കാസർകോട്: യാത്രക്കാരെ ഇറക്കാൻ നിർത്തിയ ബസിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി 15 പേർക്ക് പരുക്കേറ്റു. കാസർകോട് ജില്ലയിലെ പെരിയയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കാസർകോട് നിന്നും കാഞ്ഞങ്ങാടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലേക്കാണ് എതിർവശത്തു നിന്ന് വന്ന ലോറി പാഞ്ഞുകയറിയത്.

കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ അതിവേഗത്തിൽ എതിർവശത്ത് നിന്ന് വന്നതാണ് ലോറി ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടുത്തിയത്. കാറിലിടിക്കാതിരിക്കാൻ ഡ്രൈവർ ലോറി വലതുവശത്തേക്ക് വെട്ടിക്കുകയായിരുന്നു. ഈ സമയത്താണ് ഇവിടെ നിർത്തിയിട്ട ബസിൽ ലോറി ഇടിച്ചത്.

ബസ് യാത്രക്കാരായ ആയമ്പാറയിലെ മേരി (66), ബന്ധു ശാലിനി (12), കുണിയ സ്വദേശി അഷ്റഫ് (20), പെരിയ സ്വദേശികളായ രാജീവന്‍ (45), ബാലകൃഷ്ണന്‍ (53), പൂടാനം സ്വദേശിനി ഷീബ (31), ബസ് ജീവനക്കാരനായ നെല്ലിത്തറയിലെ ഗോപാലന്‍ (43), പെരിയ സ്വദേശിനി രമ്യ (31), കുണിയ സ്വദേശി യൂസഫ് (51), പെരിയ ബസാർ സ്വദേശി പ്രജിത്ത് (19), മൈലാട്ടി സ്വദേശിനി സ്നേഹ (23), പൊയിനാച്ചി സ്വദേശി ഗിരീഷ് (33), കൊളത്തൂർ സ്വദേശി ചന്ദ്രാവതി (43), രഞ്ജിത്ത് (39), ടാങ്കര്‍ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി കണ്ണന്‍ (32) എന്നിവർക്കാണ് പരുക്കേറ്റത്.

അപകടത്തിന് പിന്നാലെ ഇവരെയെല്ലാവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ വീഡിയോ ദൃശ്യം സമീപത്തെ കടയുടെ മുന്നിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ