കോട്ടയം: കാഞ്ഞിരപ്പളളിയിൽ കുടുംബസ്വത്ത് സംബന്ധിച്ച തർക്കം മൂലം വീട്ടിൽ നിന്ന് കുടിയിറക്കപ്പെട്ട അമ്മയ്‌ക്കും മകൾക്കും സഹായഹസ്‌തം. ടേക്ക് ഓഫ് സിനിമയുടെ അണിയറപ്രവർത്തകർ ഇവർക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം നൽകും. കൂടാതെ, അടിയന്തര സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 10,000 രൂപ അനുവദിച്ചു.

ടേക്ക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്‍, നിർമാതാവ് ആന്റോ ജോസഫ്, നടന്മാരായ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വ്വതി എന്നിവരാണ് കുടുംബത്തിന് സഹായ വാഗ്‌ദാനം നല്‍കിയത്.

കുടുംബസ്വത്ത് തർക്കത്തെതുടർന്ന് കോടതി ഉത്തരവ് നടപ്പിലാക്കിയതോടെയാണ് രോഗിയായ ബബിത ഷാനവാസും മകൾ സൈബ ഷാനവാസും പെരുവഴിയിലായത്. ഭർത്താവ് മരിച്ച ബബിതയും മകളും താമസിച്ചിരുന്ന വീട് ഭര്‍തൃമാതാവും ഭര്‍തൃസഹോദരനും നല്‍കിയ കേസിൽ ഉത്തരവ് വന്നതോടെയാണ് ഇവർക്ക് നഷ്‌ടപ്പെട്ടത്. വീട്ടിൽ നിന്ന് കുടിയൊഴിപ്പിച്ച ഇവരെ പൊലീസ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം, വാടകവീട്ടിലേക്ക് കുടുംബത്തെ മാറ്റാൻ നാട്ടുകാരും ശ്രമം തുടങ്ങി. കാഞ്ഞിരപ്പളളി ജമാഅത്തും പൊലീസും ചേർന്ന് ഇവർക്കായി വാടക വീട് കണ്ടെത്തിയിട്ടുണ്ട്. ബബിതയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.