കൊല്ലം: ആര്യങ്കാവില്‍ മായം കലര്‍ത്തി എന്ന സംശയത്തെ തുടര്‍ന്ന് പിടികൂടിയ പാല്‍ സൂക്ഷിച്ചിരുന്ന ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. ടാങ്കറിന്റെ അറയില്‍ സമ്മര്‍ദം ഏറിയതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. 15,300 ലിറ്റര്‍ പാല്‍ അടങ്ങിയ ലോറി കഴിഞ്ഞ ആറ് ദിവസമായി തെന്മല സ്റ്റേഷനില്‍ തുടരുകയാണ്.
ജനുവരി 11-നായിരുന്നു തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന പാല്‍ ക്ഷീര വികസന വകുപ്പ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോറി പിടിച്ചെടുത്തത്. എന്നാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ പാലില്‍ കൊഴുപ്പിന്റെ കുറവ് മാത്രമായിരുന്നു കണ്ടെത്താനായത്. ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യമുണ്ടെന്നായിരുന്നു ആദ്യ നിഗമനം.
പാല്‍ ആദ്യം പരിശോധിച്ചത് ക്ഷീര വികസന വകുപ്പിന്റെ താത്കാലിക ലാബിലായിരുന്നു. എൻഎബിഇൽ അക്രഡിറ്റേഷന്‍ ഉള്ള ലാബിൽ പരിശോധിച്ചപ്പോഴാണ് വ്യത്യസ്തമായ ഫലം ലഭിച്ചത്.
സാമ്പിള്‍ പരിശോധിക്കാന്‍ വൈകിയതാകം ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയാതെ പോയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സമാന സംശയം ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചു റാണിയും ഉന്നയിച്ചിരുന്നു. പരിശോധനയില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു.