തിരുവനന്തപുരം: താനൂർ അക്രമത്തെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹളം. താനൂർ വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എൻ.ഷംസുദ്ദീനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. പൊലീസും സിപിഎമ്മും ചേർന്ന് ലീഗിനെയും യുഡിഎഫിനെയും ഇല്ലാതാക്കാനുളള ശ്രമമാണ് താനൂരിൽ നടക്കുന്നതെന്നും സ്ത്രീകളെ തിരഞ്ഞു പിടിച്ച് അക്രമിക്കുന്നുവെന്നും ഷംസുദ്ദീൻ ആരോപിച്ചു.

Read More: താനൂർ സമാധാനത്തിലേക്ക് മടങ്ങുന്നു: ലീഗ് – സിപിഎം സംഘർഷത്തിന് അയവ്

ഇതിനു മറുപടിയായി സ്ഥലം എംഎൽഎ വി.അബ്ദുറഹ്മാൻ നൽകിയ മറുപടിയാണ് പ്രതിപക്ഷത്തെ പ്രകോപ്പിച്ചത്. സ്ത്രീകളെ വസ്ത്രാക്ഷേപം ചെയ്യുന്ന പാരന്പര്യമുളള പാർട്ടിയാണ് മുസ്‌ലിം ലീഗെന്നും താനൂർ അക്രമത്തിനു പിന്നിൽ വിദേശ സഹായമുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതു കേട്ട പ്രതിപക്ഷ അംഗങ്ങൾ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റ് സഭയുടെ നടുത്തളത്തിലേക്കിറങ്ങി ബഹളം വച്ചു. സ്പീക്കർക്കെതിരെയും മുദ്രാവാക്യം വിളിച്ചു. സ്പീക്കറെ സിപിഎം വാടകയ്ക്ക് എടുത്തുവെന്നുളള പ്രതിപക്ഷത്തിന്റെ പരാമർശം കൂടുതൽ ബഹളത്തിനിടയാക്കി.

പ്രതിപക്ഷം അതിരു വിടുന്നുവെന്നും സ്പീക്കർക്കെതിരായ പരാമർശങ്ങൾ സഭയോടുളള അവഹേളനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. താനൂരിൽ ചിലർ ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയ മുഖം നോക്കാതെ ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ