കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളിയെ കൊലപ്പെടുത്തി വധശിക്ഷ കാത്ത് കഴിഞ്ഞ തമിഴ്നാട് സ്വദേശിയുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. പ്രതിയായ അര്‍ജുന്‍ അത്തിമുത്തുവിന്റെ കുടുംബം കൊല്ലപ്പെട്ട അബ്ജുള്‍ വാജിദിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ രക്തധനം നല്‍കിയതോടെയാണ് വധശിക്ഷ റദ്ദാക്കിയത്. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലക്കാരനാണ് അത്തമുത്തു. 2013ല്‍ പെരിന്തല്‍മണ്ണ സ്വദേശിയായ അബ്ദുല്‍ വാജിദിനെ കൊലപ്പെടുത്തിയ കേസിലാണ് അത്തമുത്തു പിടിയിലായത്.
2017ല്‍ വാജിദിന്റെ രാമപുരത്തെ വീട്ടിലെത്തിയ അര്‍ജുന്റെ ഭാര്യ മാലതി മാപ്പ് ചോദിച്ചത് വാര്‍ത്തയായിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കുകയും ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്താല്‍ പ്രതിക്ക് ഇളവ് കിട്ടുമെന്ന് കോടതി അറിയിച്ചിരുന്നു. എന്നാല്‍ അന്ന് വാജിദിന്റെ ഉമ്മ മാപ്പ് നല്‍കിയെങ്കിലും രക്തധനമായ 30 ലക്ഷം രൂപ മാലതിക്ക് സമാഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ 25 ലക്ഷം രൂപ സമാഹരിച്ച് വാജിദിന്റെ കുടുംബത്തിന് നല്‍കി. അന്ന് മുനവ്വറലി ശിഹാബ് തങ്ങളുടെ വീടിന്റെ അകത്തളത്തിലായിരുന്നു ഇരുകുടുംബങ്ങളുടേയും കണ്ടുമുട്ടല്‍. അബ്ദുള്‍ വാജിദിന്റെ ഉമ്മക്കും ഭാര്യക്കുമാണ് മാലതി പണം കൈമാറിയത്. മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പിരിച്ച് നല്‍കിയ 25 ലക്ഷവും മാലതി മുന്നെ സ്വരൂപിച്ച അഞ്ചു ലക്ഷവുമടക്കം 30 ലക്ഷം രൂപയുടെ ചെക്ക് കുവൈത്തില്‍ കൊല്ലപ്പെട്ട അബ്ദുള്‍ വാജിദിന്റെ ഉമ്മയെയാണ് മാലതി ഏല്‍പ്പിച്ചത്.
തുടര്‍ന്ന് മകന്റെ കൊലപാതകിക്ക് മാപ്പ് നല്‍കിയതായും പണം സീകരിച്ചതായും ഉമ്മ അറിയിച്ചു. കാലില്‍ തൊട്ടു വണങ്ങി മാലതി അവരോട് നന്ദി പറയുകയും ചെയ്തു. കൊല്ലപ്പെട്ടയാളുടെ മകളും രംഗത്തിന് സാക്ഷിയായി ഉണ്ടായിരുന്നു. മുന്‍പ് പലതവണ മാപ്പപേക്ഷയുമായി മാലതി അബ്ദുള്‍ വാജിദിന്റെ കുടംബവുമായി ബന്ധപ്പെട്ടിരുന്നു. അബ്ദുള്‍ വാജിദിന്റെ ഭാര്യയും രണ്ട് കുട്ടികളും വളരെ മോശം അവസ്ഥയില്‍ കഴിയുകയാണെന്നും വരുമാനമില്ലാത്ത അവര്‍ക്ക് 30 ലക്ഷം രൂപ ലഭിക്കുകയാണെങ്കില്‍ ക്ഷമിക്കാന്‍ തയ്യാറാണെന്നും പിന്നീടാണ് അറിയിച്ചത്.
എന്നാല്‍ ഇത്രയും വലിയ തുക സ്വരൂപിക്കുകയെന്നത് മാലതിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മാലതിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ മുനവ്വറലി ശിഹാബ് തങ്ങള്‍ ഇതിന് പണം ശേഖരിക്കാന്‍ മുന്‍കൈയെടുത്തു.മലപ്പുറം ജില്ലയിലെ ജനങ്ങള്‍ വഴിയാണ് 25 ലക്ഷം രൂപ സമാഹരിച്ചത്. ചെന്നൈയിലുള്ള അര്‍ജുന്റെ അഭിഭാഷകന്‍ വഴി ഇത് ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. തുടര്‍ന്ന് പണം കുവൈത്ത് കോടതിയിലെത്തിച്ചു.
2013 ലാണ് സംഭവം നടന്നത്. കുവൈത്തില്‍ ക്ലീനിങ്ങ് വിസയിലെത്തിയതായിരുന്നു രാമപുരം സ്വദേശി അബ്ദുള്‍ വാജിദ്. ഇതേ കമ്പനിയിലെ ജീവനക്കാരനായിരുന്നു അര്‍ജുനും. ഇവര്‍ പരസ്പരം വഴക്കാവുകയും അബദ്ധത്തില്‍ വാജിദ് കൊല്ലപ്പെടുകയുമായിരുന്നു. ഇസ്ലാമിക ശരീഅത്ത് നിയമം അനുസരിച്ച് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ വധശിക്ഷ റദ്ദാക്കും.