ചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അണ്ഡകോശം നിയമവിരുദ്ധമായി വില്‍പ്പന നടത്തിയ സംഭവത്തില്‍ തമിഴ്‌നാട്ടിലെ നാല് സ്വകാര്യ ആശുപത്രികള്‍ എന്നന്നേക്കുമായി പൂട്ടാന്‍ ഉത്തരവിട്ട് തമിഴ്നാട് സര്‍ക്കാര്‍. ഈറോഡ് ജില്ലയിലെ പതിനാറുകാരിയാണു ചൂഷണത്തിനിരയായത്. കുട്ടിയെ നിര്‍ബന്ധിച്ച് പലവതണ അണ്ഡം വിറ്റതായാണു കണ്ടെത്തല്‍.
പെണ്‍കുട്ടിയെ അമ്മയുടെ പുരുഷ സുഹൃത്ത് ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുകയും അണ്ഡം പ്രദേശത്തെ നിരവധി സ്വകാര്യ ആശുപത്രികള്‍ക്കു വില്‍ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി ജൂണിലാണു തമിഴ്‌നാട് പൊലീസ് കണ്ടെത്തിയത്. പ്രായത്തില്‍ കൃത്രിമം കാണിച്ചുകൊണ്ടായിരുന്നു അണ്ഡവില്‍പ്പന.
സംഭവത്തില്‍ മെഡിക്കല്‍, റൂറല്‍ ഹെല്‍ത്ത് സര്‍വീസസ് ജോയിന്റ് ഡയറക്ടര്‍ എ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അന്വേഷണം നടത്തി ജൂലൈ ഏഴിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികള്‍ക്കെതിരായ നടപടിയെന്ന് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യന്‍ പറഞ്ഞു.
വ്യാജമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ആശുപത്രികള്‍ പ്രതികളില്‍നിന്ന് ആധാര്‍ കാര്‍ഡ് സ്വീകരിച്ചതായും അണ്ഡദാനത്തിന് ആവശ്യമായ നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി മന്ത്രി പറഞ്ഞു.
സംഭവത്തില്‍ കേരളത്തിലെയും ആന്ധ്രാപ്രദേശിലെ ഓരോന്നും തമിഴ്‌നാട്ടിലെ നാലും ഉള്‍പ്പെടെ ആറ് ആശുപത്രികള്‍ നിരീക്ഷണത്തിലാണെന്നു മന്ത്രി പറഞ്ഞു. ഈറോഡിലെയും സേലത്തെയും സുധ ഹോസ്പിറ്റല്‍, പെരുന്തുറൈയിലെ രാംപ്രസാദ് ഹോസ്പിറ്റല്‍, ഹൊസൂരിലെ വിജയ് ഹോസ്പിറ്റല്‍, തിരുവനന്തപുരത്തെ ശ്രീകൃഷ്ണ ഹോസ്പിറ്റല്‍, തിരുപ്പതിയിലെ മാതൃത്വ ഹോസ്പിറ്റല്‍ ആന്‍ഡ് ടെസ്റ്റ് ട്യൂബ് ബേബി സെന്റര്‍ എന്നിവയാണ് അവ.
ഈ ആശുപത്രികള്‍ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (റെഗുലേഷന്‍) ആക്ട്, ഐ സി എം ആര്‍, പ്രീ-കണ്‍സെപ്ഷന്‍ ആന്‍ഡ് പ്രീ-നാറ്റല്‍ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്ട്, തമിഴ്നാട് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി മന്ത്രി പറഞ്ഞു.
”വിവാഹിതരും 21-35 വയസിനിടയിലുള്ള കുറഞ്ഞത് ഒരു കുട്ടിയെങ്കിലുമുള്ള സ്ത്രീകള്‍ക്കു മാത്രമേ നിയമപ്രകാരം അണ്ഡം ദാനം ചെയ്യാന്‍ പാടുള്ളൂ. അതും ജീവിതത്തിലൊരിക്കല്‍ മാത്രം,” മന്ത്രി പറഞ്ഞു.
പൂട്ടാന്‍ ഉത്തരവിട്ട നാല് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ 15 ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യണം. തുടര്‍ന്ന് ഇവ സ്ഥിരമായി അടച്ചിടാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് ആരംഭിക്കും. തിരുവനന്തപുരത്തെയും തിരുപ്പതിയിലെയും ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആന്ധ്രാപ്രദേശ്, കേരള സര്‍ക്കാരുകളോട് ആരോഗ്യ സെക്രട്ടറി ശിപാര്‍ശ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
എ ആര്‍ ടി നിയമപ്രകാരം ആശുപത്രികള്‍ക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുമെന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ നേരിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
കുട്ടിയുടെ അമ്മ, കാമുകന്‍, ഇടപാടിലെ ഏജന്റ് എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തിരിക്കുന്നത്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ആധാര്‍ സംബന്ധിച്ച നിയമത്തിലെ 34, 35 വകുപ്പുകള്‍ പ്രകാരമാണു കേസ്.