കൊച്ചി: ഇരുമ്പനത്തെ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐ.ഒ.സി) പ്ലാന്റിലെ കരാർ ടാങ്കര്‍ ലോറി തൊഴിലാളികള്‍ നടത്തിവരുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്തെ മിക്ക പമ്പുകളിലും ഇന്ധനക്ഷാമം രൂക്ഷമായതായി റിപ്പോർട്ടുകൾ. ബുധനാഴ്ച ഉച്ചക്ക് ശേഷം സംസ്ഥാനത്തെ ഭൂരിഭാഗം പമ്പുകളും കാലിയായി. വ്യവസ്ഥകൾക്ക് വിരുദ്ധമായി പമ്പുടമകളുടെ ടാങ്കറുകള്‍ക്ക് അമിതമായി ലോഡ് നല്കുന്നതില് പ്രതിഷേധിച്ച് ബുധനാഴ്ചയാണ് കരാർ ടാങ്കറുകളിലെ തൊഴിലാളികൾ സമരം ആരംഭിച്ചത്.
ഐഒസിയുടെയും പമ്പുടമകളുടെയും ടാങ്കറുകള്‍ മറ്റ് പമ്പുകളിലേക്കും ഇന്ധനം കൊണ്ടുപോകാന്‍ തുടങ്ങിയതാണ് കരാര്‍ ടാങ്കര്‍ തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്. നേരത്തെ കൊണ്ടുപോയിരുന്നതിലും മൂന്നിരട്ടിയിലധികം ലോഡുകളാണ് പമ്പുടമകളുടെ ടാങ്കറുകള്‍ കൊണ്ടുപോകുന്നത്. ഇത് മൂലം കരാര്‍ ടാങ്കറുകള്‍ക്ക് വളരെ കുറഞ്ഞ ലോഡുകള്‍ മാത്രമാണ് ലഭിക്കുന്നത്. കരാര്‍ ടാങ്കറുകളിലെ തൊഴിലാളികളുടെ തൊഴില്‍ നഷ്ടത്തിനും ഇത് ഇടയാക്കുന്നുണ്ട്.
നാനൂറോളം ടാങ്കറുകള്‍ പണി മുടക്കിയിട്ടുണ്ടെങ്കിലും ഇന്ധന വിതരണം പൂര്‍ണമായി തടസ്സപ്പെട്ടിട്ടില്ല. പമ്പുടമകളുടെ ടാങ്കറുകളില്‍ കൂടുതല്‍ ഇന്ധനം വിതരണം ചെയ്ത് പ്രതിസന്ധി മറികടക്കാനാണ് ഐഒസി അധികൃതരുടെ ശ്രമം. ഐഒസി അധികൃതര്‍ ചര്‍ച്ചക്ക് തയാറാകാതെ സമരം പൊളിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കരാര്‍ ടാങ്കര്‍ തൊഴിലാളികള്‍ ആരോപിക്കുന്നത്.
അതേസമയം, ഒരുവിഭാഗം ടാങ്കര്‍ തൊഴിലാളികളുടെ പണിമുടക്ക് അന്യായമാണെന്ന് ഐ.ഒ.സി അധികൃതര്‍ അറിയിച്ചു. പണിമുടക്ക് അവസാനിപ്പിക്കാൻ ലേബര്‍ കമീഷണര്‍ വിളിച്ച യോഗത്തില്‍ ട്രക്കുടമകള്‍ പങ്കെടുക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കമ്പനി ആവശ്യപ്പെട്ടു.
Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ