കൊച്ചി: വഞ്ചിയൂര്‍ കോതിയില്‍ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞ സംഭവത്തില്‍ പ്രശ്നപരിഹാരത്തിനു ചര്‍ച്ച നടത്താന്‍ തീരുമാനം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറുമായി ബാര്‍ കൗണ്‍സില്‍ ചെയര്മാന് കൂടിയായ അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകര പ്രസാദും ബാര്‍ കൗണ്‍സിലിലെ മുതിര്‍ന്ന അംഗങ്ങളും നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.
ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ നാളെ വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകരെ കാണും. തിരുവനന്തപുരം ബാര്‍ അസോസിയേഷന് നേതാക്കുമായും ചര്‍ച്ച നടത്തും.
അഞ്ചിനു വീണ്ടും ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തും. നാലിനു മുഴുവന്‍ ബാര്‍ കൗണ്‍സില്‍ ഭാരവാഹികളുടെയും യോഗം കൊച്ചിയില്‍ ചേരും. അഭിഭാഷകരും ന്യായധിപരും തമ്മിലുണ്ടായ വിഷയം രമ്യമായി പരിഹരിക്കുകയാണു ലക്ഷ്യം.
ഹൈക്കോടതി അഡ്മിനിസ്ടേറ്റീവ് കമ്മിറ്റി അംഗങ്ങളായ ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റിസുമാരായ സി.കെ.അബ്ദുള്‍ റഹിം, സി.ടി. രവികുമാര്‍, എ.എം.ഷെഫീഖ്, കെ.ഹരിലാല്‍, ബാര്‍ കൗണ്‍സില്‍ അഖിലേന്ത്യാ ഭാരവാഹി അഡ്വക്കറ്റ് എന്‍.മനോജ് കുമാര്‍, അഡ്വ: ജോസഫ് ജോണ്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Read Also: മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ട സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
അതിനിടെ, വിഷയത്തില്‍ ഹൈക്കോടതി സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷന് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍
അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും പൊതുയോഗം ചുമതലപ്പെടുത്തിയ അംഗങ്ങളും ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തും. മജിസ്ട്രേറ്റിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച തിരുവനന്തപുരം ബാര്‍ അസോസിയേഷനു യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പൊലീസ് കേസ് നടപടികള്‍ നേരിടുന്ന അഭിഭാഷകര്‍ക്കു നിയമസഹായം നല്‍കാനും അസോസിയേഷന് തീരുമാനിച്ചു.
വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം വഞ്ചിയൂര്‍ കോടതിയിലെ ഒന്നാം ക്ലാസ്
ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദീപാ മോഹന്‍ റദ്ദാക്കിയതാണ് അഭിഭാഷകരും മജിസ്ട്രേറ്റും തമ്മില്‍ തര്‍ക്കത്തിനു വഴിവച്ചത്.
തന്നെ തടഞ്ഞുവച്ചുവെന്ന മജിസ്ട്രേറ്റിന്റെ പരാതിയില്‍ നാല് ബാര്‍ അസോസിയേഷന് നേതാക്കള്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. മജിസ്ട്രേറ്റ് മര്‍ദിച്ചെന്നാരോപിച്ച്
ബാര്‍ അസോസിയേഷന് അംഗമായ വനിതാ അഭിഭാഷകയും പൊലീസില്‍
പരാതി നല്‍കിയിട്ടുണ്ട്.
മജിസ്ട്രേറ്റിനെ തടഞ്ഞതിനു നടപടി ആവശ്യപ്പെട്ട് ജുഡീഷ്യല്‍ അസോസിയേഷന് ചീഫ് ജസ്റ്റിസിനു പരാതി നല്‍കിയെങ്കിലും തുടര്‍നടപടിയിലേക്കു കടന്നിട്ടില്ല.