scorecardresearch

താനൂര്‍ ബോട്ടപകടം; ബോട്ടുടമ നാസര്‍ അറസ്റ്റില്‍

അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു

Nazar,boat accident
Nazar

മലപ്പുറം: താനൂരിലെ ബോട്ടപകടത്തില്‍ ‘അറ്റ്ലാന്റിക്’ ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ താനൂരില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. അല്‍പസമയത്തിനകം പ്രതിയെ താനൂര്‍ സ്റ്റേഷനില്‍ എത്തിക്കും. നാസറിന്റെ ഉടമസ്ഥതിയിലുള്ള കാര്‍ നേരത്തെ കൊച്ചിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കാറില്‍ നിന്നും നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. ഹൈക്കോടതിയില്‍നിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. ഇവരില്‍ നിന്നും നാസറിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനമായി. അടിയന്തരമായി ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതുവരെ അപകടത്തില്‍ 22 പേരാണ് മരണപ്പെട്ടത്. എട്ട് പേര്‍ ചികിത്സയിലും കഴിയുന്നുണ്ട്. രണ്ട് പേര്‍ ആശുപത്രി വിട്ടതായും മുഖ്യമന്ത്രി അറിയിച്ചു.

ജുഡീഷ്യല്‍ അന്വേഷണത്തിന് പുറമെ, പ്രത്യേക പൊലീസ് സംഘവും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്‌പെപെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചുകൊണ്ടുള്ള പൊലീസ് അന്വേഷണമാകും നടത്തുക. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുക.

ബോട്ടുദുരന്തത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയറും പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണം. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.മേയ് 19-ന് തിരൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Tanur boat accident boat owner nazar taken in to custody