കോഴിക്കോട്: മിഠായിത്തെരുവില്‍ തീപിടിത്തം തുടര്‍ക്കഥയാവുമ്പോഴും സുരക്ഷാനടപടികള്‍ വാക്കുകളില്‍ മാത്രം. തീപിടിത്തം ഒഴിവാക്കാനുള്ള ഫയര്‍ഫോഴ്‌സിന്റെ മുന്‍കരുതല്‍ റിപ്പോര്‍ട്ട് ഇരുട്ടില്‍. ഫയര്‍ഫോഴ്‌സ് മേധാവിക്കും കലക്ടര്‍ക്കും ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ 2015 മേയിലാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഇടുങ്ങിയതും കെട്ടിടബാഹുല്യമുള്ളതും ജനത്തിരക്കേറിയതുമായ മിഠായിത്തെരുവില്‍ തീപിടിത്തമുണ്ടായാല്‍ ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങള്‍ക്ക് എത്തിപ്പെടാനുള്ള സൗകര്യം പരിമിതമാണ്. ഇതുകാരണം രക്ഷാപ്രവര്‍ത്തനം വൈകാനിടയാകുന്നതായും 2015ൽ നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തീയണയ്ക്കാന്‍ പലകടകളിലേക്കും കടന്നുചെല്ലാന്‍ കഴിയുന്നില്ല. ഇരുനിലകളിലുള്ള കടകള്‍ക്കു മുകളിലേക്കു പുറത്തുനിന്നു കയറാന്‍ ഓരോ കെട്ടിടത്തിലും കോണിപ്പടി നിര്‍മിക്കണം. തുണിത്തരങ്ങള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍ തുടങ്ങിയ സാധനങ്ങള്‍ കടകളില്‍ സൂക്ഷിക്കുന്നതിനു പരിധിയുണ്ടാകണം. പരിധിയില്‍ കൂടുതല്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതു തീ ആളിപ്പടരാന്‍ ഇടയാക്കും. നിശ്ചിതപരിധിയില്‍ സാധനങ്ങള്‍ സൂക്ഷിച്ചാല്‍ നഷ്ടത്തിന്റെ വ്യാപ്തി കുറയ്ക്കാം. പല കടകളിലും വയറിങ്ങുകള്‍ ശരിയായ രീതിയിലല്ല. സ്വിച്ചുകള്‍ക്കും മെയിന്‍ സ്വിച്ച് ബോര്‍ഡിനും അരികില്‍ വരെ സാധനങ്ങള്‍ കുത്തിനിറച്ചിരിക്കുകയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.
വൈദ്യുതി കണക്ഷനുകളും വയറിങ്ങും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുക, ഓരോ കടയിലും അഗ്‌നിശമന ഉപകരണങ്ങള്‍ സൂക്ഷിക്കുക. ഫയര്‍ഫോഴ്‌സ് വാഹനങ്ങളുടെ എന്‍ജിനില്‍ വെള്ളം നിറയ്ക്കാന്‍ സ്ഥാപിച്ച ഹൈഡ്രന്റുകളില്‍ വെള്ളമെത്തിക്കാനുള്ള സൗകര്യമൊരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇവ ഒന്നുപോലും രണ്ടുവര്‍ഷമായിട്ടും നടപ്പായില്ല.

 


ഇന്നലെ മോഡേണ്‍ ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സിലുണ്ടായ അഗ്നിബാധയണയ്ക്കാന്‍ കരിപ്പൂരില്‍നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അത്യാധുനിക വാഹനങ്ങള്‍ വളരെ പ്രയാസപ്പെട്ടാണു മിഠായിത്തെരുവിലെത്തിയത്. മൂന്നുനില കെട്ടിടത്തില്‍ പടര്‍ന്ന തീ മൂന്നുമണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് അണച്ചത്. കടയിലെ തുണിക്കെട്ടുകളാണു തീ പെട്ടെന്നു പടരാന്‍ കാരണമായത്. രാവിലെ പതിനൊന്നേ കാലോടെ ആരംഭിച്ച തീപിടിത്തം രണ്ടരയോടെയാണു പൂര്‍ണമായി അണച്ചത്. കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. സമീപത്തെ കടകളിലേക്കു തീപടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ഏറെ പണിപ്പെട്ടു. തീയണയ്ക്കാനായി കോഴിക്കോട്ടെയും മലപ്പുറത്തെയും 20 ഫയര്‍ഫോഴ്‌സ് യൂണിറ്റാണു മിഠായിത്തെരുവിലെത്തിയത്.
മിഠായിത്തെരുവിലെ വ്യാപാരികളും തൊഴിലാളികളുമുള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. വിവരമറിഞ്ഞെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ഏറെ ബുദ്ധിമുട്ടിയപ്പോള്‍ ദ്രുതകര്‍മസേന അഗ്നിശമനസേനയ്‌ക്കൊപ്പം സജീവമായി. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്‌നിശമനസേനാംഗം രാഹുലനു നിസാര പരുക്കേറ്റു. ഇന്നലെയുണ്ടായ തീപിടുത്തത്തിൽ ഒരു കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുളളത്.

 


ഇതു രണ്ടാം തവണയാണു മോഡേണ്‍ ടെക്‌സെ്റ്റയില്‍സ് കത്തിനശിക്കുന്നത്. 1995 ഫിബ്രവരി 17നുണ്ടായ ആദ്യ സംഭവത്തില്‍ 18 കടകള്‍ കത്തിനശിച്ചു. എട്ടുപേര്‍ മരിച്ച മിഠായിത്തെരുവ് ദുരന്തത്തിന്റെ പത്താം വാര്‍ഷികത്തിനു ഒരു മാസം മാത്രം അവശേഷിക്കെയാണ് വീണ്ടും തീപിടിത്തമുണ്ടായത്. 2007 ഏപ്രില്‍ അഞ്ചിനു രാവിലെയായിരുന്നു കേരളത്തെ നടുക്കിയ ആ ദുരന്തം. മൊയ്തീന്‍പള്ളി റോഡിലെ കേരളാ സ്‌റ്റേഷനറി മാര്‍ട്ടിലാണ് 10 കോടി രൂപയുടെ നഷ്ടത്തിനു കൂടി വഴിയൊരുക്കിയ തീപിടിത്തമുണ്ടായിരുന്നത്. കട ഉടമ കെ.പി അപ്പുട്ടിയടക്കം ഏഴു പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്. 60 പേര്‍ക്കു പരുക്കേറ്റു. ഈ പത്തു വർഷത്തിനിടയിൽ മാത്രം ചെറുതും വലുതമായി നിരവധി തവണ മിഠായിത്തെരുവിൽ തീപിടുത്തമുണ്ടായി.

സംഭവത്തെ തുടർന്ന് 25ന് കലക്‌ടർ  സുരക്ഷാ പ്രശ്നം പരിഹരിക്കുന്നതിന് യോഗം വിളിച്ചിട്ടുണ്ട്. തീപിടുത്തം അവസാനിപ്പിക്കാൻ കർശന നടപടികൾ സ്വീകരിക്കുന്നത് ചർച്ച ചെയ്യും, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വ്യാപാരികൾ എന്നിവരുടേതാണ്  യോഗം. ഈ​ നടപടികളോട് വ്യാപാരികൾ സഹകരിക്കുന്നില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്ന് കലക്‌ടറുടെ നിലപാട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ