച്ച മട്ടാണ്. മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രമായിരുന്ന താനൂര്‍ മണ്ഡലം എല്‍ഡിഎഫ് പിടിച്ചെടുത്തതോടെയാണ് സംഘര്‍ഷാവസ്ഥ രൂക്ഷമായത്. തുടര്‍ച്ചയായുണ്ടായ ആക്രമണങ്ങളില്‍ നിരവധി സിപിഎം, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും അവരുടെ വീടുകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ