കോഴിക്കോട്: സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നാളെ പ്രഖ്യാപിച്ച കട തുറക്കൽ സമരം മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയതെന്നാണ് വിവരം.
കേരളത്തിന്റെ ആവശ്യങ്ങൾക്കായി പ്രധാനമന്ത്രിയെും മന്ത്രിമാരെയും സന്ദർശിക്കാൻ പോയ മുഖ്യമന്ത്രി ഡൽഹിയിലാണുള്ളത്. അവിടെ നിന്നാണ് അദ്ദേഹം നസിറുദ്ദീനെ വിളിച്ചത്. വെള്ളിയാഴ്ച എത്തിയ ഉടൻ ചർച്ച നടത്താമെന്നും അതുവരെ കടകൾ തുറക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി നസിറുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് സംഘടനയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
സംസ്ഥാനത്ത് കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി സര്‍ക്കാര്‍ ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം നാളെ കടകള്‍ തുറക്കുമെന്നായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്.
കോഴിക്കോട് കലക്ടര്‍ ഡോ. നരസിംഹ ഗാരി തേജ് ലോഹിത റെഡ്ഡിയുമായാണു വ്യാപാരികള്‍ ചര്‍ച്ച നടത്തിയത്. മന്ത്രി എ.കെ.ശശീന്ദ്രന് ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ചര്‍ച്ചയില്‍ പങ്കെടുത്തില്ല.
പെരുന്നാള്‍ വരെ 24 മണിക്കൂറും കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നും ബാക്കി കാര്യം പിന്നീട് ചര്‍ച്ചയിലൂടെ തീരുമാനിക്കാമെന്നുമായിരുന്നു വ്യാപാരികള്‍ സര്‍ക്കാരിനു മുന്നില്‍ വച്ച നിര്‍ദേശം. എന്നാല്‍, സര്‍ക്കാര്‍ തീരുമാനം പാലിക്കണമെന്നും സമരത്തില്‍നിന്ന് പിന്മാറണമെന്ന് കലക്ടര്‍ വ്യാപാരികളെ അറിയിച്ചു. കടകൾ തുറന്നാൽ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്കി.
കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ ചര്‍ച്ചയ്ക്കു ശേഷം പറഞ്ഞിരുന്നു. കോഴിക്കോട്ടു മാത്രം തീരുമാനമെടുത്തിട്ട് കാര്യമില്ലെന്നും ചര്‍ച്ചയിലെ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് കടകള്‍ തുറക്കാന്‍ ശ്രമിച്ച വ്യാപാരികളെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച കടകള്‍ തുറക്കുമെന്നു വ്യാപാരികള്‍ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് ഇന്നു ചര്‍ച്ച നടന്നത്.
വ്യാപാരികള്‍ സ്വയം തീരുമാനിച്ച് കടകള്‍ തുറക്കുന്നതടക്കമുള്ള മാര്‍ഗങ്ങളിലേക്ക് പോവുകയാണെങ്കില്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ പറഞ്ഞിരുന്നു. ”അവരുടെ വികാരം മനസിലാക്കാന്‍ കഴിയും. ആ വികാരത്തോടൊപ്പം നില്ക്കാന് ബുദ്ധിമുട്ടില്ല. പക്ഷേ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ നേരിടേണ്ട രീതിയില്‍ നേരിടും. അത് മനസിലാക്കി കളിച്ചാല്‍ മതി. അത്രയേ പറയാനുള്ളൂ,” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
വ്യാപാരി വ്യവസായി ഏകോപന സമിതിക്കു പുറമെ, സിപിഎം നിയന്ത്രണത്തിലുള്ള കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതിയും ടിപിആറിന്റെ അടിസ്ഥാനത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്കുന്ന രീതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അശാസ്ത്രീയമായ ടിപിആര്‍ കണക്കാക്കല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വ്യവസായ സമിതി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ വികെസി മമ്മദ് കോയയുടെ നിലപാട്. കടകള്‍ തുറക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് സമിതി ഇന്ന് കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.