/indian-express-malayalam/media/media_files/uploads/2021/05/sabarimala.jpg)
തമിഴ്നാട്ടിൽ ഡി എം കെ അധികാരമേൽക്കുമ്പോൾ കേരള രാഷ്ട്രീയത്തിലെ കോളിളക്കത്തിലെ ചില തരംഗങ്ങൾ അവിടെ കാണാം. കേരളത്തിലെ തിരഞ്ഞെടുപ്പിൽ ഇത്തവണയും വിഷയമാക്കാൻ കോൺഗ്രസും ബി ജെപിയും ശ്രമിച്ച പ്രധാന അജണ്ട ശബരിമലയായിരന്നു. എന്നാൽ അത് വിജയം കണ്ടില്ല. എന്നാൽ, തമിഴ് നാട്ടിൽ ഒരു ശബരിമലയുമായി ബന്ധമുള്ള വിജയം ഉണ്ടായി.
തമിഴ്നാട്ടിലെ പുതിയ ധനമന്ത്രിയും ശബരിമലയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. നിരീശ്വരവാദത്തിന് മുൻതൂക്കമുള്ള ദ്രാവിഡ മുന്നേറ്റ കഴകം എന്ന ഡി എം കെയുടെ സ്ഥാനാർത്ഥിയായി രണ്ടാം വട്ടം മധുരൈ സെൻട്രലിൽ നിന്നും ജയിച്ച പളനിവേൽ ത്യാഗരാജൻ എന്ന ധനമന്ത്രിക്ക് തലമുറകൾ നീളുന്ന ബന്ധമാണ് ശബരിലയിലേക്ക് ഉള്ളത് . രാഷ്ട്രീയക്കാരനായ പ്രൊഫഷണാലെങ്കിലും മധുര മീനാക്ഷിയുടെ ഭക്തനാണ് പി ടി ആർ എന്ന പളനിവേൽ ത്യാഗരാജൻ. . അദ്ദേഹത്തിന് ഒരുപക്ഷേ, കേരളത്തിലെ ഒരാൾക്കും അവകാശപ്പെടാനാവാത്ത ഒരു ബന്ധം ശബരിമലയുമായുണ്ട്. ആ ബന്ധം ശബരിമലയിലെ അയപ്പ വിഗ്രഹത്തിൽ നിന്ന് തുടങ്ങുന്നതാണ്. ഏതാണ്ട് 70 വർഷത്തോളം നീണ്ട ബന്ധത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണ് ഇപ്പോഴത്തെ തമിഴ് നാട് ധനമന്ത്രി.
രാഷ്ട്രീയത്തിലെന്ന പോലെ തന്നെ വിശ്വാസത്തിലും പാരമ്പര്യമാണ് പളിനിവേലിനൊപ്പമുള്ളത്. മധുരമീനാക്ഷി ക്ഷേത്രത്തിലെ കുംഭാഭിഷേകം നടത്തിയ മുത്തച്ഛനിൽ നിന്നും കൈമാറി വന്നതാണ് രാഷ്ട്രീയം പോലം ദൈവവിശ്വാസവും. ശബരിമലയുമായും കുടുംബപരമായ ബന്ധമാണ് പിടി ആറിനുള്ളത്.
ശബരിമലയും പിടിആറും ചരിത്രമിങ്ങനെ
ശബരിമല ക്ഷേത്രത്തിന് തീപിടിച്ച സംഭവം ഉണ്ടായത് 1950 ലാണ് അന്ന് തീപിടുത്തത്തിൽ ശ്രീകോവിലും മണ്ഡപവും സ്റ്റോർ മുറയിും കത്തി നശിച്ചു അയ്യപ്പവിഗ്രഹത്തിനും കേടുപാടുണ്ടായി. ഇതേ തുടർന്ന് ശബരിമല ക്ഷേത്രത്തിന്റെ ചുമതലക്കാരനായിരുന്ന പന്തളം രാജാവ് ( വിശ്വാസം അനുസരിച്ച് പന്തളം രാജാവിന്റെ എടുത്ത് വളർത്തിയ മകനാണ് അയ്യപ്പൻ) ശാന്തിക്കാരനൊപ്പം (1950ൽ മേൽശാന്തി ഉണ്ടായിരുന്നില്ല എന്നാണ് തീപിടുത്തം സംബന്ധിച്ച് അന്നത്തെ അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്) ജ്യോത്സനെ കണ്ടു. ജ്യോത്സന്റെ നിർദ്ദേശപ്രകാരം പന്തളം രാജാവ് വിഗ്രഹത്തിനായി സമീപിച്ചത് പളനിവേൽ ത്യാഗരാജന്റെ മുത്തച്ഛനെയാണ്. 1930കളിൽ മദ്രാസ് പ്രസിഡൻസിയുടെ ഭരണാധികാരിയിരുന്ന മുത്തച്ഛൻ പി ടി രാജൻ. ജസ്റ്റിസ് പാർട്ടിയുടെ നേതാവായിരുന്ന മുത്തച്ഛനാണ് 1950 ൽ ശബരിമലയിൽ പുതിയ അയ്യപ്പവിഗ്രഹം സംഭാവന ചെയ്തതെന്ന് പി ടി ആർ പറയുന്നു.
(ശബരിമലയിലേക്കുള്ള അയ്യപ്പന്റെ വിഗ്രഹവുമായി തമിഴ്നാട്ടിൽ നിന്നും 1951ൽ പി ടി രാജൻ പളനിയിൽ എത്തിയപ്പോൾ എടുത്തതെന്ന് കരുതുന്ന ചിത്രം : കടപ്പാട് ഫെയ്സ് ബുക്ക്)
Also Read: തരാനുള്ള പണം തരണം; കേന്ദ്രത്തോട് തമിഴ്നാട് ധനമന്ത്രി
കേരളത്തെ സംബന്ധിച്ച് ഏറെ കോളിളക്കമുണ്ടാക്കിയ കാലമായിരുന്നു അത്. 1950ലെ ശബരിമല ക്ഷേത്രത്തിലെ തീപിടുത്തത്തിന് ശേഷം അന്വേഷണം പ്രഖ്യാപിച്ചു. ആ അന്വേഷണം നടക്കുന്ന കാലയളവിലാണ് തിരു -കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്ന പറവൂർ ടി കെ നാരായണപിള്ളയുടെ രാജി. പിന്നീട് അധികാരത്തെലെത്തിയ സി. കേശവൻ നടത്തിയ 'ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും,' എന്ന പ്രസ്താവന ഇന്നും ചരിത്രത്തിന്റെ ഭാഗമാണ്.
ഈ ചരിത്രത്തിലാണ് പുതിയൊരു കൂട്ടിച്ചേർക്കൽ തമിഴ് നാട് ധനമന്ത്രിയിലൂടെ ഉണ്ടാകുന്നത്. ശബരിമലയും അയ്യപ്പനുമായി മറ്റൊരു ചരിത്രം കൂടി തമിഴ് നാട് ബന്ധത്തിനുണ്ട്. പന്തളം രാജവംശം എന്നത് ഇന്നത്തെ തമിഴ് നാട്ടിലെ പഴയകാലത്തെ പാണ്ഡ്യ രാജവംശത്തിലെ ഒരു കൈവഴിയാണ് എന്ന് വിശ്വസിക്കുന്നവരുണ്ട്. തമിഴകത്തെ പാണ്ഡ്യ രാജ്യത്ത് ശത്രുവിന്റെ ആക്രമണം ഉണ്ടായപ്പോൾ പ്രാണരക്ഷാർത്ഥം രക്ഷപ്പെട്ടവരിൽ ഒരുവിഭാഗം കോട്ടയത്തെ പൂഞ്ഞാറിൽ എത്തുകയും അവിടെ ആസ്ഥാനമാക്കുകയും മറ്റൊരു വിഭാഗം ഏറെ വഴികളിലൂടെ യാത്ര ചെയ്തും പല പ്രതിസന്ധികളെ നേരിട്ടും പന്തളത്ത് എത്തുകയും ചെയ്തു എന്നും അവരാണ് പന്തളം രാജവംശം എന്ന വിശ്വസിക്കുന്നവരുണ്ട്.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അതിന് ശേഷം നടന്ന തദ്ദേശതിരഞ്ഞെടുപ്പിലും കോൺഗ്രസും ബി ജെ പിയും ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കിയെങ്കിലും വിജയം കാണാനായില്ല. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച കോടതി വിധിയും അത് നടപ്പാക്കാനുള്ള സർക്കാർ തീരുമാനവുമാണ് കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തോളമായി വിവാദമായിരുന്നത്. എന്നാൽ ഇത്തരം വിവാദങ്ങളൊന്നും ഇല്ലാതിരുന്ന തമിഴ്‌നാട്ടിലാണ് ശബരിമല വിഗ്രഹാം സമർപ്പിച്ച കുടുംബത്തിലെ വ്യക്തി ജയിച്ച് മന്ത്രിയാകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.